കൈയ്യാലയിൽ നിന്ന് എഐ‌ വരെ!

"നാടിൻ നന്മകനേ, പൊൻമകനേ, മുത്തായവനേ'; ഫ്രീക്കായി "വല' വിരിച്ച് സ്ഥാനാർഥികൾ
election campaign of the new era has begun to be dismantled through AI

തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷനിലെ ബിജെപി സ്ഥാനാർഥികളുടെ ചുവരെഴുത്ത് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യുന്നു.

Updated on

ശരത് ഉമയനല്ലൂര്‍

തിരുവനന്തപുരം:"ഗയ്സ്... നമ്മുടെ സ്ഥാനാർഥി ദാ ഇപ്പോ "ബ്രോസി'നൊപ്പമാണുള്ളത്...''

ഇൻസ്റ്റഗ്രാമിൽ പയ്യൻസിന്‍റെ വിവരണത്തിനിടെ "നാടിൻ നന്മകനേ, പൊൻമകനേ മുത്തായവനേ' എന്ന ബീജിയമ്മിനൊപ്പം പഞ്ചായത്ത് പാലത്തിലൂടെ നടന്നു വരുന്ന സ്ഥാനാർഥി. ഈ റീലെടുക്കാൻ രണ്ടു ദിവസത്തെ റിഹേഴ്സലാണ് നടത്തിയത്!

സ്ഥാനാർഥികളെല്ലാം വോട്ട് പിടിക്കുന്ന തിരക്കിനേക്കാൾ സമയം ചെലവിടുന്നത് റീൽസെടുക്കാനാണ്. ആധുനിക സങ്കേതങ്ങളെല്ലാം പ്രയോജനപ്പെടുത്തിയാലേ വോട്ടർമാരുടെ ലൈക്ക് വീഴൂ. സ്ഥാനാർഥി സ്ലോ മോഷനിലും ഓടിയുമൊക്കെ കടന്നുവരുന്ന റീലുകൾ... കൊളാഷുകളുടെയും മൊണ്ടാഷിന്‍റെയും അതിപ്രസരം... നവയുഗ കാലത്തെ തെരഞ്ഞെടുപ്പ് പ്രചാരണം എഐ (ആർട്ടിഫിഷൽ ഇന്‍റലിജൻസ്) വഴി പൊളിച്ചുതുടങ്ങി.

സ്ഥാനാർഥിക്ക് വേണ്ടി വോട്ടഭ്യർഥന സെലിബ്രിറ്റിക‌ൾ ഏറ്റെടുത്ത് ചെറിയ റീലുകളായി മൊബൈലുകളിൽ നിന്ന് മൊബൈലുകളിലേക്ക് "കെ' കണക്കിന് ലൈക്കും ഷെയറും ഇമോജികളും വാങ്ങിക്കൂട്ടി ബഹുദൂരം മുന്നിലേക്ക്. ഇത് എഐ യുഗമാണ്. സ്ഥാനാര്‍ഥിയും ചിഹ്നവും ഒരേസമയം ഒന്നിലധികം സ്വീകരണ കേന്ദ്രങ്ങളിൽ വോട്ടര്‍മാരുടെ കൺമുന്നിൽ പ്രത്യക്ഷപ്പെടുന്ന കാലം. പ്രഖ്യാപനം വന്നയുടൻ തന്നെ വോട്ടര്‍മാരുടെ ഇടയിലേക്കു ഫെയ്സ് ബുക്ക്, വാട്സ് അപ്, ട്വിറ്റര്‍, എക്സ്, ഇൻസ്റ്റ എന്നിവ വഴി പ്രചരണം അഴിച്ചുവിടുന്നു.

കൈയ്യാലയില്‍ കുമ്മായവും കരിക്കട്ടയും കൊണ്ടു റാന്തലിന്‍റെയും മണ്ണെണ്ണ വിളക്കിന്‍റെയും വെട്ടത്തില്‍ ചുവരെഴുതി വോട്ടു പിടിച്ച കാലം ചരിത്രത്താളുകളില്‍ ഒതുങ്ങി. ന്യൂ ജെൻസിന് അതൊന്നും അറിയുകപോലുമില്ല.

വസ്തുവിന്‍റെ അതിര്‍ത്തി തിരിക്കാൻ മണ്ണു കൂട്ടി അടിച്ചൊതുക്കിഉണ്ടാക്കുന്ന കൈയ്യാലയില്‍ വെള്ള പൂശി തെങ്ങിൻ കുലയുടെ ക്ലാഞ്ഞിലി ഉപയോഗിച്ചായിരുന്നു ഏതാണ്ട് കാൽ നൂറ്റാണ്ടു മുമ്പു വരെയുള്ള ചുവരെഴുത്തുകൾ. ചുവരെഴുത്തുകൾ സ്ഥാനാര്‍ഥിയുടെ വിജയത്തില്‍ നിര്‍ണായക ഘടകമായാണ് അണികളും പാര്‍ട്ടിയും വിലയിരുത്തിയിരുന്നത്. അതിനാൽ നേരത്തേ തന്നെ കൈയ്യാലകൾ ബുക്ക് ചെയ്തിടും. അഡ്വാൻസ് കൊടുത്ത് നല്ല ആർട്ടിസ്റ്റുകളെയും കൈക്കലാക്കി വയ്ക്കും.

ഇപ്പോൾ വീണ്ടും ചുവരെഴുത്തുകൾ വ്യാപകമാവുകയാണ്. ഫ്ലക്സ് ബോർഡുകൾക്കു കർശന നിരോധനം വന്നതോടെയാണ് പഴയ രീതി തിരിച്ചുവരുന്നത്. ചെലവു കൂടുതലാണെങ്കിലും തുണിയിലെ എഴുത്തും തിരിച്ചെത്തുകയാണ്. കഴിഞ്ഞ ദിവസം ബിജെപി സ്ഥാനാർഥികളുടെ ചുവരെഴുത്ത് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേരിട്ടെത്തി ഉദ്ഘാടനം ചെയ്തു.

നാട്ടിന്‍പുറങ്ങളില്‍ പോലും കൈയ്യാലകള്‍ പടിയിറങ്ങി മതിലുകള്‍ ഇടംപിടിച്ചപ്പോള്‍ പിന്നീട് മതിലുകളില്‍ വെള്ള പൂശി എഴുതി തുടങ്ങി. പോസ്റ്ററുകള്‍ പതിച്ചു തുടങ്ങി. നീലവും റെഡ് ഓക്സൈഡുമൊക്കം കലക്കി എഴുതുന്നതു ക്രമേണ മാറി ബഹുവര്‍ണ നിറങ്ങള്‍ പതിഞ്ഞു തുടങ്ങി. അവിടെ നിന്നു ഫ്ലക്സിലേക്കു വഴിമാറിയ പ്രചാരണ യാത്ര ഇപ്പോൾ എത്തിനില്‍ക്കുന്നത് സൈബർ ചുവരുകളിൽ. ഫെയ്സ് ബുക്ക്, ട്വിറ്റര്‍, എക്സ്, ഇൻസ്റ്റ, വാട്സ്ആപ്പ്, മൈ സ്പേസ്, ബ്ലോഗ് എന്നിവ പ്രചാരം നേടുന്നതിനു മുന്‍പ് ഇന്‍റര്‍നെറ്റും ഇ- മെയിലും മൊബൈല്‍ എസ്എംഎസുമായിരുന്നു 15 വര്‍ഷത്തിനപ്പുറത്തെ തെരഞ്ഞെടുപ്പുകളില്‍ സ്ഥാനം പിടിച്ചിരുന്നത്. സ്ഥാനാര്‍ഥികളുടേതായ വിഡീയൊകള്‍ യൂ ട്യൂബ് വഴി ഷെയര്‍ ചെയ്യുന്ന രീതിയും പത്തു വര്‍ഷത്തിനിപ്പുറമാണു പ്രചാരത്തിലായത്.

ഗുജറാത്ത്, രാജസ്ഥാന്‍, ഛത്തിസ്ഗഡ്, മിസോറാം തെരഞ്ഞെടുപ്പുകളില്‍ കേരളത്തിനു മുന്‍പേ ആധുനിക സാങ്കേതിക വിദ്യകള്‍ പ്രചരണത്തിനായി ഉപയോഗിച്ചിരുന്നു. ഇപ്പോള്‍ സ്ഥാനാര്‍ഥികള്‍ ഇവന്‍റ് മാനെജ്മെന്‍റ് വിദഗ്ധരുടെയും ഡിജിറ്റല്‍ ഡിസൈനര്‍മാരുടെയും സഹായത്തോടെയാണ് സോഷ്യല്‍ മീഡിയകള്‍ വഴി പ്രചരണം നടത്തുന്നത്. കാലത്തിനൊത്തു പ്രചാരണ തന്ത്രങ്ങളും സാങ്കേതികത്വവും പുതുക്കാമെന്നും സ്വീകരിക്കാമെന്നും മുന്നണികൾ പറയു‌ന്നു. സ്ഥാനാർഥികൾക്കു വേണ്ടി മാത്രം സോഷ്യൽ മീഡിയ അക്കൗണ്ടുകളും വാട്സ്ആപ്, ടെലഗ്രാം, ഇൻസ്റ്റ ഗ്രൂപ്പുകളും ഉണ്ട്. ഇതിൽ മീഡിയ, സാദാ വോട്ടർമാർ, പ്രമുഖർ, നേതാക്കൾ, ഛോട്ടാ നേതാക്കൾ, ഒഫീഷ്യൽ തുടങ്ങി പത്തിലേറെ ഗ്രൂപ്പുകൾ വേറെയും. സ്ഥാനാർഥിയുടെ പൊതുപരിപാടികളും ഫോട്ടൊകളും അണിയിച്ചൊരുക്കി എഐ സഹായത്തോടെ വർണാഭമാക്കിയാണ് സോഷ്യൽ മീഡിയകളിൽ പോസ്റ്റുന്നത്.

മൊബൈല്‍ ഫോണ്‍ സാന്ദ്രത കൂടുതലുള്ള കേരളത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ എസ്എംഎസിലൂടെ സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി പാര്‍ട്ടിക്കാരും നേതാക്കളും വോട്ട് പിടിച്ചിരുന്നു. മെസേജുകള്‍ പൊതുജനങ്ങളുടെ ഫോണുകളില്‍ എത്തിക്കാന്‍ ഇവന്‍റ് മാനെജ്മെന്‍റ് ടീമുകള്‍ തന്നെ രംഗത്തിറങ്ങി. പിന്നീട് മാറി വാട്സ്ആപ് ഗ്രൂപ്പുകളും ചെറിയ വീഡിയൊകളും റീലുകളുമായി അവ മാറി. സ്ഥാനാര്‍ഥികള്‍ക്കൊപ്പം നിന്നു സെല്‍ഫിയെടുത്ത് പോസ്റ്റ് ചെയ്യുന്ന അനുഭാവികളും ‌പാർട്ടിക്കാരും തന്ത്രങ്ങളുടെ വേറിട്ട രീതി പരീക്ഷിക്കുന്നു. അതേസമയം "പാളിയ റീലു'കൾ എതിർവിഭാഗം "ട്രോളു'കളാക്കി മറു പോസ്റ്റും നടത്തുന്നുണ്ട്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അഴീക്കോട് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി എം.വി. നികേഷ് കുമാർ കിണറ്റിലിറങ്ങിയ വീഡിയൊയുടെ റീൽ ഏറെ വൈറലായി. ആ കിണറ്റിൽ നിന്ന് പിന്നീട് വെള്ളം കോരിക്കുടിച്ച് എതിർ സ്ഥാനാർഥി കെ.എം. ഷാജിയും വൈറലായിരുന്നു.

ഉമ്മൻ ചാണ്ടിയും ഇ.കെ. നായനാരും വി.എസ്. അച്യുതാനന്ദനും സ്വർഗത്തിൽ കണ്ടുമുട്ടുന്ന എഐ വീഡിയൊ സോഷ്യൽ മീഡിയയിൽ ഏറെ തരംഗം സൃഷ്ടിച്ചിരുന്നു. ഇങ്ങനെ എന്തും ഏതും എഐ ഉപയോഗിച്ച് പുനഃസൃഷ്ടിക്കാമെന്നതും ഭാവനയ്ക്കനുസരിച്ച് പുതുതായി നിർമിക്കാമെന്നതും എഐ സാധ്യതകൾ സ്ഥാനാർഥികൾ ശരിക്കും ഉപയോഗിക്കുന്നു. സ്ഥാനാർഥികളെ കുറിച്ചും അവരുടെ പ്രവർത്തനങ്ങളെ കുറിച്ചും കൂടുതൽ അറിയാൻ സ്ഥാനാർഥികൾക്കൊപ്പം സോഷ്യൽ മീഡിയ ലിങ്കുകളും വോട്ടർമാർക്ക് ലഭ്യമാക്കുന്നുണ്ട്.

സോഷ്യല്‍ മീഡിയകളിലെ ഭാഷ യൂണികോഡായതിനാല്‍ ലോകത്ത് എവിടെയിരുന്നും വായിക്കാം. സ്ഥാനാര്‍ഥികളുടെ വിവരങ്ങളും കാര്യക്ഷമതയും വിലയിരുത്താം. ഇതു കൂടുതല്‍ ഉപയോഗം ചെയ്യുന്നത് പ്രവാസികള്‍ക്കാണ്. വീട്ടിലുള്ളവർക്ക് ഏതു സ്ഥാനാര്‍ഥിക്കു വോട്ടു നല്‍കണമെന്ന ഉപദേശം നല്‍കാന്‍ സഹായിക്കും. വോട്ടഭ്യര്‍ഥിക്കാനും ആശയ പ്രചാരണത്തിനുമായി സോഷ്യല്‍ മീഡികള്‍ ഉപയോഗിക്കാമെങ്കിലും ഇതെല്ലാം തെരഞ്ഞെടുപ്പു കമ്മിഷന്‍റെ നിരീക്ഷണത്തില്‍പ്പെടും. എതിര്‍ സ്ഥാനാര്‍ഥികളെ വ്യക്തിപരമായി തേജോവധം ചെയ്യുകയോ, മതസൗഹാര്‍ദം തകര്‍ക്കുന്ന രീതിയില്‍ പോസ്റ്റുകളോ കമന്‍റുകളോ ഉണ്ടായാതായി പരാതി വരികയോ, വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയോ ചെയ്താൽ കമ്മിഷന് കേസെടുക്കാം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com