

തെരഞ്ഞെടുപ്പ്: നിർണായകമായി മന്ത്രിമണ്ഡലങ്ങൾ
ജിബി സദാശിവൻ
കൊച്ചി: ഭരണനേട്ടങ്ങള്‍ ഉയര്‍ത്തി മൂന്നാം തുടര്‍ ഭരണം തേടുന്ന ഇടതുമുന്നണിക്ക് മന്ത്രി മണ്ഡലങ്ങളിലെ ഫലം നിർണായകം. ഭരണവിരുദ്ധ വികാരം ശക്തമാണെന്നും മന്ത്രിമാരില്‍ 12 പേരെങ്കിലും നിയമസഭ കാണില്ലെന്നുമുള്ള പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ പ്രസ്താവനയും ഭരണ നേട്ടങ്ങളുടെ പ്രതിഫലനം വിജയമായി മാറുമെന്ന എല്‍ഡിഎഫ് പ്രതീക്ഷയും മന്ത്രി മണ്ഡലങ്ങളിലെ ഫലത്തിൽ ആകാംക്ഷ സൃഷ്ടിക്കുമെന്നുറപ്പ്.
ഇന്ത്യന്‍ സോഷ്യലിസ്റ്റ് ജനതാദള്‍ നേതാവും വൈദ്യുതി മന്ത്രിയുമായ കെ. കൃഷ്ണന്‍കുട്ടി മാത്രമാണ് മന്ത്രിമാരില്‍ മത്സരരംഗത്തില്ലാത്തത്. പാലക്കാട് ചിറ്റൂര്‍ സീറ്റ് പുതുമുഖം അഡ്വ. മുരുകദാസിന് വിട്ടുകൊടുത്താണ് 5 തവണ സഭയിലെത്തിയ കൃഷ്ണന്‍കുട്ടി മത്സരരംഗത്തു നിന്നു പിന്മാറിയത്. സിപിഎമ്മും സിപിഐയും മുഴുവന്‍ മന്ത്രിമാരെയും മത്സരിപ്പിക്കുമ്പോള്‍ മറ്റു ഘടകകക്ഷികളും മന്ത്രിമാര്‍ക്ക് അവസരം നല്‍കിയിട്ടുണ്ട്.
സര്‍ക്കാരിനെതിരേയുള്ള ജനവികാരം പ്രകടമാകുമെന്ന കണക്കുകൂട്ടലിന് പ്രമുഖ മന്ത്രിമാര്‍ക്കെതിരേ ശക്തരായ എതിരാളികളെ തന്നെയാണ് പ്രതിപക്ഷം ഇറക്കിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെ ഇടതുകോട്ടയായ ധര്‍മടത്ത് നേരിടുന്നത് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍സെക്രട്ടറി അഡ്വ. വി.പി. അബ്ദുല്‍ റഷീദാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തളിപ്പറമ്പില്‍ സിപിഎം നേതാവ് എം.വി. ഗോവിന്ദനെതിരേ മത്സരിച്ച് എല്‍ഡിഎഫ് ഭൂരിപക്ഷം പകുതിയാക്കി കുറച്ച റഷീദിലൂടെ പിണറായി വിജയന്‍റെ ഭൂരിപക്ഷം വീണ്ടും കുറയ്ക്കാന്‍ കഴിയുമെന്നാണ് യുഡിഎഫിന്‍റെ കണക്കുകൂട്ടല്‍. ഭൂരിപക്ഷം ഇനിയും കുറഞ്ഞാൽ പിണറായിക്ക് അത് വ്യക്തിപരമായി ക്ഷീണമാകും. ഭരണം കൂടി നഷ്ടപ്പെട്ടാൽ പിണറായിക്ക് നേരെ ചോദ്യങ്ങൾ ഉയരുമെന്നുറപ്പ്.
മുഖ്യമന്ത്രി ഉള്‍പ്പടെ മന്ത്രിമാരെല്ലാം സ്വന്തം മണ്ഡലത്തില്‍ തുടര്‍ച്ച തേടുമ്പോള്‍ മണ്ഡലം മാറി മത്സരിക്കുന്നത് കായിക മന്ത്രി വി. അബ്ദുറഹ്‌മാന്‍ മാത്രമാണ്. രണ്ട് തവണ പ്രതിനിധീകരിച്ച താനൂര്‍ ഉപേക്ഷിച്ച് തിരൂരില്‍ മുസ്‌ലിം ലീഗിലെ സിറ്റിങ് സിറ്റിങ് എംഎല്‍എ കുറുക്കോളി മൊയ്തിനെതിരേയാണ് മന്ത്രിയുടെ മത്സരം.
മന്ത്രിമണ്ഡലങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായി മാറുന്നത് നേമം തന്നെയാണ്. പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയെ നേരിടുന്നത് കോണ്‍ഗ്രസിന്‍റെ യുവനേതാവും മുന്‍ എംഎല്‍എയുമായ കെ.എസ്. ശബരിനാഥനും മുന്‍ കേന്ദ്രമന്ത്രിയും ബിജെപി സംസ്ഥാന പ്രസിഡന്‍റുമായ രാജീവ് ചന്ദ്രശേഖറുമാണ്. അതിനാൽ നേമത്തെ ഫലം കേരളം ഏറെ ഉറ്റുനോക്കുകയാണ്.
ബേപ്പൂരില്‍ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും മുന്‍ ഇടതുസ്വതന്ത്ര എംഎല്‍എ പി.വി. അന്‍വറും തമ്മിലുള്ള പോരാട്ടവും കൊട്ടാരക്കരയില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാലും മുന്‍ സിപിഎം എംഎല്‍എ ഐഷാ പോറ്റിയും നെടുമങ്ങാട് ഭക്ഷ്യമന്ത്രിയും സിപിഐ നേതാവുമായ ജി.ആര്‍. അനിലും മുന്‍ സിപിഐ നേതാവും യുഡിഎഫ് സ്ഥാനാര്‍ഥിയുമായ മീനാങ്കല്‍ കുമാറുമായിട്ടുള്ള മത്സരങ്ങളും ശ്രദ്ധേയമാണ്. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയെ കണ്ണൂരില്‍ നേരിടുന്നത് ശക്തനായ കോണ്‍ഗ്രസ് നേതാവ് ടി.ഒ. മോഹനനാണ്. തദ്ദേശമന്ത്രി എം.ബി. രാജേഷിനെ തൃത്താലയില്‍ കടുത്ത വെല്ലുവിളി ഉയര്‍ത്തിയിരിക്കുന്നത് കെപിസിസി വര്‍ക്കിങ് പ്രസിഡന്‍റു കൂടിയായ വി.ടി. ബല്‍റാമാണ്. കളമശേരിയില്‍ വ്യവസായ മന്ത്രി പി. രാജീവിനെ കഴിഞ്ഞ തവണ നേരിട്ട മുസ്‌ലിം ലീഗ് എറണാകുളം ജില്ലാ പ്രസിഡന്‍റും മുൻ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിന്‍റെ മകനുമായ വി.ഇ. അബ്ദുല്‍ ഗഫൂര്‍ തന്നെയാണ് നേടിരുന്നത്.
കേരള കോണ്‍ഗ്രസ് എമ്മിന്‍റെ മന്ത്രി റോഷി അഗസ്റ്റിനെതിരേ ഇടുക്കിയില്‍ ഡിസിസി പ്രസിഡന്‍റ് റോയ് കെ. പൗലോസാണ് വെല്ലുവിളി ഉയര്‍ത്തുന്നത്. ചെങ്ങന്നൂരില്‍ മന്ത്രി സജി ചെറിയാനെ കെപിസിസി സെക്രട്ടറി എബി കുര്യാക്കോസും ആറന്മുളയില്‍ മന്ത്രി വീണാ ജോര്‍ജിനെ യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിന്‍ വര്‍ക്കിയും മുതിർന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരനും നേരിടുമ്പോള്‍ പത്താനാപുരത്ത് കേരള കോൺഗ്രസ് ബി നേതാവും മന്ത്രിയുമായ കെ.ബി. ഗണേഷ്‌കുമാറും കോണ്‍ഗ്രസിലെ ജ്യോതികുമാര്‍ ചാമക്കാലയും തമ്മിലും ചടയമംഗലത്ത് മന്ത്രി ചിഞ്ചുറാണിയും എം.എം. നസീറും തമ്മിലാണ് മത്സരം. രണ്ടിടത്തും ഫോട്ടൊ ഫിനിഷ് ആകുമെന്നുറപ്പ്.
മാനന്തവാടിയില്‍ പട്ടികജാതി ക്ഷേമമന്ത്രി ഒ.ആര്‍. കേളുവിനെ കോണ്‍ഗ്രസിലെ ഉഷാ വിജയനും എലത്തൂരില്‍ എന്‍സിപിയുടെ മന്ത്രി എ.കെ. ശശീന്ദ്രനെ വിദ്യാ ബാലകൃഷ്ണനുമാണ് നേരിടുന്നത്. റവന്യൂ മന്ത്രി കെ. രാജനെ ഒല്ലുരില്‍ കോണ്‍ഗ്രസിലെ ഷാജി കോടങ്കണ്ടത്തും ഉന്നത വിദ്യാഭ്യസ മന്ത്രി ആര്‍. ബിന്ദുവിനെ ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് നേതാവ് തോമസ് ഉണ്ണിയാടനുമാണ് നേരിടുന്നത്. ചേര്‍ത്തലയില്‍ കൃഷിമന്ത്രി പി. പ്രസാദ് കോണ്‍ഗ്രസിലെ കെ.ആര്‍. രാജേന്ദ്രപ്രസാദും ഏറ്റുമാനൂരില്‍ സഹകരണ മന്ത്രി വി.എന്‍. വാസവനും കോട്ടയം ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷും തമ്മിലുമാണ് അങ്കം. ഇവരില്‍ ഏതെല്ലാം മന്ത്രിമാര്‍ തിരികെ വീണ്ടും നിയമസഭയിലെത്തുമെന്നതാണ് ഇന്ന് അറിയാനുള്ളത്.