അരുവിക്കരയിൽ മറിയുമോ? അട്ടിമറി ലക്ഷ്യമിട്ട് മുന്നണികൾ

കഴിഞ്ഞ തവണ യുഡിഎഫിൽ നിന്നും സ്റ്റീഫൻ 66,776 വോട്ട് നേടിയാണ് മണ്ഡലം എൽഡിഎഫിനൊപ്പമാക്കിയത്.
Fronts aiming for a coup at aruvikkara

വിവേക് ഗോപൻ, വി.എസ്. ശിവകുമാർ, ജി. സ്റ്റീഫൻ

Updated on

പി.ബി. ബിച്ചു

തിരുവനന്തപുരം: തലസ്ഥാന നഗരത്തിന്‍റെ ജലസംഭരണിയായി അറിയപ്പെടുന്ന അരുവിക്കരയിൽ അട്ടിമറി പ്രതീക്ഷിക്കുന്ന മുന്നണികൾ ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. യുഡിഎഫിന്‍റെ കുത്തകയായിരുന്ന ഈ മണ്ഡലം കഴിഞ്ഞ തവണ പ്രാദേശിക നേതാവായിരുന്ന ജി. സ്റ്റീഫൻ അട്ടിമറി ജയത്തോടെ ഇടതുപക്ഷത്തിനൊപ്പം ചേർത്തു. ഇതു തിരിച്ചുപിടിക്കാൻ ഇത്തവണ യുഡിഎഫ് മുൻ മന്ത്രി വി.എസ്. ശിവകുമാറിനെയാണ് നിയോഗിച്ചിരിക്കുന്നത്. ഒപ്പം മലയാളം മിനി സ്ക്രീൻ പ്രേക്ഷകർക്ക് പരിചിതനായ എന്‍ഡിഎയുടെ സ്ഥാനാര്‍ഥി നടൻ വിവേക് ഗോപനും എത്തിയതോടെ മത്സരം ചൂടുപിടിച്ചു.

കഴിഞ്ഞ തവണ യുഡിഎഫിൽ നിന്നും സ്റ്റീഫൻ 66,776 വോട്ട് നേടിയാണ് മണ്ഡലം എൽഡിഎഫിനൊപ്പമാക്കിയത്. 61,730 വോട്ട് യുഡിഎഫ് സ്ഥാനാർഥിയും സിറ്റിങ് എംഎൽഎയുമായ കെ.എസ്. ശബരീനാഥനും നേടി. അതിനാൽ ഇക്കുറി മണ്ഡലം നിലനിറുത്തേണ്ടത് എൽഡിഎഫിനും തിരിച്ചുപിടിക്കേണ്ടത് യുഡിഎഫിനും അഭിമാന പ്രശ്നമാണ്. എൻഡിഎ സ്ഥാനാർഥിയായിരുന്ന സി. ശിവൻകുട്ടി 15,379 വോട്ട് നേടിയ മണ്ഡലത്തിൽ വോട്ട് വിഹിതം വർധിപ്പിച്ചുള്ള അട്ടിമറി മുന്നേറ്റമാണ് ബിജെപിയുടെ പ്രതീക്ഷ.

സ്റ്റീഫൻ തന്നെയാണ് ഇക്കുറിയും എൽഡിഎഫിന്‍റെ സ്ഥാനാർഥി. അട്ടിമറി ലക്ഷ്യമാക്കിയാണ് തലസ്ഥാനത്തെ യുഡിഎഫിന്‍റെ ശ്രദ്ധേയ മുഖങ്ങളിൽ ഒരാളായ മുൻ മന്ത്രി കൂടിയായ ശിവകുമാറിനെ കളത്തിലിറക്കിയിരിക്കുന്നത്. എന്‍ഡിഎ സ്ഥാനാര്‍ഥി നടൻ വിവേക് ഗോപന്‍ മലയാളം മിനി സ്ക്രീൻ പ്രേക്ഷകർക്ക് പരിചിതനാണ്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കൊല്ലം ചവറ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥിയായിരുന്നു. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ "അമ്മ' കേരള സ്‌ട്രൈക്കേഴ്‌സിന്‍റെ കളിക്കാരിൽ ഒരാളാണ്. വിവേക് 2021 ഫെബ്രുവരിയിലാണ് ബിജെപിയിൽ അംഗത്വം എടുത്തത്.

1991 മുതല്‍ 2021 വരെ 30 വര്‍ഷം യുഡിഎഫിന് നിലനിര്‍ത്താനായ മണ്ഡലമാണ് അരുവിക്കര. 1991ല്‍ രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ രാഷ്‌ട്രീയ സാഹചര്യത്തിൽ ജി. കാര്‍ത്തികേയന്‍ ചെറിയൊരു ഭൂരിപക്ഷത്തിലാണ് മണ്ഡലം പിടിച്ചെടുത്തത്. കാര്‍ത്തികേയന്‍റെ മരണത്തെത്തുടർന്ന് 2015ലെ ഉപതെരഞ്ഞെടുപ്പിൽ മകന്‍ കെ.എസ്. ശബരീനാഥൻ എം. വിജയകുമാറിനെ 10,128 വോട്ടുകൾക്ക് പരാജയപ്പെടുത്തി. 2016ൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

ഒന്നാം പിണറായി സര്‍ക്കാരിന്‍റെ പ്രവര്‍ത്തന മികവിന്‍റെ ഫലമായാണ് 2021ല്‍ അരുവിക്കര മണ്ഡലം എല്‍ഡിഎഫിന് തിരിച്ചു പിടിക്കാന്‍ കഴിഞ്ഞതെന്ന് നേതാക്കൾ അവകാശപ്പെടുമ്പോൾ മുന്നണിയിലെ തർക്കങ്ങളാണ് കോൺഗ്രസ് പരാജയ കാരണമായി കണ്ടെത്തിയത്. ഇത് മറികടക്കാനാണ് ശബരീനാഥനെ നേമത്തും ശിവകുമാറിനെ അരുവിക്കരയിലും നിയോഗിച്ചതെന്നാണ് വിവരം.

ഹൈന്ദവ വോട്ടർമാർ ഭൂരിപക്ഷമുള്ള ഇവിടെ ക്രിസ്ത്യൻ, മുസ്‌ലിം വിഭാഗങ്ങൾക്കും നാടാർ സമുദായത്തിനും നിർണായക സ്വാധീനമുണ്ട്. തെരഞ്ഞെടുപ്പ് കാലത്തെ പ്രചാരണത്തേക്കാൾ ദീർഘകാല ജനസമ്പർക്കവും വ്യക്തിപരമായ സ്വാധീനവും ഇവിടെ വിജയങ്ങളിൽ നിർണായകമാകാറുണ്ട് എന്നതിനാൽ ഓടിനടന്ന് വോട്ടഭ്യർഥിക്കുന്ന തിരക്കിലാണ് സ്ഥാനാർഥികൾ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com