ഇടതു മുന്നണി മുന്നിലെന്ന് തരൂരിനു പോലും ബോധ്യമായി: കെ.വി. തോമസ്
FILE PHOTO
ഇടതു മുന്നണി മുന്നിലെന്ന് തരൂരിനു പോലും ബോധ്യമായി: കെ.വി. തോമസ്
കൊച്ചി: പത്തു വര്‍ഷമായി പിണറായി വിജയന്‍ നയിക്കുന്ന ഇടതു മുന്നണി സർക്കാർ കേരളത്തിൽ അപരാജിത മുന്നേറ്റമാണ് നടത്തി വരുന്നതെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയംഗം ഡോ. ശശി തരൂർ എംപിക്ക് ബോധ്യമായെന്ന് സംസ്ഥാന സർക്കാരിന്‍റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. തോമസ്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ ലിസ്റ്റിനെ വിമര്‍ശിച്ച് തരൂര്‍ നടത്തിയ പ്രസംഗം ഇതിന് തെളിവാണ്. തരൂരിന്‍റെ ബോധ്യം കേരളത്തില്‍ കോണ്‍ഗ്രസിന്‍റെ പല നേതാക്കള്‍ക്കുമുണ്ടെന്നും തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അവരത് പുറത്തു പറയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്ത്രീ സമൂഹത്തോടുള്ള കരുതല്‍ എത്രത്തോളമെന്ന് കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ഥി ലിസ്റ്റ് പുറത്തുവന്നപ്പോഴാണ് തരൂരിനു പോലും ബോധ്യമായത്. അദ്ദേഹത്തിന്‍റെ പാര്‍ലമെന്‍ററി മണ്ഡലത്തില്‍പ്പോലും ആരെയാണ് നിശ്ചയിച്ചതെന്ന് പാവം തരൂര്‍ വരെ അറിഞ്ഞില്ല. സ്ത്രീ ശാക്തീകരണത്തിനു മുന്നില്‍ നിന്ന ഇന്ദിര ഗാന്ധിയെയും പ്രതിസന്ധിഘട്ടത്തില്‍ കോണ്‍ഗ്രസിനെ നയിച്ച സോണിയ ഗാന്ധിയെയും പോലും സ്ഥാനാര്‍ഥി ലിസ്റ്റ് തയാറാക്കിയപ്പോള്‍ മറന്നു.
മുഖ്യമന്ത്രിക്കസേര സ്വപ്നം കണ്ട് തമ്മിലടിച്ചു വരുന്ന ഏതാനും നേതാക്കള്‍ വനിതകളെ അവഗണിച്ചും അപമാനിച്ചും ആര്‍ത്തി പൂണ്ട് തട്ടിക്കൂട്ടിയ ലിസ്റ്റിനെതിരേ പരസ്യമായി തരൂരിന് വരെ പ്രതികരിക്കേണ്ടി വന്നത് കോണ്‍ഗ്രസിന്‍റെ ദൗര്‍ബല്യമാണ് വെളിവാക്കുന്നത്. ഈ കാളകള്‍ വലിക്കുന്ന വണ്ടിയാണ് പിണറായി വിജയന്‍ നയിക്കുന്ന സൂപ്പര്‍ ഫാസ്റ്റിനെ മറികടക്കാന്‍ നോക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

