

ഗ്യാനേഷ് കുമാര്‍ കൊച്ചിയിൽ
file photo
കൊച്ചി: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ ഇന്നലെ കൊച്ചിയിലെത്തി. ഇന്നും നാളെയും അദ്ദേഹം സംസ്ഥാനത്തുണ്ടാകും. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനൊപ്പം വോട്ടർ പട്ടിക തീവ്രപരിശോധനാ (എസ്ഐആര്‍) നടപടികളുടെ പുരോഗതിയും പരിശോധിക്കും.
യുപി സ്വദേശിയായ ഗ്യാനേഷ് 1988 ബാച്ച് കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ്. കേന്ദത്തിലേക്കു പോയതിനു ശേഷം 22 വർഷം കഴിഞ്ഞാണ് കൊച്ചി സന്ദർശിക്കുന്നത്. ഇന്നലെ ഉച്ചയോടെയാണ് കൊച്ചിയിലെത്തിയത്. ഇന്ന് രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികളുമായും സംസ്ഥാന പൊലീസ് മേധാവി, ചീഫ് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തും. നാളെ വാര്‍ത്താസമ്മേളനവും വിളിച്ചിട്ടുണ്ട്.
എറണാകുളം ശിവക്ഷേത്രത്തിലും ഹനുമാന്‍ ക്ഷേത്രത്തിലും ചത്യാത്ത് പള്ളി, ചെറായി ബീച്ച് തുടങ്ങിയ സ്ഥലങ്ങളിലും അദ്ദേഹം പോകും. എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ ഇന്നലെ അദ്ദേഹം എത്തി. കലക്റ്ററായിരുന്നപ്പോൾ അദ്ദേഹം മുൻകൈയെടുത്താണ് ഈ ഗ്രൗണ്ട് നവീകരിച്ചത്.
ഗ്യാനേഷ് കുമാർ എറണാകുളം അസിസ്റ്റന്‍റ് കലക്റ്റർ, അടൂർ സബ് കലക്റ്റർ, കേരള സംസ്ഥാന പട്ടികജാതി/ വർഗ വികസന കോർപ്പറേഷൻ മാനെജിങ് ഡയറക്റ്റർ, കൊച്ചി കോർപ്പറേഷൻ മുനിസിപ്പൽ കമ്മിഷണർ, സംസ്ഥാന കോ- ഓപ്പറേറ്റീവ് ബാങ്ക് എംഡി എന്നീ നിലകളിലെല്ലാം പ്രവർത്തിച്ചിട്ടുണ്ട്.
പിന്നീട് 2007 മുതൽ 2012 വരെ പ്രതിരോധ മന്ത്രാലയത്തിലെ പ്രതിരോധ ഉത്പാദന വകുപ്പിൽ ജോയിന്‍റ് സെക്രട്ടറിയായി. 2016 മുതൽ 2018 വരെ ആഭ്യന്തര മന്ത്രാലയത്തിൽ ജോയിന്‍റ് സെക്രട്ടറി, തുടർന്ന് 2018 മുതൽ 2021 വരെ കേന്ദ്ര സർക്കാരിന്‍റെ അഡീഷണൽ സെക്രട്ടറി. പിന്നീട് പാർലമെന്‍ററി കാര്യ മന്ത്രാലയത്തിലും സഹകരണ മന്ത്രാലയത്തിലും സെക്രട്ടറിയായി. 2025 ഫെബ്രുവരി 19നാണ് ഇന്ത്യയുടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചത്.
ഡിസംബറിൽ 2026ലെ ഇന്‍റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡെമോക്രസി ആൻഡ് ഇലക്റ്ററൽ അസിസ്റ്റൻസിന്‍റെ (ഇന്‍റർനാഷണൽ ഐഡിയ) അംഗരാജ്യങ്ങളുടെ കൗൺസിലിന്‍റെ ചെയർമാനായി സ്വീഡനിൽ നടന്ന യോഗത്തിൽ നിയോഗിക്കപ്പെട്ടു. കേരളത്തില്‍ ഏപ്രില്‍ അവസാന വാരത്തോടെ നിയമസഭാ തെരഞ്ഞെടുപ്പ് ഉണ്ടായേക്കും. കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ, അസം, പുതുച്ചേരി സംസ്ഥാനങ്ങളാണ് തെരഞ്ഞെടുപ്പിനൊരുങ്ങുന്നത്.