തദ്ദേശ തെരഞ്ഞെടുപ്പിന് സ്വതന്ത്ര വികസന മുന്നണിയും

ഇരിങ്ങാലക്കുടയില്‍ കുഴികളില്ലാത്ത റോഡ് വാഗ്ദാനം ചെയ്ത് സ്വതന്ത്ര വികസന മുന്നണി സ്ഥാനാർഥി പ്രീതി ഷാജു
തദ്ദേശ തെരഞ്ഞെടുപ്പിന് സ്വതന്ത്ര വികസന മുന്നണിയും

ഇരിങ്ങാലക്കുടയില്‍ കുഴികളില്ലാത്ത റോഡ് വാഗ്ദാനം ചെയ്ത് സ്വതന്ത്ര വികസന മുന്നണി സ്ഥാനാർഥി പ്രീതി ഷാജു

Updated on

ഡിസംബറിൽ കേരളത്തിൽ നടത്തുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ മാറ്റുരയ്ക്കാൻ ജനകീയ പ്രശ്നങ്ങൾ മുൻനിർത്തി സ്വതന്ത്ര വികസന മുന്നണിയും രംഗത്ത്. ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് വിദ്യാനികേതന്‍ സ്കൂള്‍ റോഡ്, മാസ് തിയറ്റര്‍ റോഡ്, ക്രൈസ്റ്റ് കോളേജ് റോഡ്, ബൈപ്പാസ് റോഡ് തുടങ്ങി ഇവിടെ 31ാം വാര്‍ഡിലെ പ്രധാന റോഡുകളെല്ലാം മൂന്നുവര്‍ഷമായി തകര്‍ന്നു കിടക്കുമ്പോൾ, അവസരം തന്നാല്‍ തന്‍റെ വാര്‍ഡില്‍ റോഡില്‍ കുഴികള്‍ ഉണ്ടാവില്ല എന്നാണ് സ്ഥാനാർഥി പ്രീതി ഷാജുവിന്‍റെ വാഗ്ദാനം.

മുനിസിപ്പല്‍ ഫണ്ട് അനുവദിച്ചില്ലെങ്കില്‍, തനിക്കു കിട്ടുന്ന ഓണറേറിയം കുഴികളടയ്ക്കാന്‍ ഉപയോഗിക്കുമെന്നും അവർ പറയുന്നു. റോഡുകള്‍ തകര്‍ന്നു കിടക്കുന്നതിനാല്‍ ഇരിങ്ങാലക്കുടക്കാരുടെ ബന്ധുക്കള്‍ പോലും ഈ വഴി യാത്ര ചെയ്യാന്‍ മടിക്കുന്ന അവസ്ഥയുണ്ട്. താന്‍ വിജയിക്കുന്നതോടൊപ്പം തന്‍റെ നേതൃത്വത്തില്‍ മുനിസിപ്പാലിറ്റിയില്‍ മൊബൈൽ ടാറിങ് യൂണിറ്റ് കൊണ്ടുവരുമെന്നും, റോഡില്‍ രൂപം കൊള്ളുന്ന കുഴികള്‍ 24 മണിക്കൂറിനുള്ളില്‍ ടാർ ചെയ്യുന്നതിനുള്ള സംവിധാനം ഒരുക്കുമെന്നും പ്രീതി. അടിസ്ഥാന മേഖലയില്‍ വളരെ പുറകില്‍ നില്‍ക്കുന്ന നഗരസഭയുടെ റോഡുകള്‍

കൂടാതെ തെരുവുവിളക്കുകള്‍, പുല്ലുവെട്ട്, മഴക്കാലപൂര്‍വ ശുദ്ധീകരണം എന്നീ മേഖലകളിലുള്ള ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണുന്നതിനും, തകര്‍ന്നുകിടക്കുന്ന ബൈപ്പാസ് റോഡ്, വര്‍ഷങ്ങളായി പൂട്ടിക്കിടക്കുന്ന ഫിഷ് മാർക്കറ്റ്, അറവുശാലയില്ലാത്ത ഇരിങ്ങാലക്കുട, ഇരിങ്ങാലക്കുടയ്ക്ക് തനതായ കുടിവെള്ള പദ്ധതി, നിർമാണം തുടങ്ങാത്ത പൂതംകുളം ബ്രദര്‍ മിഷന്‍ റോഡ്, ചോര്‍ന്നൊലിക്കുന്ന പ്രിയദര്‍ശിനി ഹാള്‍ അങ്ങനെ പദ്ധതിവിഹിതം പോലും ചെലവഴിക്കാന്‍ അറിയാത്ത അവസ്ഥകള്‍ക്ക് മാറ്റം ഉണ്ടാക്കാന്‍ ഉള്ള പോരാട്ടത്തിനാണ് ക്രൈസ്റ്റ് കോളേജിന് സമീപമുള്ള പ്രദേശവാസികളുടെ നേതൃത്വത്തില്‍ സ്വതന്ത്ര വികസന മുന്നണി രൂപീകരിച്ചത്.

വികസനങ്ങളോട് സമഭാവനയുള്ളവര്‍ മറ്റു വാര്‍ഡുകളിലും മത്സരത്തിനുണ്ടാകും. അത് രണ്ടാംഘട്ടത്തില്‍ പ്രഖ്യാപിക്കുമെന്ന് കോഓര്‍ഡിനേറ്റര്‍മാരായ ഡേവിസ് ഊക്കന്‍, മാത്യു ജോര്‍ജ് മാളിയേക്കല്‍, സക്കീര്‍ ഒലക്കൂട്ട്, തോംസണ്‍ ചിരിയങ്കണ്ടത്ത്, ഷാജു എബ്രഹാം കണ്ടംകുളത്തി, വിജു വര്‍ഗീസ് അക്കരക്കാരന്‍, നന്ദകുമാര്‍ വെള്ളിയാട്ട്, അമ്പിളി തോംസണ്‍, ഷമി സക്കീര്‍, ജൂവല്‍ മാത്യു, സ്വപ്ന പള്ളിക്കര, ജിജി വിജു വര്‍ഗീസ് എന്നിവര്‍ അറിയിച്ചു.

കേരളത്തിലെ ആദ്യകാല നഗരസഭകളില്‍ ഒന്നായ ഇരിങ്ങാലക്കുട നഗരസഭ 'വികസന മുന്നേറ്റത്തിലേക്ക്' എന്ന മുദ്രാവാക്യവുമായാണ് സ്വതന്ത്ര വികസന മുന്നണി രൂപീകരിച്ചിരിക്കുന്നത്. പദ്ധതിവിഹിതം നടപ്പാക്കുന്ന കാര്യത്തില്‍ കേരളത്തിലെ ഏറ്റവും മോശം നഗരസഭ എന്ന അവസ്ഥ, കഴിഞ്ഞ പത്തുവര്‍ഷമായി പലപ്പോഴും ഇരിങ്ങാലക്കുടയെ തേടിയെത്തിയതിന് മാറ്റം വരുത്തിക്കൊണ്ട്, വികസന പദ്ധതികള്‍ ഇച്ഛാശക്തിയോടുകൂടി നടപ്പിലാക്കുന്നതിനുള്ള കര്‍മ്മരേഖയാണ് സ്വതന്ത്ര വികസന മുന്നണി ആവിഷ്കരിച്ചിട്ടുള്ളതെന്നും നേതാക്കൾ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com