

ഇന്ത്യ മുന്നണിയുടെ പ്രകടനപത്രിക തേജസ്വി യാദവ് പ്രകാശനം ചെയ്യുന്നു.
പറ്റ്ന: ബിഹാറിനെ അഴിമതിയും കുറ്റകൃത്യങ്ങളുമില്ലാത്ത സംസ്ഥാനമാക്കി മാറ്റുമെന്നും മുഴുവൻ പേർക്കും ജൻ സ്വാസ്ഥ്യ സുരക്ഷാ യോജനയ്ക്കു കീഴിൽ 25 ലക്ഷത്തിന്‍റെ സൗജന്യ ആരോഗ്യ ഇൻഷ്വറൻസ് പരിരക്ഷ നൽകുമെന്നുമുള്ള വാഗ്ദാനങ്ങളുമായി 'ഇന്ത്യ' മുന്നണിയുടെ തെരഞ്ഞെടുപ്പു പ്രകടന പത്രിക. എല്ലാ കുടുംബങ്ങൾക്കും മാസം 200 യൂണിറ്റ് സൗജന്യ വൈദ്യുതി, അധികാരമേറ്റ് 20 ദിവസത്തിനുള്ളിൽ എല്ലാ കുടുംബങ്ങളിലെയും ഒരാൾക്കു സർക്കാർ ജോലി ഉറപ്പാക്കാനുള്ള നിയമ നിർമാണം തുടങ്ങി ജനപ്രിയ പ്രഖ്യാപനങ്ങൾ നിറഞ്ഞതാണ് "തേജസ്വിയുടെ സങ്കൽപ്പം' എന്ന പേരിലുളള പ്രകടന പത്രിക.
സഖ്യകക്ഷി നേതാക്കൾക്കൊപ്പം നടത്തിയ പത്രസമ്മേളനത്തിൽ തേജസ്വി യാദവാണ് 'ഇന്ത്യ' മുന്നണിയുടെ ബിഹാറിലെ രൂപമായ മഹാസഖ്യത്തിന്‍റെ പ്രകടന പത്രിക പുറത്തിറക്കിയത്. സംസ്ഥാനത്ത് വാർധക്യ പെൻഷൻ പുനഃസ്ഥാപിക്കും, സർക്കാർ വകുപ്പുകളിലെ കരാറുകാരെ സ്ഥിരപ്പെടുത്തും, ജീവിക ദീദിമാർക്ക് മാസം 30000 രൂപ വേതനം ഉറപ്പാക്കും, ഐടി പാർക്കുകളും പ്രത്യേക സാമ്പത്തിക മേഖലകളും ക്ഷീര- കാർഷിക വ്യവസായങ്ങളും തുടങ്ങും, എഡ്യൂക്കേഷൻ സിറ്റി സ്ഥാപിക്കും, പുതിയ അഞ്ച് എക്സ്പ്രസ് ഹൈവേകൾ തുറക്കും തുടങ്ങി വാഗ്ദാനങ്ങളുടെ പെരുമഴയാണ് തേജസ്വിയുടെ പ്രകടനപത്രികയിൽ.
എൻഡിഎയ്ക്ക് സംസ്ഥാനത്തിന്‍റെ വികസനത്തെക്കുറിച്ച് കാഴ്ചപ്പാടില്ലെന്നു പറഞ്ഞ തേജസ്വി, ബിഹാറിലെ മദ്യനിരോധന നയം പരാജയമെന്നും താൻ അധികാരത്തിലെത്തിയാൽ കള്ളിനുള്ള നിരോധനം നീക്കുമെന്നും പ്രഖ്യാപിച്ചു.
കോൺഗ്രസ് നേതാവ് പവൻ ഖേര, സിപിഐഎംഎൽ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ, വിഐപി അധ്യക്ഷൻ മുകേഷ് സഹാനി തുടങ്ങിയ നേതാക്കൾ പത്രസമ്മേളനത്തിൽ പങ്കെടുത്തു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്നു തെരഞ്ഞെടുപ്പു പ്രചാരണത്തിനെത്തുമെന്നു പവൻ ഖേര അറിയിച്ചു. അതേസമയം, പത്രസമ്മേളനത്തിനു മുൻപ് പ്രകടനപത്രികയിലെ വിവരങ്ങൾ പവൻഖേര സമൂഹമാധ്യമത്തിൽ പങ്കുവച്ചത് കല്ലുകടിയായി.