

കേരളം പോളിങ് ബൂത്തിലേക്ക്
file image
തിരുവനന്തപുരം: നാടിളക്കിയുള്ള കൊട്ടിക്കലാശവും വിവാദങ്ങൾ നിറഞ്ഞ നിശബ്ദ പ്രചാരണത്തിന്‍റെയും മണിക്കൂറുകൾ അവസാനിച്ചതോടെ ചരിത്രപരമായ വിധിയെഴുത്തിലേക്ക് നീങ്ങുകയാണ് കേരളം. ചരിത്രത്തിലാദ്യത്തെ തുടർഭരണത്തിന് ശേഷം ഹാട്രിക് തേടിയിറങ്ങുന്ന എൽഡിഎഫും പത്ത് വർഷമായി ഭരണത്തിൽ നിന്നും പുറത്തായിരുന്ന യുഡിഎഫിനും ഒപ്പം കരുത്ത് തെളിയിക്കാനുള്ള എൻഡിഎയുടെയും അഭിമാനപോരാട്ടമാണ് ഇന്ന് നടക്കുക. വ്യാഴാഴ്ച വൈകുന്നേരത്തോടെ വോട്ട് പെട്ടിയിലാകും. തുടർന്ന് ഫലം പ്രഖ്യാപിക്കുന്ന മെയ് നാല് വരെ കാത്തിരുപ്പാണ്.
സംസ്ഥാനത്ത് ആകെ 2,71,42,952 വോട്ടർമാരാണുള്ളതിൽ 1,39,21,868 പേരും സ്ത്രീകളാണ്. പുരുഷ വോട്ടർമാരുടെ എണ്ണം 1,32,20,811. ആണ്. 271 ട്രാൻസ്ജെൻഡർ വോട്ടർമാരും പട്ടികയിലുണ്ട്. നിലവിലെ വോട്ടർപട്ടിക അനുസരിച്ച് പുരുഷന്മാരേക്കാൾ 7,01,057 അധികം സ്ത്രീ വോര്‍ട്ടര്‍മാരാണുള്ളത്. ഇവരുടെ നിലപാട് തെരഞ്ഞെടുപ്പിൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ. കേരളത്തിൽ ആകെയുള്ള 140 മണ്ഡലങ്ങളിൽ 129 ഇടങ്ങളിലും സ്ത്രീ വോട്ടർമാരാണ് കൂടുതൽ ഉള്ളത്. 11 മണ്ഡലങ്ങളിൽ മാത്രമാണ് സ്ത്രീ വോട്ടർമാരേക്കാൾ പുരുഷ വോട്ടർമാരുള്ളത്. അതുകണക്കിലെടുത്താണ് മുന്നണികൾ പ്രകടന പത്രികയും ഒരുക്കിയിരിക്കുന്നത്.
30,471 പോളിങ് സ്റ്റേഷനുകളും 24 ഓക്‌സിലറി ബൂത്തുകളും സജ്ജീകരിച്ചിട്ടുള്ളതിൽ രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറ് വരെയാണ് പോളിങ് നടക്കുക.അർഹരായ എല്ലാ ഉദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കും സമ്മതിദായകാവകാശം വിനിയോഗിക്കാൻ ഫലപ്രദമായ സൗകര്യങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉറപ്പുവരുത്തിയതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ വ്യക്തമാക്കി.ഹോം വോട്ടിങ്ങിലും മികച്ച മുന്നേറ്റമുണ്ടായി. ലക്ഷക്കണക്കിന് പേർ ഇതിനോടകം വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. ഹോം വോട്ടിന് അർഹരായ 1,45,598 മുതിർന്ന പൗരന്മാരിൽ 1,40,177 (96.25%) പേർ വോട്ട് ചെയ്തു.ഭിന്നശേഷിക്കാർക്കായി അപേക്ഷിച്ച 62,159 പേരിൽ 60,705 (97.66%) പേരും വോട്ടവകാശം വിനിയോഗിച്ചു.
മാർച്ച് 30 മുതൽ 2500 പേരടങ്ങുന്ന ഉദ്യോഗസ്ഥ സംഘത്തിന്‍റെ നേതൃത്വത്തിലാണ് നടപടികൾ പൂർത്തിയാക്കിയത്. കൂടാതെ, തെരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്കായി സംസ്ഥാനത്തുടനീളം 154 വോട്ടർ ഫെസിലിറ്റേഷൻ കേന്ദ്രങ്ങൾസജ്ജമാക്കിയിരുന്നു.ഓരോ മണ്ഡലത്തിലും ഒന്ന് എന്ന നിലയിലും 14 അധിക കേന്ദ്രങ്ങളിലുമായാണ് ഇവ പ്രവർത്തിച്ചത്.ഇന്നലെ വൈകിട്ട് അഞ്ച് മണി വരെയുള്ള കണക്കുകൾ പ്രകാരം 1,10,994 ഉദ്യോഗസ്ഥർ വോട്ട് രേഖപ്പെടുത്തി. പൊലീസ്, ഫയർഫോഴ്സ്, മിൽമ, റെയിൽവേ, മാധ്യമപ്രവർത്തകർ തുടങ്ങി 14 വിവിധ വകുപ്പുകളെ അവശ്യസേവന വിഭാഗത്തിൽ ഉൾപ്പെടുത്തിയിരുന്നു. ഈ ലിസ്റ്റിലുൾപ്പെട്ട 34,140 പേരിൽ 32,113 (94.06%) പേർ വോട്ട് ചെയ്തെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. അതിനിടെ നിയമസഭാ തെരഞ്ഞെടുപ്പ് നിരീക്ഷിക്കുന്നതിനും വിലയിരുത്തുന്നതിനുമായി വിവിധ വിദേശ രാജ്യങ്ങളിൽ നിന്നും എത്തിയ എട്ട് അംഗ സംഘം തലസ്ഥാന നഗരമായ തിരുവനന്തപുരത്തെത്തി. ജില്ലയിലെ പോളിംഗ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങൾ സംഘം സന്ദർശിച്ചു.
ഇന്‍റർനാഷണൽ ഇലക്ഷൻ വിസിറ്റേഴ്‌സ് പ്രോഗ്രാമിന്‍റെ ഭാഗമായിട്ടാണ് വിവിധ രാജ്യങ്ങളിലെ തെരഞ്ഞെടുപ്പ് മാനേജ്‌മെന്‍റ് ബോഡികളിൽ നിന്നുള്ള പ്രതിനിധികൾ തലസ്ഥാനത്ത് എത്തിയത്.ഇന്ന് തെരഞ്ഞെടുക്കപ്പെട്ട പോളിങ് സ്റ്റേഷനുകളിൽ സംഘം നേരിട്ടെത്തി വോട്ടെടുപ്പ് പ്രക്രിയകൾ നിരീക്ഷിക്കും.