കൊല്ലം പ്രവചനാതീതം; തെരഞ്ഞെടുപ്പു ഗോദയിൽ ചൂടേറുന്നു

2021ലെ കക്ഷിനില: എല്‍ഡിഎഫ് 10, യുഡിഎഫ് 2
Kollam is unpredictable; the election heats up

കൊല്ലം പ്രവചനാതീതം; തെരഞ്ഞെടുപ്പു ഗോദയിൽ ചൂടേറുന്നു

Updated on

ശരത് ഉമയനല്ലൂർ

കൊല്ലം: പോയ കൊല്ലങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ "കൊല്ലം' ഭൂരിഭാഗവും ഇടത്തോട്ട് ചേർന്നു നിന്ന ചരിത്രമുള്ള ജില്ലയാണ്. കശുവണ്ടിയുടെ നാടായ കൊല്ലം പഴയ നിയസഭാ, തദേശതെരഞ്ഞെടുപ്പുകളിൽ ഇടതിനൊപ്പമായിരുന്നെങ്കിലും കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ അടിതെറ്റി. കോർപ്പറേഷൻ ഭരണം യുഡിഎഫ് പിടിച്ചു, ജില്ലയിലെ മിക്ക പഞ്ചായത്തുകളും എൻഡിഎ, യുഡിഎഫ് മുന്നണികൾ കൈയടക്കുകയും ചെയ്തു. അതാണ് സമീപകാല ചിത്രം.

2020ല്‍ കേവലം 10 സീറ്റുണ്ടായിരുന്ന യുഡിഎഫ് 27 ഡിവിഷനില്‍ വിജയിച്ച് ചരിത്രത്തിലാദ്യമായി കൊല്ലം കോർപ്പറേഷന്‍ ഭരണം പിടിച്ചു. കഴിഞ്ഞ തവണ 38 ഡിവിഷനില്‍ വിജയിച്ച എല്‍ഡിഎഫ് ഇത്തവണ 16 ല്‍ ഒതുങ്ങി. 12 ഡിവിഷനുകളില്‍ ബിജെപിയും വിജയിച്ചു. ജില്ലയിലെ 4 മുനിസിപ്പാലിറ്റികളില്‍ മൂന്നിലും എല്‍ഡിഎഫ് വിജയം നേടി. ഒരു നഗരസഭ യുഡിഫ് സ്വന്തമാക്കി.

ജില്ലയിലെ 11 നിയമസഭാ മണ്ഡലങ്ങളിൽ രണ്ടെണ്ണമൊഴികെ ബാക്കി നിലവിൽ എൽഡിഎഫിന്‍റെ കൈയിലാണ്. 2016ല്‍ ജില്ലയിലെ മുഴുവന്‍ സീറ്റും നേടി ഇടതുപക്ഷത്തിന് ഒപ്പം നിന്നു. 2011ല്‍ ചവറയും പത്തനാപുരവും യുഡിഎഫിനൊപ്പമായിരുന്നു. 2021ലേക്കെത്തിയപ്പോൾ കുണ്ടറയും കരുനാഗപ്പള്ളിയും എല്‍ഡിഎഫിനെ കൈവിട്ടു. സിറ്റിങ് എംഎല്‍എ ആയിരുന്ന ആര്‍. രാമചന്ദ്രനെ പരാജയപ്പെടുത്തിയാണ് കരുനാഗപ്പള്ളി സി.ആര്‍. മഹേഷ് യുഡിഎഫിലേക്കടുപ്പിച്ചത്. 29,208 വോട്ടുകള്‍ക്കായിരുന്നു ജയം. ഇത്തവണയും മഹേഷ് തന്നെയാണ് യുഡിഎഫിനായി രംഗത്തുള്ളത്. അഡ്വ. എം.എസ്. താരയാണ് എൽഡിഎഫിനായി കളത്തിലുള്ളത്. വി.എസ്. ജിതിന്‍ദേവാണ് എൻഡിഎ സ്ഥാനാർഥി.

2021ല്‍ കുണ്ടറ മണ്ഡലം എല്‍ഡിഎഫിലെ ജെ. മേഴ്സിക്കുട്ടിയമ്മയിൽ നിന്നാണ് കോണ്‍ഗ്രസ് നേതാവ് പി.സി. വിഷ്ണുനാഥ് പിടിച്ചെടുത്തത്. 4,523 വോട്ടുകള്‍ക്കാണ് വിഷ്ണുനാഥ് മേഴ്‌സിക്കുട്ടിയമ്മയെ പരാജയപ്പെടുത്തിയത്.

എന്നാൽ ഇത്തവണ കൊല്ലത്തിന്‍റെ മനസ് മുന്നണികൾക്ക് പ്രവചനാതീതം. കാരണം കഴിഞ്ഞ 4 ലോക്സഭാ തെരഞ്ഞെടുപ്പുകളിലും കൊല്ലം ജില്ല യുഡിഎഫിനൊപ്പം നിന്നു. തദ്ദേശത്തിലും എൽഡിഎഫ് തകർന്നടിഞ്ഞു. 5 വര്‍ഷം മുമ്പ് ആഞ്ഞു വീശിയ ഇടതു തരംഗത്തില്‍ തകര്‍ന്നടിഞ്ഞ യുഡിഎഫ് ഇത്തവണ അതിനു പകരം ചോദിക്കുമെന്ന നിലപാടിലുറച്ചു തന്നെയാണ് അങ്കത്തട്ടിൽ.

കോട്ടകൾ നിലനിർത്താൻ ഇടതു മുന്നണിയും കൈവിട്ടവ തിരിച്ചു പിടിക്കാൻ യുഡിഎഫും കരുത്തോടെ കരുതലോടെ കളത്തിലിറങ്ങിക്കളിക്കാൻ ബിജെപിയും സജീവമാകുമ്പോൾ കൊല്ലത്തിന്‍റെ തെരഞ്ഞെടുപ്പ് ഗോദയിൽ ചൂടേറും. പരമ്പരാഗത വോട്ടിൽ കണ്ണുവച്ചുള്ള പ്രവർത്തനമാണ് യുഡിഎഫിന്‍റെ തന്ത്രം. യുവാക്കളുടെയും സമുദായ വോട്ടുകളുടെയും മേലുള്ള പ്രതീക്ഷയാണു ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണിയെ നയിക്കുന്നത്. വികസന മുന്നേറ്റത്തിന്‍റെ പേരിലുള്ള വോട്ട് പിടുത്തമായിരിക്കും എൽഡിഎഫ് പയറ്റുക.

നിലവിലെ എംഎൽഎമാർക്കൊപ്പം പുതുമുഖങ്ങൾക്കും യുവത്വത്തിനും പ്രാധാന്യം നൽകിയാണ് എൽഡിഎഫ് സ്ഥാനാർഥി നിർണ‍യം നടത്തിയത്. സ്ഥിരം മത്സരാർഥികൾക്കൊപ്പം പുതുമുഖങ്ങൾക്കും പ്രാധാന്യം നൽകിയാണ് യുഡിഎഫിന്‍റെ‍ സ്ഥാനാർഥി നിർണയം. ഇതിൽ മുൻ ഡിസിസി പ്രസിഡന്‍റ് ബിന്ദു കൃഷ്ണ ഇത്തവണയും കൊല്ലം മണ്ഡലത്തിൽ മത്സരത്തിനുണ്ട്.

പത്തനാപുരത്ത് കേരള കോൺഗ്രസ് ബിയുടെ മന്ത്രി കെ.ബി. ഗണേഷ്‌കുമാറിനെതിരേ മത്സരത്തിന് കഴിഞ്ഞ തവണത്തെ അതേ സ്ഥാനാർഥിയെ തന്നെയാണ് കോൺഗ്രസ് ഇറക്കിയത്- ജ്യോതികുമാര്‍ ചാമക്കാല.

ശക്തമായ മത്സരം നടക്കുന്ന ചവറയിൽ സിറ്റിങ് എംഎൽഎ സുജിത് വിജയൻ പിള്ളയ്ക്കെതിരേ ഷിബു ബേബിജോണും കുന്നത്തൂരിലെ എംഎൽഎ കോവൂർ കുഞ്ഞുമോനെതിരേ കഴിഞ്ഞതവണ മത്സരിച്ച ഉല്ലാസ് കോവൂരും തന്നെയാണ് സ്ഥാനാർഥികൾ.

കോൺഗ്രസിലേക്ക് പോയ മുൻ സിപിഎം എംഎൽഎയായിരുന്ന ഐഷാ പോറ്റി കൊട്ടാരക്കരയിൽ യുഡിഎഫ് സ്ഥാനാർഥിയായപ്പോൾ സിറ്റിങ് എംൽഎയും മന്ത്രിയുമായ കെ.എൻ. ബാലഗോപാലാണ് എൽഡിഎഫിനായി വീണ്ടും കളത്തിലുള്ളത്. എൻഡിഎക്കായി മുൻ സിപിഎം നേതാവായിരുന്ന ആര്‍. രശ്മി കൂടി വന്നതോടെ ശക്തമായ ത്രികോണമത്സരമായി.

മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ബിജെപി

ഇക്കുറി കൊല്ലം ജില്ലയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ തന്നെയാണു ബിജെപി തീരുമാനം. 5 പ്രധാന മണ്ഡലങ്ങള്‍ ബിജെപിയുടെ പരിഗണനയിലുണ്ട്. ചാത്തന്നൂരില്‍ കഴിഞ്ഞ തവണ രണ്ടാമതെത്തി ബിജെപി ഇരുമുന്നണികളെയും ഞെട്ടിച്ചു കളഞ്ഞു. അവിടെ എസ്എൻഡിപി യോഗം താലൂക്ക് യൂണിയൻ അധ്യക്ഷൻ കൂടിയായ ബി.ബി. ഗോപകുമാറാണ് സജീവമായി എൻഡിഎക്കായി പോരാട്ടത്തിലുള്ളത്. തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച വിജയം ബിജെപിക്ക് ആത്മവിശ്വാസം ഉയർത്തിയിട്ടുണ്ട്. ഇത്തവണ "രാജീവ് ചന്ദ്രശേഖർ ഇഫക്‌ട് ' ചാത്തന്നൂരിലും ഫലം കാണുമെന്നാണ് ബിജെപി നേതൃത്വം കരുതുന്നത്.

കൊല്ലത്തെ നിയമസഭാ മണ്ഡലങ്ങൾ (11): കൊല്ലം, ഇരവിപുരം, ചാത്തന്നൂര്‍, കുണ്ടറ, ചടയമംഗലം, കൊട്ടാരക്കര, പത്താനപുരം, പുനലൂര്‍, കുന്നത്തൂര്‍, ചവറ, കരുനാഗപ്പള്ളി.

2021ലെ കക്ഷിനില: എല്‍ഡിഎഫ് 10, യുഡിഎഫ് 2.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com