

ഇന്ത്യൻ രാഷ്ട്രീയത്തിൽ ചുവപ്പ് മായുന്നു
representative image- Ai
അശ്വിൻ എ.എം.
ഇന്ത‍്യൻ പാർലമെന്‍റിലെ ആദ്യത്തെ പ്രതിപക്ഷ നേതാവ് കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രതിനിധിയായിരുന്നു. പേര് എ.കെ. ഗോപാലൻ. അതെ, എകെജി തന്നെ. ദേശീയ രാഷ്ട്രീയ ഭൂപടത്തിൽ നിർണായക സാന്നിധ്യമായിരുന്ന കമ്യൂണിസ്റ്റ് പാർട്ടി പിളർപ്പിനു ശേഷവും അവഗണിക്കാനാവാത്ത ശക്തി തന്നെയായിരുന്നു. ബംഗാളിലും ത്രിപുരയിലും കേരളത്തിലും മുഖ്യ ഭരണകക്ഷിയായും മറ്റു പല സംസ്ഥാനങ്ങളിൽ സഖ്യകക്ഷിയായുമൊക്കെ ഇടതുപക്ഷം തുടർന്നു. പക്ഷേ, ബംഗാളിനും ത്രിപുരയ്ക്കും പിന്നാലെ ഇതാ കേരളത്തിലും ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങിയതോടെ ചുവപ്പു മാഞ്ഞ ഇന്ത്യൻ രാഷ്ട്രീയമാണ് തത്കാലത്തേക്കെങ്കിലും ദൃശ്യമാകുന്നത്.
59 വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷമാണ് ഇന്ത‍്യയിൽ ഒരു സംസ്ഥാനത്തും ഭരണമില്ലാത്ത സ്ഥിതിയിലേക്ക് കമ്മ‍്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ എത്തിച്ചേർന്നിരിക്കുന്നത്. സ്വേച്ഛാധിപത‍്യത്തിനും ചൂഷണത്തിനുമെതിരേ വിപ്ലളവത്തിന്‍റെ മതിലുകൾ തീർത്ത് ധീരമായ സമര പോരാട്ടങ്ങളിലൂടെ സമത്വത്തിലും ജനാധിപത‍്യത്തിലും അധിഷ്ഠിതമായ സമൂഹം പടുത്തുയർത്തുക എന്ന ലക്ഷ‍്യത്തിലേക്ക് ഇറങ്ങിത്തിരിച്ച കമ്മ‍്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ അടിവേരറുക്കപ്പെട്ട സ്ഥിതി.
കേരളത്തിൽ മുപ്പതിൽ താഴെ സീറ്റുകളിലേക്ക് സിപിഎം ഒതുങ്ങി. ബംഗാളിലാകട്ടെ 2 സീറ്റ് മാത്രമാണ് ഇടതു മുന്നണിക്ക് ലഭിച്ചത്. കമ്മ‍്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ ഒരിക്കൽ തകർന്നു പോയാൽ അവിടെ നിന്ന് ഉയർത്തെണീറ്റ ചരിത്രമില്ല. ബംഗാളിൽ 1977ൽ 178 സീറ്റ് നേടിയാണ് സിപിഎം അധികാരത്തിലെത്തിയത്. 2011ൽ ബംഗാളിൽ അധികാരം നഷ്ടപ്പെട്ടതിനു ശേഷം ഇതുവരെ അവർക്ക് തിരിച്ചുവരാൻ കഴിഞ്ഞിട്ടില്ല.
34 വർഷം ബംഗാൾ അടക്കി ഭരിച്ച ഇടതുമുന്നണിക്ക് പഴയ പ്രതാപം വീണ്ടെടുക്കാൻ കഴിയുന്നില്ല എന്നത് വലിയ തിരിച്ചടിയാണ്. 2026ലും മാറ്റങ്ങൾ സൃഷ്ടിക്കാൻ പാർട്ടിക്കായില്ല. തൃണമൂൽ- ബിജെപി പോരാട്ടത്തിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് പാർട്ടിയുടെ അടിത്തറ ഇളകിയെന്നതിന് തെളിവാണ്. 10 വർഷം ഭരിക്കാൻ ജനങ്ങൾ അവസരം നൽകിയപ്പോഴും രാജ‍്യത്തെ ഇടതുപക്ഷത്തിന്‍റെ അവസാന കനൽ കെടാതെ കാക്കാൻ പിണറായി വിജയൻ സർക്കാരിനും പറ്റിയില്ല.
അറുപതിലേറെ എംപിമാരുമായി കേന്ദ്ര ഭരണത്തെ പോലും നിയന്ത്രിക്കാൻ സാധിക്കുമായിരുന്ന അവസ്ഥയിൽ നിന്ന് ഇന്നത്തെ സ്ഥിതിയിലേക്കുള്ള ദൂരം വളരെ വലുതാണ്. പശ്ചിമ ബംഗാളിലെ 34 വർഷത്തെ ഭരണവും ത്രുപുരയിലെ കാൽ നൂറ്റാണ്ട് ഭരണവും കമ്മ‍്യൂണിസ്റ്റ് പ്രസ്ഥാനത്തെ ഇന്ത‍്യൻ രാഷ്ട്രീയത്തിൽ പ്രബല ശക്തിയാക്കി മാറ്റിയിരുന്നു. കേരളത്തിൽ ഭരണത്തുടർച്ച കിട്ടുന്ന ആദ്യ മുന്നണിയായിരുന്നു സിപിഎം നയിച്ച എൽഡിഎഫ്. എന്നാൽ, രാഷ്ട്രീയ സാഹചര‍്യങ്ങളും വോട്ടർമാരുടെ മാറിയ മനോഭാവവും കേരളത്തിലെ ഇടതുപക്ഷത്തിനു തിരിച്ചടിയായി. ഭരണ വിരുദ്ധ വികാരവും എതിർ കക്ഷികൾ ഉയർത്തിയ ആരോപണങ്ങളും ചുവപ്പ് കോട്ടയിലെ വിള്ളലുകൾ വലുതാക്കി.
രാജ്യത്തെവിടെയും ഭരണമില്ലാത്ത ഒരു രാഷ്ട്രീയ കക്ഷിക്ക് ദേശീയ തലത്തിൽ എത്രത്തോളം പ്രസക്തിയുണ്ടാകുമെന്നത് ചോദ‍്യചിഹ്നമായി അവശേഷിക്കുന്നു. ഇടതു പ്രത്യയശാസ്ത്രത്തെ എതിർക്കുമ്പോഴും, ഇന്ത‍്യൻ രാഷ്ട്രീയത്തിൽ ശക്തമായ പ്രതിപക്ഷമായി ഇടതുപക്ഷം നിലനിൽക്കേണ്ടത് അനിവാര‍്യമാണെന്നു വിശ്വസിക്കുന്നവരുണ്ട്. അങ്ങനെയുള്ളവർക്കും ഈ തെരഞ്ഞെടുപ്പ് ഫലം നിരാശ സമ്മാനിക്കുന്നു.