

മമത ബാനർജി
കോൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി അധികാരത്തിലെത്തിയാൽ മുട്ടയും മീനും കഴിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് മുഖ‍്യമന്ത്രി മമത ബാനർജി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ആരും മത്സ‍്യം കഴിക്കുന്നില്ലെന്നും ബിജെപി ഏകപക്ഷീയമായാണ് പ്രവർത്തിക്കുന്നതെന്നും അവർ ഒരു മതത്തിലും വിശ്വസിക്കുന്നില്ലെന്നും മമത പറഞ്ഞു. പുരുലിയയിലെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു മുഖ‍്യമന്ത്രി.
ബംഗാളി സംസാരിക്കുന്നവർ മറ്റു സംസ്ഥാനങ്ങളിൽ ആക്രമിക്കപ്പെടുന്നുവെന്നും കലാപമുണ്ടാക്കിയാണ് ബിജെപി അധികാരത്തിലെത്തിയതെന്നും മമത ആരോപിച്ചു. സ്ത്രീകൾക്കെതിരേയും ആദിവാസികൾക്കെതിരേയും ഏറ്റവും കൂടുതൽ ആക്രമണങ്ങൾ നടക്കുന്നത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണെന്നും മമത പറഞ്ഞു.
അതേസമയം, രണ്ട് ഘട്ടങ്ങളിലായാണ് പശ്ചിമ ബംഗാളിൽ വോട്ടെടുപ്പ് നടക്കുന്നത്. ആദ‍്യ ഘട്ടം ഏപ്രിൽ 23നും രണ്ടാം ഘട്ടം ഏപ്രിൽ 29നും നടക്കും. മേയ് നാലിനാണ് വോട്ടെണ്ണൽ.