മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശന് ലീഗിന്‍റെ പിന്തുണ

മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശന് ലീഗിന്റെ തുറന്ന പിന്തുണ; ജനവികാരമെന്ന് വാദം
VD Satheesan

വി.ഡി. സതീശന് പരസ്യ പിന്തുണയുമായി മുസ്ലിം ലീഗ്.

MV Graphics

Updated on

തിരുവനന്തപുരം: കോൺഗ്രസിലെ മുഖ്യമന്ത്രി തർക്കങ്ങൾ‌ തുടരുന്നതിനിടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പിന്തുണയുമായി മുസ്ലിം ലീഗ്. എക്സിറ്റ് പോളുകളിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശന് ലഭിച്ച പിന്തുണ ജനവികാരമാണെന്നു കരുതുന്നുവെന്ന് ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ പ്രതികരിച്ചു.

ജനവികാരം പരിഗണിച്ച് തന്നെയായിരിക്കും യുഡിഎഫ് തീരുമാനം. മുഖ്യമന്ത്രി സ്ഥാനത്തേക്കും ജനവികാരം പരിഗണിക്കുമെന്നാണ് കരുതുന്നത്. മുഖ്യമന്ത്രി സ്ഥാനത്തിൽ തീരുമാനം എടുക്കേണ്ടത് കോൺഗ്രസ് ഹൈക്കമാൻഡ് ആണ്. കോൺഗ്രസ് ഹൈക്കമാൻഡും ജനവികാരം മാനിച്ചായിരിക്കും തീരുമാനം എടുക്കുക. അവരും കാര്യങ്ങൾ മനസിലാക്കുന്നവരാണല്ലോയെന്നും സാദിഖലി ശിഹാബ്‌ തങ്ങൾ വ്യക്തമാക്കി.

അർഹതപ്പെട്ടത് ലീഗിന് ലഭിക്കും. ലീഗിന്‍റെ അജൻഡ നിശ്ചയിക്കുന്നത് ലീഗ് തന്നെയാണെന്നും പുറത്തുള്ളവരാരും ലീഗിന്‍റെ അജണ്ട നിശ്ചയിക്കാറില്ലെന്നും സാദിഖലി തങ്ങൾ കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രതിപക്ഷ നേതാവിനെക്കൂടാതെ എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരെയാണ് കോൺഗ്രസ് അനുകൂലികളും നേതാക്കളും ഉയർത്തിക്കാട്ടുന്നത്. തർക്കം രൂക്ഷമായിരിക്കെ മുസ്ലിംലീഗിന്‍റെ നിലപാട് സതീശന് അനുകൂലമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെയും വിലയിരുത്തൽ.

കഴിഞ്ഞ അഞ്ചു കൊല്ലവും യുഡിഎഫിനെ നയിച്ചത് സതീശനാണെന്ന സ്വാഭാവികമായ കാരണം തന്നെയാണ് സതീശനെ പിന്തുണയ്ക്കാനുള്ള ലീഗ് തീരുമാനത്തിന് പിന്നിലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അനുമാനം. മറ്റാരൊക്കെ അവകാശവാദം ഉന്നയിച്ചാലും മുന്നിൽനിന്ന് നയിച്ച ആൾക്ക് മുഖ്യമന്ത്രി സ്ഥാനത്തിനുള്ള അതിനുള്ള അർഹത ഉണ്ട്. യുഡിഎഫ് ചെയർമാൻ മുഖ്യമന്ത്രി ആകുന്നതിൽ അസ്വാഭാവികതയില്ല.

സിപിഎമ്മും ബിജെപിയുമായി ഡീൽ ഉണ്ടെന്ന പ്രസ്താവനയിലൂടെ സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയത് സതീശനാണ്. പിന്നീട് പത്തു മണ്ഡലങ്ങളിൽ ആ ഡീൽ ഉണ്ട് എന്ന് ആവർത്തിക്കുകയും ചെയ്തത് തെരഞ്ഞെടുപ്പിൽ വളരെയേറെ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് മുസ്ലിം വിലയിരുത്തുന്നു.സതീശന്‍റെ ചടുലമായ നേതൃത്വം അണികളെ ഉണർത്തിയതിനാലാണ് യുഡിഎഫിന് നേട്ടമുണ്ടാകുന്നതെന്നാണ് ലീഗിന്‍റെ വിലയിരുത്തൽ.

കേരളത്തിലെ ഹിന്ദുക്കൾക്കിടയിലെ പ്രബല സംഘടനകളായി കണക്കാക്കപ്പെടുന്ന എൻഎസ്എസ് -എസ്എൻഡിപി എന്നിവയുമായി ഒട്ടും നല്ല ബന്ധത്തിലല്ലാത്ത ഏക പ്രമുഖ രാഷ്ട്രീയനേതാവാണ് സതീശൻ. എന്നാൽ വെള്ളാപ്പള്ളിയുമായി രമേശ് ചെന്നിത്തലയ്ക്കോ കെ.സി വേണുഗോപാലിനോ അകൽച്ചയില്ല.ഇരുവർക്കും എൻഎസ്എസ്, എസ്എൻഡിപി നേതൃത്വവുമായി നല്ല ബന്ധവുമാണുള്ളത്. ഇവർ ആരെങ്കിലും നേതൃത്വത്തിൽ എത്തിയാൽ രണ്ടു സംഘടനകൾക്കും ഭരണത്തിൽ സ്വാധീനമുണ്ടാകും എന്ന് മുൻകാലം തെളിയിക്കുന്നു. ഇതിൽ ലീഗിന് തീരെ താല്പര്യമില്ല.

മുഹമ്മദ് ഷിയാസിനെ കൊച്ചി നിയോജകമണ്ഡലത്തിൽ സ്ഥാനാർഥിയാക്കിയതിൽ ലത്തീൻ സമുദായത്തിനും പുരോഹിതർക്കും കടുത്ത എതിർപ്പുണ്ടായിരുന്നു. എന്നാൽ സഭയ്ക്കെതിരെ തെരഞ്ഞെടുപ്പ് പ്രചാരണം ഉദ്‌ഘാടനം ചെയ്തുകൊണ്ടു തന്നെ സതീശൻ നടത്തിയ പ്രസംഗം സാമുദായിക സമ്മർദത്തിനെതിരായ ഉറച്ച നിലപാടായാണ് ലീഗ് കരുതുന്നതെന്നും നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

logo
Metro Vaartha
www.metrovaartha.com