'കേരളത്തിൽ ബിജെപി സീറ്റ് രണ്ടക്കം കടക്കും'; പത്തനംതിട്ടയിൽ ശരണം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

സ്വാമിയേ ശരണമയ്യപ്പാ എന്നു പറഞ്ഞു കൊണ്ടാണ് മോദി പ്രസംഗം ആരംഭിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി
പ്രധാനമന്ത്രി നരേന്ദ്ര മോദി

പത്തനംതിട്ട: ഇത്തവണ കേരളത്തിൽ നിന്നുള്ള ബിജെപി എംപിമാരുടെ എണ്ണം രണ്ടക്കം കടക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പത്തനംതിട്ടയിൽ ബിജെപി സ്ഥാനാർഥി അനിൽ ആന്‍റണിയുടെ തെരഞ്ഞെടുപ്പു പ്രചാരണവേദിയിൽ സംസാരിക്കുകയായിരുന്നു മോദി. സ്വാമിയേ ശരണമയ്യപ്പാ എന്നു പറഞ്ഞു കൊണ്ടാണ് മോദി പ്രസംഗം ആരംഭിച്ചത്. പത്തനംതിട്ടയിലെ എന്‍റെ സഹോദരീ സഹോദരന്മാരെ എല്ലാവർക്കും എന്‍റെ നമസ്കാരം എന്നു മലയാളത്തിൽ അഭിസംബോധന ചെയ്തതിനു ശേഷം ഇത്തവണ നാനൂറിൽ അധികം എന്നും മോദി മലയാളത്തിൽ പറഞ്ഞു.

കേരളത്തിലെ ജനങ്ങൾക്ക് യുവത്വത്തിന്‍റെ ഊർജം നൽകാൻ ആഗ്രഹിക്കുകയാണ്. പത്തനംതിട്ടയിലെ സ്ഥാനാർഥി അനിൽ ആന്‍റണി യുവത്വത്തിന്‍റെ പ്രതീകമാണെന്നും മോദി പറഞ്ഞു. കേരളത്തിൽ ഇപ്പോൾ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും പേരു കേട്ട സർക്കാരുകളാണ് മാറി മാറി വരുന്നത്. അതു കേരളത്തിന് എന്തു മാത്രം നഷ്ടമാണ് വരുത്തി വയ്ക്കുന്നതെന്ന് ജനങ്ങൾക്കറിയാം.

ക്രിസ്ത്യൻ പുരോഹിതർ പോലും ഇവിടെ ആക്രമണത്തിന് ഇരയാകുന്നു. കേരളത്തിലെ റബർ കർഷകർ ബുദ്ധിമുട്ടിലൂടെയാണ് കടന്നു പോകുന്നത്. എന്നാൽ എൽഡിഎഫും യുഡിഎഫും അതു കണ്ടില്ലെന്ന് നടിക്കുകയാണ്.കോളെജ് ക്യാംപസുകൾ കമ്യൂണിസ്റ്റുകാരുടെ താവളമാണ്. സ്ത്രീകളും യുവാക്കളും ഭയന്നാണ് ജീവിക്കുന്നത്. ഈ ദുരവസ്ഥയിൽ നിന്ന് മോചനം വേണമെന്നും മോദി പറഞ്ഞു. ഇവിടെ എൽഡിഎഫും യുഡിഎഫും തമ്മിൽ പോരടിക്കുന്നു. എന്നാൽ കേന്ദ്രത്തിൽ ഇവർ ഒരുമിച്ചാണ്. ഇത്തവണ എൽഡിഎഫ്, യുഡിഎഫ് ചക്രം തകർക്കണം. മലയാളികൾ പുരോഗമന ചിന്തയുള്ളവരാണ്. എന്നാൽ യുഡിഎഫും എൽഡിഎഫും പ്രാചീന ചിന്ത വച്ചു പുലർത്തുന്നവരാണ്. പത്തൊൻപതാം നൂറ്റാണ്ടിനേക്കാൾ പിന്നിലാണ് കോൺഗ്രസ് ചിന്തിക്കുന്നത്. എൽഡിഎഫിന്‍റേത് കാലഹരണപ്പെട്ട ആശയമാണെന്നും മോദി പറഞ്ഞു.

വേദിയിലെത്തിയ മോദിയെ ആറന്മുള കണ്ണാടി നൽകിയാണ് അനിൽ ആന്‍റണി സ്വീകരിച്ചത്. കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയ പദ്മജ വേണുഗോപാലും വേദിയിലുണ്ടായിരുന്നു. ഈ മാസം ഇതു മൂന്നാം തവണയാണ് മോദി കേരളത്തിലെത്തുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com