വോട്ടെടുപ്പ് തമിഴകത്ത്; നെഞ്ചിടിപ്പ് ഡൽഹിയിലും ചെന്നൈയിലും

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനത്ത് ചുവടുറപ്പിക്കാനുള്ള ശ്രമങ്ങൾ വിജയിക്കുമോ എന്നാണു ബിജെപി ഉറ്റുനോക്കുന്നത്
വോട്ടെടുപ്പ് തമിഴകത്ത്; നെഞ്ചിടിപ്പ് ഡൽഹിയിലും ചെന്നൈയിലും

ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടത്തിൽ ഇന്നു പോളിങ് ബൂത്തിലേക്കു നീങ്ങുന്ന തമിഴ്നാട്ടിലാണു ബിജെപിയുടെയും പ്രതിപക്ഷത്തിന്‍റെയും കണ്ണുകൾ. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനത്ത് ചുവടുറപ്പിക്കാനുള്ള ശ്രമങ്ങൾ വിജയിക്കുമോ എന്നാണു ബിജെപി ഉറ്റുനോക്കുന്നത്. ഇത്തവണയും ദ്രാവിഡ മണ്ണ് കാൽക്കീഴിൽ ഉറപ്പിച്ചു നിർത്താനാകുമെന്നതാണ് ഡിഎംകെ നേതൃത്വം നൽകുന്ന പ്രതിപക്ഷ സഖ്യത്തിന്‍റെ പ്രതീക്ഷ. എടപ്പാടി പളനിസ്വാമി നേതൃത്വം നൽകുന്ന അണ്ണാ ഡിഎംകെയ്ക്ക് പാർട്ടിയുടെ പ്രാധാന്യം നഷ്ടമായിട്ടില്ലെന്നു തെളിയിക്കാനുള്ള ജീവൻമരണപ്പോരാട്ടമാണ്.

39 ലോക്സഭാ മണ്ഡലങ്ങളിലായി 950 പേരാണ് ഇന്നു ജനവിധി തേടുന്നത്. മാർച്ചിലാണു തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തുടർച്ചയായ സന്ദർശനങ്ങൾ മൂലം ജനുവരിയിൽ തന്നെ തെരഞ്ഞെടുപ്പു ജ്വരം ബാധിച്ചിരുന്നു തമിഴ്നാട്ടിൽ. പുതിയ പാർലമെന്‍റ് മന്ദിരത്തിൽ ചെങ്കോൽ സ്ഥാപിച്ചും കാശി- തമിഴ് സംഗമങ്ങൾ നടത്തിയും ഏറെക്കാലമായി തമിഴ്നാട്ടിൽ ശ്രദ്ധകേന്ദ്രീകരിക്കുകയാണു ബിജെപി. 2019ൽ അണ്ണാ ഡിഎംകെ സഖ്യത്തിന്‍റെ ഭാഗമായിരുന്നു പാർട്ടി. എന്നാൽ, ഇത്തവണ യുവനേതാവ് കെ. അണ്ണാമലൈയുടെ കീഴിൽ പിഎംകെയുൾപ്പെടുന്ന മുന്നണി രൂപീകരിച്ച ബിജെപി തമിഴകത്ത് ചുവടുറപ്പിക്കാനാണു ശ്രമിക്കുന്നത്.

കോയമ്പത്തൂരിൽ മത്സരിക്കുന്ന അണ്ണാമലൈയും നീലഗിരിയിലെ എൽ. മുരുകനുമുൾപ്പെടെ ഏതാനും പേർ വിജയിക്കുമെന്ന പ്രതീക്ഷ പാർട്ടിക്കുണ്ട്. കൂടാതെ സംസ്ഥാനത്തിന്‍റെ ചരിത്രത്തിലാദ്യമായി ബിജെപിക്ക് 20 ശതമാനം വോട്ട് നേടുകയെന്ന ലക്ഷ്യവുമുണ്ട് നേതൃത്വത്തിന്. കച്ചത്തീവ് കൈമാറ്റമുൾപ്പെടെ തമിഴ് പ്രാദേശിക വികാരം ആളിക്കത്തിച്ചുകൊണ്ടുള്ള പ്രചാരണം നടത്തിയതിനു ഫലമുണ്ടാകുമെന്നു പാർട്ടി നേതൃത്വം കണക്കുകൂട്ടുന്നു.

അഭിപ്രായ സർവെകൾ ബിജെപിക്ക് ഏതാനും സീറ്റുകളിൽ നേട്ടം പ്രവചിക്കുന്നുണ്ടെങ്കിലും യഥാർഥ ജനവിധി മറിച്ചാകുമെന്നു ഡിഎംകെ നേതൃത്വം പറയുന്നു. കോൺഗ്രസും ഇടതുപാർട്ടികളും എംഡിഎംകെയും മുസ്‌ലിം ലീഗും ഉൾപ്പെട്ട ശക്തമായ മുന്നണിയാണു ഡിഎംകെയുടെ പിൻബലം. മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുള്ള ജനപിന്തുണയും ഡിഎംകെ മുന്നണിക്കു മേൽക്കൈ നൽകുന്നു.

ഒമ്പതു തവണയാണു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചാരണത്തിനു സംസ്ഥാനത്തെത്തിയത്. തമിഴ്നാടിന്‍റെ ചരിത്രത്തിൽ ഇതാദ്യമാണ് ഒരു പ്രധാനമന്ത്രി ഇത്രയും തവണ പ്രചാരണത്തിനെത്തുന്നത്. 2014ൽ കന്യാകുമാരിയിൽ പൊൻ രാധാകൃഷ്ണൻ വിജയിച്ചതാണ് 1998നുശേഷം അണ്ണാ ഡിഎംകെ, ഡിഎംകെ മുന്നണിയുടെ ഭാഗമായല്ലാതെ ബിജെപി നേടിയ വിജയം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com