

യുഡിഎഫിന് തിരിച്ചടി
വയനാട് : തദ്ദേശ തെരഞ്ഞെടുപ്പിലെ നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനയിൽ യുഡിഎഫിന് തിരിച്ചടി. കൽപ്പറ്റ നഗരസഭയിൽ യുഡിഎഫിന്‍റെ ചെയർമാൻ സ്ഥാനാർത്ഥിയായിരുന്ന രവീന്ദ്രന്‍റെ പത്രിക തള്ളി. 23 ആം വാർഡ് യുഡിഎഫ് സ്ഥാനാർത്ഥി കെ.ജി.രവീന്ദ്രന്‍റെ പത്രികയാണ് തള്ളിയത്.
പിഴ അടക്കാത്തതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് പത്രിക തള്ളിയത്. ഡമ്മി സ്ഥാനാർത്ഥിയായ പ്രഭാകരന്‍റെ പത്രിക സ്വീകരിച്ചിട്ടുണ്ട്
എറണാകുളത്തും യുഡിഎഫിന് തിരിച്ചടി. എറണാകുളം ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ സ്ഥാനാർഥിയുടെ പത്രിക തള്ളിപ്പോയി. നിലവിലെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എൽസി ജോർജിന്‍റെ പത്രികയാണ് തള്ളിപ്പോയത്. കടമക്കുടി ഡിവിഷനിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്നു എൽസി. പത്രിക പൂരിപ്പിച്ചതിലെ പിഴവാണ് തള്ളാൻ കാരണം. ഇവിടെ കോൺഗ്രസിന് ഡെമ്മി സ്ഥാനാർഥിയില്ല.
നിലവിൽ കടമക്കുടി ഡിവിഷനിൽ മത്സരം എൽഡിഎഫും ബിജെപിയും തമ്മിലാകും. എൽസിയെ നിര്‍ദേശിച്ച് പത്രികയിൽ ഒപ്പിട്ടത് ഡിവിഷന് പുറത്തുള്ള വോട്ടറാണ്.ഇവര്‍ നൽകിയ മൂന്ന് സെറ്റ് പത്രികകളിലും പുറമേ നിന്നുള്ള വോട്ടര്‍മാരാണ് നിര്‍ദേശിച്ചുകൊണ്ട് ഒപ്പിട്ടിരിക്കുന്നത്. ഇതാണ് പത്രിക തള്ളാൻ കാരണം.
കോട്ടയത്തും യുഡിഎഫിന് തിരിച്ചടി നേരിട്ടു.കോട്ടയം പാമ്പാടി പഞ്ചായത്തിൽ യുഡിഎഫ് സ്ഥാനാർഥിയുടെ നാമനിർദ്ദേശപത്രിക തള്ളി. രമണി മത്തായിയുടെ പത്രികയാണ് തള്ളിയത്. മുൻപ് തെരഞ്ഞെടുപ്പിൽ മത്സരിച്ച കണക്ക് നൽകാത്തതിനെ തുടർന്നാണ് തള്ളിയത്.