

തെക്കും വടക്കും യുഡിഎഫ് തേരോട്ടം; ഇടതു കോട്ടകൾ ഇളകി
സുഗതൻ പി. ബാലൻ
തൃശൂര്‍: കേരളത്തില്‍ യുഡിഎഫ് തരംഗം ആഞ്ഞടിച്ചപ്പോള്‍ എക്കാലവും കോട്ടയായി നിലനിന്ന ജില്ലകളും ഇക്കുറി ഇടതുപക്ഷത്തെ കൈവിട്ടു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ മുഴുവന്‍ സീറ്റുകളും തൂത്തുവാരിയ ഇടതുമുന്നണി ഇക്കുറി ഒരു സീറ്റിലൊതുങ്ങി.
തൃശൂര്‍, ആലപ്പുഴ, ഇടുക്കി, തിരുവനന്തപുരം ജില്ലകളില്‍ ഒന്നുവീതം സീറ്റുകളില്‍ മാത്രമാണ് കഴിഞ്ഞതവണ യുഡിഎഫിന് ജയിക്കാനായത്. കൊല്ലം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളില്‍ രണ്ടു വീതം സീറ്റുകള്‍ നേടാനാണ് യുഡിഎഫിന് കഴിഞ്ഞത്. എന്നാല്‍, ഇക്കുറി ചിത്രം അടിമുടി മാറിയതാണ് വോട്ടെണ്ണലില്‍ കാണുന്നത്. ഇടുക്കി, എറണാകുളം, കോട്ടയം, വയനാട്, മലപ്പുറം ജില്ലകളില്‍ യുഡിഎഫിന് സമ്പൂര്‍ണ വിജയമാണ്. സിപിഎം വിട്ട് മത്സരിച്ചവരെ പോലും വോട്ടര്‍മാര്‍ മനസറിഞ്ഞ് പിന്തുണച്ചതും തെരഞ്ഞെടുപ്പിന്‍റെ പ്രത്യേകതയാണ്. യുഡിഎഫ് സുനാമിയിലും വമ്പന്‍ പരാജയത്തില്‍ നിന്ന് രക്ഷപ്പെട്ടത് തൃശൂരിലും പാലക്കാടുമാണ്. ജില്ലകള്‍ തിരിച്ചുള്ള പ്രകടനം ചുവടെ:
തിരുവനന്തപുരം
2021ല്‍ ആകെയുള്ള 14 സീറ്റുകളില്‍ ഒന്നില്‍ മാത്രമാണ് യുഡിഎഫിന് കഴിഞ്ഞ തവണ വിജയിക്കാനായത്. കോവളത്ത് എം. വിന്‍സെന്‍റായിരുന്നു വിജയിച്ച ഏക കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. ബിജെപി 2016ല്‍ ബിജെപി വിജയിച്ച നേമം സിപിഎം പിടിച്ചെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇക്കുറി കുത്തക തകര്‍ന്നുവെന്ന് മാത്രമല്ല ബിജെപി സാന്നിധ്യം തിരുവനന്തപുരത്ത് വീണ്ടുമുണ്ടായി എന്നതും ഇടതുമുന്നണിക്ക് തിരിച്ചടിയാണ്. നേമവും കഴക്കൂട്ടവുമാണ് ബിജെപി വിജയിച്ചത്. വര്‍ക്കലയിലും അരുവിക്കരയിലും പാറശാലയിലും നെടുമങ്ങാടും എല്‍ഡിഎഫ് വിജയിച്ചു. ബാക്കി സീറ്റുകളില്‍ യുഡിഎഫ് വിജയിച്ചു. സിഎംപിയിലെ സി.പി. ജോണിനും ഇക്കുറി വിജയിക്കാനായി.
കൊല്ലം
കൊല്ലം ജില്ലയില്‍ ആകെയുള്ള 11 സീറ്റുകളില്‍ രണ്ട് എണ്ണത്തില്‍ മാത്രമാണ് കഴിഞ്ഞ തവണ യുഡിഎഫിന് വിജയിക്കാനായത്. പി.സി. വിഷ്ണുനാഥ് വിജയിച്ച കുണ്ടറയും സി.ആര്‍. മഹേഷ് വിജയിച്ച കരുനാഗപ്പള്ളിയുമാണ് യുഡിഎഫിനൊപ്പം നിന്നത്. എന്നാല്‍, ഈ തെരഞ്ഞെടുപ്പില്‍ കാര്യങ്ങള്‍ അടിമുടി മാറി. കൊട്ടാരക്കരയിലും പുനലൂരിലും മാത്രമാണ് ഇക്കുറി എല്‍ഡിഎഫിന് വിജയിക്കാനായത്. ചാത്തന്നൂരിലെ ബിജെപിയുടെ വിജയമാണ് ജില്ലയിലെ ഹൈലൈറ്റ്. മഹിളാ കോണ്‍ഗ്രസ് നേതാവ് ബിന്ദുകൃഷ്ണയുടെ വിജയത്തിനും തിളക്കമേറെയാണ്. പരാജയത്തില്‍ ശ്രദ്ധേയമായത് പത്തനാപുരത്തെ മന്ത്രി കെ.ബി. ഗണേഷ് കുമാറിന്‍റേതാണ്.
ആലപ്പുഴ
ഇക്കുറി യുഡിഎഫിന്‍റെ തിരിച്ചുവരവ് മാത്രമല്ല ആലപ്പുഴ ജില്ലയെ ശ്രദ്ധേയമാക്കുന്നത്. സിപിഎമ്മുമായി കലഹിച്ച് യുഡിഎഫ് പിന്തുണയോടെ മത്സരിച്ച ജി. സുധാകരന്‍റെ തിളക്കമാര്‍ന്ന വിജയമാണ് എല്ലാവരെയും ഞെട്ടിച്ചത്. കണ്ണൂര്‍ കഴിഞ്ഞാല്‍ പാര്‍ട്ടിക്ക് ഏറ്റവും വേരോട്ടമുള്ളതായി സിപിഎം വിലയിരുത്തുന്ന ജില്ലയിലുണ്ടായ തിരിച്ചടിയുടെ അനുരണങ്ങള്‍ തത്കാലമൊന്നും കെട്ടടങ്ങാനും സാധ്യതയില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആകെയുള്ള ഒൻപത് സീറ്റില്‍ എട്ടും ഇടതുമുന്നണിക്കായിരുന്നു. ഇക്കുറി ചേര്‍ത്തല, മാവേലിക്കര, ചെങ്ങന്നൂര്‍ മണ്ഡലങ്ങളില്‍ മാത്രമാണ് ഇടതുമുന്നണിക്ക് വിജയിക്കാനായത്. മന്ത്രി സജി ചെറിയാന്‍റെ വിജയമാണ് സിപിഎമ്മിന് ഏറ്റവും ആശ്വാസം നല്‍കുന്നത്.
പത്തനംതിട്ട
ഒരുകാലത്ത് യുഡിഎഫ് കോട്ടയായിരുന്ന പത്തനംതിട്ട ജില്ലയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സമ്പൂര്‍ണ വിജയമാണ് നേടിയത്. ആകെയുള്ള അഞ്ച് സീറ്റില്‍ അഞ്ചുംനേടി രാഷ്‌ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചെങ്കില്‍ ഇക്കുറി കോന്നി ഒഴികെ മുഴുവന്‍ സീറ്റും യുഡിഎഫ് സ്വന്തമാക്കി. പരാജയപ്പെട്ട പ്രമുഖരില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജും ഉണ്ട്. ജില്ലയില്‍ ശബരിമല സ്വര്‍ണക്കൊള്ള മുഖ്യ തെരഞ്ഞെടുപ്പ് വിഷയമായിരുന്നു.
ഇടുക്കി
എം.എം. മണിയെന്ന മുതിര്‍ന്ന നേതാവിന്‍റെ തണലില്‍ വളര്‍ന്ന് പന്തലിച്ച സിപിഎമ്മിനും തോട്ടം തൊഴിലാളിമേഖലയില്‍ നിര്‍ണായക ശക്തിയായ സിപിഐക്കും 2021ലെ തെരഞ്ഞെടുപ്പില്‍ മികച്ച വിജയമാണ് ജില്ലയില്‍ നേടാനായത്. ആകെയുള്ള അഞ്ച് സീറ്റില്‍ നാലെണ്ണവും കഴിഞ്ഞ തവണ ഇടതുപക്ഷത്തിനായിരുന്നു. പി.ജെ. ജോസഫിന് മാത്രമാണ് കഴിഞ്ഞ തവണ യുഡിഎഫില്‍ നിന്ന് വിജയിക്കാനായത്. ഇക്കുറി ജോസഫിന്‍റെ മകനായ അപു ജോണ്‍ ജോസഫാണ് തൊടുപുഴയില്‍ നിന്ന് വിജയിച്ചിട്ടുള്ളത്. ഇത്തവണ ജില്ലയിലെ മുഴുവന്‍ സീറ്റും യുഡിഎഫിനാണ്. മന്ത്രി റോഷി അഗസ്റ്റിന്‍ ഇടുക്കിയില്‍ പരാജയപ്പെട്ടു.
കോട്ടയം
യുഡിഎഫിന്‍റെ കോട്ടയായി അറിയപ്പെടുന്ന ജില്ലയാണ് കോട്ടയം. എങ്കിലും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആകെയുളള ഒൻപത് സീറ്റില്‍ അഞ്ച് എണ്ണം നേടിയ സിപിഎമ്മിനായിരുന്നു മുന്‍തൂക്കം. കേരള കോണ്‍ഗ്രസ് എമ്മിന്‍റെ വരവ് കൂടിയായിരുന്നു ഇടതുമുന്നണിയുടെ കരുത്ത് കൂട്ടിയത്. പക്ഷെ ജോസ് കെ. മാണിക്ക് വിജയിക്കാനായിരുന്നില്ല. ഇക്കുറിയും ജോസ് കെ. മാണി തോറ്റു. മന്ത്രിയായ വി.എന്‍. വാസവനും പരാജയം രുചിച്ചവരിലുണ്ട്. ചാണ്ടി ഉമ്മന്‍ വന്‍ഭൂരിപക്ഷത്തിലാണ് ഇക്കുറി വിജയിച്ചത്. മുഴുവന്‍ സീറ്റുകളും യുഡിഎ് നേടി. വര്‍ഷങ്ങളായി സിപിഐ ജയിക്കുന്ന വൈക്കമടക്കം നഷ്ടമായത് ഇടതുകേന്ദ്രങ്ങളെ ഞെട്ടിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കോട്ടയം മണ്ഡലത്തില്‍ വിജയിച്ചു.
എറണാകുളം
എക്കാലവും യുഡിഎഫിന്‍റെ വിശ്വസ്ത കോട്ടയാണ് എറണാകുളം ജില്ല. പിണറായിക്ക് തുടര്‍ഭരണം സമ്മാനിച്ച 2021ല്‍ പോലും ആകെയുള്ള 14 മണ്ഡലങ്ങളില്‍ ഒൻപത് എണ്ണവും യുഡിഎഫിനാണ് ലഭിച്ചത്. ഇക്കുറി മുഴുവന്‍ സീറ്റുകളും സ്വന്തമാക്കിയാണ് യുഡിഎഫ് ഇടതുമുന്നണിയെ ഞെട്ടിച്ചത്. ഇതില്‍ പ്രധാനം മന്ത്രി പി. രാജീവിന്‍റെ പരാജയമാണ്. തെരഞ്ഞെടുപ്പിന് മുൻപ് ട്വന്‍റി20 എന്‍ഡിഎയുടെ ഭാഗമായി മാറിയത് ചില രാഷ്‌ട്രീയ മാറ്റങ്ങള്‍ക്ക് വഴിവയ്ക്കുമെന്ന അഭ്യൂഹം ശക്തമായിരുന്നു. എന്നാല്‍, ട്വന്‍റി20 പ്രതീക്ഷ വച്ചുപുലര്‍ത്തിയ കുന്നത്തുനാടും തൃപ്പൂണിത്തുറയും അവര്‍ക്ക് കാര്യമായി ഒന്നും ചെയ്യാനായില്ല.
തൃശൂര്‍
ഇടതുകോട്ടയ്ക്ക് ഇളക്കം സംഭവിച്ചെങ്കിലും പൂര്‍ണ തകര്‍ച്ച ഉണ്ടായില്ലെന്നത് ഇടതുമുന്നണിക്ക് ആശ്വാസമാണ്. ഇക്കുറി നാല് സീറ്റുകളാണ് യുഡിഎഫിന് ലഭിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 13 സീറ്റില്‍ ഒന്നു മാത്രമാണ് യുഡിഎഫിന് ലഭിച്ചത്. കേരള കോണ്‍ഗ്രസ് എം മത്സരിച്ച ചാലക്കുടിയില്‍ കോണ്‍ഗ്രസിലെ സനീഷ് കുമാര്‍ ജോസഫ് ആണ് വിജയിച്ചത്. ഇരിങ്ങാലക്കുടയില്‍ മന്ത്രി ആര്‍. ബിന്ദു പരാജയപ്പെട്ടു. തൃശൂര്‍ മണ്ഡലത്തില്‍ ബിജെപി വലിയ പ്രതീക്ഷ വച്ചുപുലര്‍ത്തിയിരുന്നെങ്കിലും സ്ഥാനാര്‍ഥിയായ പത്മജ വേണുഗോപാല്‍ മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. സിപിഐയിലെ കെ. രാജന്‍ ഒല്ലൂരില്‍ വിജയിച്ചു. കുന്നംകുളത്ത് സിപിഎമ്മിലെ എ.സി. മൊയ്തീന്‍ വിജയം ആവര്‍ത്തിച്ചു.
പാലക്കാട്
ബിജെപി എ ക്ലാസ് മണ്ഡലമായി പരിഗണിക്കുന്ന പാലക്കാട് ശോഭ സുരേന്ദ്രന്‍ സ്ഥാനാര്‍ഥിയായി എത്തിയതോടെ പാര്‍ട്ടി വലിയ പ്രതീക്ഷയിലായിരുന്നു. എന്നാല്‍, മത്സര രംഗത്ത് പുതുമുഖമായ മുഴുവന്‍ സമയ രാഷ്‌ട്രീയക്കാരനല്ലാത്ത രമേഷ് പിഷാരടിക്ക് മുന്നില്‍ ശോഭ തകര്‍ന്നടിഞ്ഞു. വി.എസ്. അച്യുതാനന്ദന്‍ മത്സരിച്ചിരുന്ന മലമ്പുഴയില്‍ അദ്ദേഹത്തിന്‍റെ മുന്‍ പേഴ്‌സണല്‍ അസിസ്റ്റന്‍റ് എ. സുരേഷിനെ മുന്‍നിര്‍ത്തി യുഡിഎഫ് നടത്തിയ രാഷ്‌ട്രീയ നീക്കം ലക്ഷ്യം കണ്ടില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ആകെയുള്ള 12 സീറ്റില്‍ പത്ത് എണ്ണവും എല്‍ഡിഎഫിനായിരുന്നു. ഇക്കുറി യുഡിഎഫിന് ആറ് സീറ്റുണ്ട്. പട്ടാമ്പി, ഷൊര്‍ണൂര്‍, ഒറ്റപ്പാലം, തരൂര്‍, നെന്മാറ, ആലത്തൂര്‍ സീറ്റുകള്‍ എല്‍ഡിഎഫ് നിലനിര്‍ത്തി.
മലപ്പുറം
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ നിയമസഭാ മണ്ഡലങ്ങളുള്ള ജില്ലയാണ് മലപ്പുറം. യുഡിഎഫ് ഘടക കക്ഷിയായ മുസ്‌ലിം ലീഗിന്‍റെ ശക്തികേന്ദ്രവുമാണിവിടം. 2021ലെ തെരഞ്ഞെടുപ്പിലും ആകെയുള്ള 16 സീറ്റില്‍ 13 എണ്ണവും യുഡിഎഫിനായിരുന്നു. മലപ്പുറവും താനൂരും നിലമ്പൂരും പൊന്നാനിയുമായിരുന്നു എല്‍ഡിഎഫിന് ലഭിച്ചത്. ഇതില്‍ പി.വി. അന്‍വര്‍ രാജിവച്ചതിനെ തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ആര്യാടന്‍ ഷൗക്കത്തിലൂടെ യുഡിഎഫ് നിലമ്പൂര്‍ തിരിച്ചുപിടിച്ചിരുന്നു. തവനൂരില്‍ കെ.ടി. ജലീല്‍ പരാജയപ്പെട്ടു. ലീഗിന്‍റെ പ്രമുഖരെല്ലാം വിജയിച്ചിട്ടുണ്ട്. ഇക്കുറി മുഴുവന്‍ സീറ്റുകളും യുഡിഎഫ് തൂത്തുവാരി.
കോഴിക്കോട്
കോഴിക്കോട് ഏതെങ്കിലും പാര്‍ട്ടിയുടെ കുത്തക അവകാശപ്പെടാവുന്ന ജില്ലയല്ല. എങ്കിലും 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ കാര്യമായി അനുഗ്രഹിച്ച ജില്ലയായിരുന്നു കോഴിക്കോട്. മന്ത്രി പി.എ. മുഹമ്മദ് റിയാസ് അടക്കം പല പ്രമുഖരും വിജയിച്ചിരുന്നു. ഐഎന്‍എലും കോഴിക്കോട് ജില്ലയില്‍ നിന്നാണ് നിയമസഭാ പ്രാതിനിധ്യം ഉറപ്പാക്കിയത്. ആകെയുള്ള 13ല്‍ 11 സീറ്റുകളും എല്‍ഡിഎഫിനായിരുന്നു. ഇക്കുറി കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞു. ബേപ്പൂരില്‍ കുറഞ്ഞ ഭൂരിപക്ഷത്തിലാണ് മന്ത്രി മുഹമ്മദ് റിയാസിന് വിജയിക്കാനായത്. പി.വി. അന്‍വറായിരുന്നു എതിരാളി. ബേപ്പൂര്‍ മാത്രമാണ് എല്‍ഡിഎഫിന് ജയിക്കാനായത്. എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍ പരാജയപ്പെട്ടവരുടെ നിരയിലുണ്ട്. പേരാമ്പ്രയിലാണ് ലീഗിലെ ഫാത്തിമ തഹ്‌ലിയയോട് പരാജയപ്പെട്ടത്.
വയനാട്
മുണ്ടക്കൈ, ചൂരല്‍മല ദുരന്തമുണ്ടയ ജില്ലയില്‍ ഇടതുമുന്നണി തൂത്തെറിയപ്പെട്ടു. ദുരന്തം കൈകാര്യം ചെയ്ത രീതി ഇടതുമുന്നണിക്കെതിരായി എന്നാണ് തെരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സൂചന. ഡിസിസി ട്രഷറായിരുന്ന വിജയന്‍റെ ആത്മഹത്യ വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെട്ടെങ്കിലും ആരോപണമുനയിലായിരുന്ന ഐ.സി. ബാലകൃഷ്ണന്‍ സുല്‍ത്താന്‍ ബത്തേരിയില്‍ അനായാസ വിജയം നേടിയെന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആകെയുള്ള മൂന്ന് സീറ്റില്‍ രണ്ടും യുഡിഎഫിനായിരുന്നു. ഇക്കുറി മുഴുവന്‍ സീറ്റും യുഡിഎഫ് നേടി.
കണ്ണൂര്‍
കേരള രാഷ്‌ട്രീയം ദീര്‍ഘകാലം ചര്‍ച്ച ചെയ്യപ്പെടുന്ന തെരഞ്ഞെടുപ്പ് ഫലമാണ് ഇക്കുറി കണ്ണൂരിലുണ്ടായത്. സിപിഎമ്മിന്‍റെ കോട്ടയാണ് കണ്ണൂര്‍. ഒരിക്കലും പാര്‍ട്ടിയെ വെല്ലുവിളിച്ച് ഇവിടെ മുന്നോട്ടുപോവുക എളുപ്പമല്ല. മറ്റിടങ്ങളില്‍ നിന്ന് വ്യത്യസ്തമായി ശാരീരികമായും നേരിടുന്ന പ്രവണതയും ഇവിടെയുണ്ട്. കെ. സുധാകരനെ പോലുള്ള ചില ഒറ്റയാന്‍മാര്‍ക്ക് മാത്രമാണ് ഈ വെല്ലുവിളി അതിജിവിക്കാനായിട്ടുള്ളത്. ആ കോട്ടയിലാണ് ഇക്കുറി സിപിഎമ്മിനെ ഞെട്ടിച്ച് രണ്ട് വിമതര്‍ സ്ഥാനാര്‍ഥികളായതും അവര്‍ വിജയിച്ചതും. അതില്‍ ടി.കെ. ഗോവിന്ദന്‍ തോല്‍പ്പിച്ചത് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ ഭാര്യയെയാണ്. കളം മാറുമ്പോള്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്നു ടി.കെ. ഗോവിന്ദന്‍. പാര്‍ട്ടി തെറ്റുതിരുത്തലുകള്‍ക്ക് തയാറാവണമെന്ന ആവശ്യം അവഗണിച്ചപ്പോഴാണ് പയ്യന്നൂരില്‍ കുഞ്ഞികൃഷ്ണന്‍ യുഡിഎഫ് പിന്തുണയോടെ മത്സര രംഗത്തിറങ്ങിയതും വിജയിച്ചതും. പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ നേതൃത്വം പരാജയപ്പെട്ടതാണ് കണ്ണൂരില്‍ കാണുന്നത്. സിപിഎം കോട്ട ഇളകുന്നതിന്‍റെ ലക്ഷണങ്ങളാണ് കാണുന്നത്. മുഖ്യമന്ത്രി പിണറായി പോലും ധര്‍മടത്ത് ആദ്യറൗണ്ടുകളില്‍ പിന്നിലായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇരിക്കൂറും പേരാവൂരും മാത്രമാണ് യുഡിഎഫിന് ലഭിച്ചത്. ഇക്കുറി ധര്‍മടം, കല്യാശേരി, മട്ടന്നൂര്‍, തലശേരി, കൂത്തുപറമ്പ് മണ്ഡലങ്ങളില്‍ ഇടതുമുന്നണി വിജയിച്ചു.
കാസര്‍ഗോഡ്
2021ലെ തെരഞ്ഞെടുപ്പില്‍ അഞ്ചില്‍ മൂന്ന് സീറ്റുകളം എല്‍ഡിഎഫിനായിരുന്നു. കണ്ണൂരിലേതിന് സമാനമായ രാഷ്‌ട്രീയ സ്വഭാവമാണ് പലപ്പോഴും കാസര്‍ഗോഡും കാണിക്കാറുള്ളത്. ഇക്കുറി തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യരുടെ വിജയമാണ് എല്ലാവരെയും ഞെട്ടിക്കുന്നത്. ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ വാര്യര്‍ക്ക് അവസാന നിമിഷമാണ് സീറ്റ് ഉറപ്പിക്കാനായത്. കാഞ്ഞങ്ങാട് മാത്രമാണ് ഇക്കുറി ഇടത് മുന്നണിക്കൊപ്പം നിന്നത്.