
തിരുവനന്തപുരം: സംസ്ഥാനത്തെ 31 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് മേൽക്കൈ. നിർണായക സീറ്റുകളിൽ അട്ടിമറി വിജയം നേടിയതോടെ മൂന്നു പഞ്ചായത്തുകളിൽ യുഡിഎഫ് ഭരണത്തിലേക്ക്. തൃശൂർ നാട്ടിക, ഇടുക്കി കരിമണ്ണൂർ, പാലക്കാട് തച്ചമ്പാറ പഞ്ചായത്തുകളാണ് എൽഡിഎഫിൽനിന്നു യുഡിഎഫ് പിടിച്ചെടുത്തത്. 31 സീറ്റുകളിൽ 17 ഇടത്ത് യുഡിഎഫ് വിജയിച്ചു. എൽഡിഎഫ് 11 സീറ്റുകളിലും ബിജെപി മൂന്നു സീറ്റുകളിലും വിജയിച്ചു. എല്‍ഡിഎഫ് 15, യുഡിഎഫ് 13, ബിജെപി മൂന്ന് എന്നിങ്ങനെയായിരുന്നു തെരഞ്ഞെടുപ്പിനുള്ള മുൻപുള്ള സ്ഥിതി.
മലപ്പുറം ജില്ലാ പഞ്ചായത്തിലെ തൃക്കലങ്ങോട് വാർഡ് ഉൾപ്പെടെ 11 ജില്ലകളിലായി നാല് ബ്ലോക്ക് പഞ്ചായത്തുകൾ, മൂന്ന് മുനിസിപ്പാലിറ്റി വാർഡുകൾ, 23 ഗ്രാമപഞ്ചായത്ത് വാർഡുകൾ എന്നിവയിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. എൽഡിഎഫില്‍ നിന്ന് യുഡിഎഫ് ഒമ്പത് സീറ്റുകളും യുഡിഎഫിൽ നിന്ന് എൽഡിഎഫ് നാല് സീറ്റുകളും പിടിച്ചെടുത്തു. ബിജെപിയിൽ നിന്ന് എൽഡിഎഫ് ഒരു സീറ്റും യുഡിഎഫിൽ നിന്നും ബിജെപി ഒരു സീറ്റും പിടിച്ചു.
ഫലം പുറത്ത് വന്നതോടെ തൃശൂരിലെ നാട്ടിക, ഇടുക്കി കരിമണ്ണൂര്‍ പാലക്കാട് തച്ചമ്പാറ എന്നീ പഞ്ചായത്തുകളുടെ ഭരണം യുഡിഎഫിന് ലഭിച്ചത് നേട്ടമായി. നാട്ടികയില്‍ ഇതുവരെ എല്‍ഡിഎഫ് അഞ്ച്, യുഡിഎഫ് അഞ്ച് എന്ന അവസ്ഥയായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലമെത്തിയതോടെ യുഡിഎഫ് ആറ് സീറ്റിലേക്കെത്തി.നാട്ടിക ഒന്‍പതാം വാര്‍ഡ് ആണ് യുഡിഎഫ് തിരിച്ചു പിടിച്ചത്. ഇടുക്കി കരിമണ്ണൂര്‍ പഞ്ചായത്തില്‍ പന്നൂര്‍ വാര്‍ഡാണ് യുഡിഎഫ് സ്വന്തമാക്കിയത്. യുഡിഎഫിലെ ഒരംഗം കൂറുമാറിയതാണ് ഇവിടെ ഭരണം നഷ്ടപ്പെടാന്‍ കാരണമായത്. പാലക്കാട് തച്ചമ്പാറയില്‍ 7-7 എന്ന നിലയിലായിരുന്നു യുഡിഎഫും എല്‍ഡിഎഫും നിലനിന്നത്.