യുഡിഎഫിന്‍റെ സർജിക്കൽ സ്ട്രൈക്ക്

ഇടതു കോട്ടകൾ നിലംപൊത്തി
udf win kerala local body election

യുഡിഎഫിന്‍റെ സർജിക്കൽ സ്ട്രൈക്ക്

Updated on

പി.ബി. ബിച്ചു

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പുകളും ലോക്സഭാ തെരഞ്ഞെടുപ്പും വിജയിച്ചെത്തിയ യുഡിഎഫിന്‍റെ സർജിക്കൽ സ്ട്രൈക്കായിമാറി‌ തദ്ദേശ ഫലം. നേതാക്കൾക്കെതിരായ പൊലീസ് കേസുകളും പരാതികളുമടക്കം തെരഞ്ഞെടുപ്പിൽ ചർച്ചയായിരുന്നെങ്കിലും കോർപ്പറേഷനുകൾ , മുനിസിപ്പാലിറ്റികൾ, ‌ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകൾ തുടങ്ങി എല്ലായിടത്തും യുഡിഎഫ് വ്യക്തമായ മുന്നേറ്റമുണ്ടാക്കി. ദശാബ്ദങ്ങളായി എൽഡിഎഫ് ആധിപത്യം പുലർത്തിയിരുന്ന പഞ്ചായത്തുകളും കോർപ്പറേഷനുകളുമടക്കം എൽഡിഎഫിനെ കൈവിട്ടതോടെ ഭരണവിരുദ്ധവികാരം കേരളമൊട്ടാകെ അലയടിച്ചെന്നത് വ്യക്തമാകുകയാണ്. ശബരിമല സ്വർണക്കൊള്ളയും തുടർന്നുണ്ടായ സിപിഎം നേതാക്കളുടെ അറസ്റ്റും ജനങ്ങളെ ഇടത് പക്ഷത്ത് നിന്നും അകറ്റിയപ്പോൾ സിപിഎമ്മിനൊപ്പം നിന്ന ഈഴവ സമുദായത്തിന്‍റെ വോട്ടുകൾ ഉൾപ്പെടെ ഭിന്നിച്ച് കോൺഗ്രസിലേക്കും ബിജെപിയിലേക്കും പോയിട്ടുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ഒപ്പം പാർലമെന്‍റ് തെരഞ്ഞെടുപ്പോടെ ഇടതുപക്ഷം കൈവിട്ട ന്യൂനപക്ഷം യുഡിഎഫിനൊപ്പം നിലയുറപ്പിച്ചതും പ്രതി‌പക്ഷത്തിന്‍റെ വിജയത്തിന് മാറ്റുകൂട്ടി. വെൽഫെയർ പാർട്ടിയുമായുണ്ടാക്കിയ യുഡിഎഫ് ധാരണയെ ചൊല്ലി സിപിഎം ആരോപണങ്ങൾ ഉന്നയിച്ചെങ്കിലും മലബാറിലും ഉത്തരമലബാറിലും യുഡിഎഫ് സ്വന്തം വോട്ടുകൾ കോട്ടകെട്ടി കാത്തു. അതേസമയം, പിഎംശ്രീ പദ്ധതിയിൽ ഇതടുപക്ഷത്തിലുണ്ടായ തർക്കങ്ങളും പ്രതിപക്ഷത്തിന് ഗുണം ചെയ്തെന്നു പറയാം. 2010 ന് ശേഷമുള്ള യുഡിഎഫിന്‍റെ തേരോട്ടം നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചുവരവിനുള്ള സൂചനയായാണ് നേതൃത്വം വിലയിരുത്തുന്നു.

2010ലെ സമാനമായ ഫലത്തിനുശേഷം തൊട്ടടുത്ത വർഷം യുഡിഎഫ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച ചരിത്രവുമുണ്ടെന്നതിനാൽ വലിയ പ്രതീക്ഷയിലാണ് പ്രതിപക്ഷം. പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും ശക്തമായ സാന്നിധ്യമായി മാറിയതിന്‍റെ ആത്മവിശ്വാസത്തിൽ മുന്നോട്ടുപോകാൻ പാർട്ടി നേതൃത്വം താഴെത്തട്ടിലേക്ക് നിർദേശം നൽകിക്കഴിഞ്ഞു. കണ്ണൂർ ഉറപ്പിച്ചിരുന്ന യുഡിഎഫിന് തൃശൂരിനും കൊച്ചിക്കുമൊപ്പം കൊല്ലം കോര്‍പ്പറേഷനിൽ കൂടി മുന്നേറ്റമുണ്ടാക്കാനായെന്നാണ് ശ്രദ്ധേയം. വലതു മുന്നണി അച്ചടക്കത്തോടെ പ്രവർത്തിച്ചപ്പോൾ അമിത ആത്മവിശ്വാസം എൽഡിഎഫിന്‍റെ സാധ്യതകളെ പിന്നോട്ടടിച്ചു.

സ്ഥാനാർഥി നിർണയത്തിലെ പാളിച്ചകൾ ആദ്യം മുതൽക്കേ ചർച്ചയായിരുന്നെങ്കിലും പ്രശ്നപരിഹാരത്തിന് പാർട്ടി ശ്രമിക്കാതിരുന്നത് തോൽവിയുടെ ആഘാതം കൂട്ടി. കൊല്ലം കോർപ്പറേഷൻ‌ രൂപീകരണം മുതല്‍ ഇടതിന്‍റെ കുത്തയായിരുന്നെങ്കിലും മേയര്‍ ഹണി ബെഞ്ചമിനടക്കം ഇവിടെ പരാജയപ്പെട്ടു. വിമതരെ കൊണ്ട് പൊറുതിമുട്ടിയ കൊച്ചി കോർപ്പറേഷനിൽ അവരെയെല്ലാം പിന്തള്ളിയാണ് യുഡിഎഫ് മുന്നേറ്റം. കോഴിക്കോട് കോര്‍പ്പറേഷനിലും ഇക്കുറി വാശിയേറിയ മത്സരമാണ് നടന്നത്. എല്‍ഡിഎഫിന്‍റെ പരമ്പരാഗതമായ പല കേന്ദ്രങ്ങളിലേക്കും കടന്നുകയറാന്‍ യുഡിഎഫിന് കഴിഞ്ഞു. തൃശൂരിൽ ശക്തമായ സാന്നിധ്യമായതോടെ ഭരണത്തിലേറാനുള്ള ഒരുക്കത്തിലാണ് മുന്നണി. മലബാറിൽ മുസ്ലിം ലീഗും മധ്യകേരളത്തിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗവും കൊല്ലത്തടക്കം ആർഎസ്പിയുമെല്ലാം കോൺഗ്രസിനൊപ്പം കരുത്ത് തെളിയിച്ചതോടെ യുഡിഎഫ് വിജയം സുഗമമായി. ക്ഷേമപെന്‍ഷന്‍ വര്‍ധനയടക്കം പ്രഖ്യാപിച്ചാണ് സിപിഎം തെരഞ്ഞെടുപ്പിനെ നേരിട്ടതെങ്കിലും ജനങ്ങൾ യുഡിഎഫിനൊപ്പമാണെന്ന പ്രതീതി സൃഷ്ടിക്കാൻ ഫലം വഴിയൊരുക്കിയിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com