ഇലക്റ്ററൽ ബോണ്ട് എന്ത്‍? വിശദാംശങ്ങൾ അറിയാം

ഇലക്റ്ററൽ ബോണ്ട് എന്ത്‍? വിശദാംശങ്ങൾ അറിയാം

എന്താണ് ഇലക്‌ടറൽ ബോണ്ട്, എങ്ങനെയാണ് ഇത് പ്രവർത്തിക്കുന്നത്, എന്തുകൊണ്ടാണ് ഇലക്റ്ററൽ ബോണ്ടിനെതിരേ ഇത്രയും വലിയൊരു കേസ് സുപ്രീം കോടതിയിൽ വന്നത് തുടങ്ങി നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്.

നമിത മോഹനൻ

ഇലക്റ്ററൽ ബോണ്ട് ഭരണഘടനാവിരുദ്ധമാണെന്നു വിധിച്ച സുപ്രീം കോടതി, ഈ പദ്ധതി അസാധുവായി പ്രഖ്യാപിച്ചിരുന്നു. പദ്ധതിയിൽ പണം നൽകിയവരുടെ വിശദാംശങ്ങൾ ഹാജരാക്കാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയോടു നിർദേശിക്കുകയും ചെയ്തു. വിധിക്കു പിന്നാലെ തെരഞ്ഞെടുപ്പു കമ്മിഷൻ തെരഞ്ഞെടുപ്പു കടപ്പത്രങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തു വിട്ടിരിക്കുകയാണ്. എന്താണ് ഇലക്‌ടറൽ ബോണ്ട്, എങ്ങനെയാണ് ഇത് പ്രവർത്തിക്കുന്നത്, എന്തുകൊണ്ടാണ് ഇലക്റ്ററൽ ബോണ്ടിനെതിരേ ഇത്രയും വലിയൊരു കേസ് സുപ്രീം കോടതിയിൽ വന്നത് തുടങ്ങി നിരവധി ചോദ്യങ്ങളാണ് ഇതിനു പിന്നാലെ ഉയരുന്നത്.

എന്താണ് ഇലക്റ്ററൽ ബോണ്ട്

രാഷ്‌ട്രീയ പാർട്ടികൾക്കു ലഭിക്കുന്ന ഫണ്ടിങ്ങും മറ്റു സംഭാവനകളുമായി ബന്ധപ്പെട്ടതാണ് ഇലക്‌റ്ററൽ ബോണ്ട്. 2017ൽ അന്നത്തെ ധനമന്ത്രിയായിരുന്ന അരുൺ ജെയ്റ്റ്ലിയാണ് കേന്ദ്ര ബജറ്റിനൊപ്പം ഇലക്‌റ്ററൽ ബോണ്ട് സ്കീം അവതരിപ്പിക്കുന്നത്. കള്ളപ്പണ നിക്ഷേപം കുറയ്ക്കുക, ഫണ്ടിങ്ങിനു രഹസ്യ സ്വഭാവം ഉണ്ടാക്കുക എന്നിവയായിരുന്നു ഇതിന്‍റെ പ്രധാന ലക്ഷ്യങ്ങൾ.

ഇലക്റ്ററൽ ബോണ്ട് എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് വ്യക്തമാവണമെങ്കിൽ 2017നു മുൻപ്, അതായത് ഇലക്‌റ്ററൽ ബോണ്ട് സ്കീം അവതരപ്പിക്കുന്നതിനു മുൻപ്, എങ്ങനെയാണ് രാഷ്‌ട്രീയ പാർട്ടികളുടെ ഫണ്ടിങ്ങും ഡൊണേഷനുമൊക്കെ നടന്നിരുന്നത് എന്നു മനസിലാക്കണം.

ഇലക്റ്ററൽ ബോണ്ടിനു മുൻപ്

ഇലക്റ്ററൽ ബോണ്ടിനു മുൻപ് ഇടനിലക്കാരില്ലാതെ തന്നെ‌ ഒരു പൗരന് അല്ലെങ്കിൽ ഒരു കമ്പനിക്ക് ഏതു ഒരു രാഷ്‌ട്രീയ പാർട്ടിക്കും സംഭാവന ചെയ്യാം. അതിന് പാർട്ടിയുടെ ബന്ധപ്പെട്ട ആളുകൾക്ക് നേരിട്ട് പണം കൈമാറാമായിരുന്നു. എന്നാൽ ഇതിൽ രണ്ടു പ്രശ്നങ്ങളാണ് ഉണ്ടായിരുന്നത്:

ഒരു രാഷ്‌ട്രീയ പാർട്ടിക്ക് 20,000 രൂപയ്ക്ക് മുകളിൽ ഡൊണേഷൻ നൽകുകയാണെങ്കിൽ അതിന്‍റെ കൃത്യമായ വിവരങ്ങൾ ആ രാഷ്‌ട്രീയ പാർട്ടി പരസ്യപ്പെടുത്തണം. ഇലക്ഷൻ കമ്മിഷനും ആദായനികുതി വകുപ്പിനും ഇതിന്‍റെ വിശദാംശങ്ങൾ നൽകണം. ഇതു മറികടക്കാൻ പല പൊളിറ്റിക്കൽ പാർട്ടികളും ആര് എത്ര വലിയ തുക നൽകിയാലും 20,000 രൂപയിൽ കൂടുതൽ രേഖപ്പെടുത്താതെയായി. അങ്ങനെ ചെയ്യുന്നത് വഴി ഡൊണേഷനുമായി ബന്ധപ്പെട്ട ഒരു വിവരങ്ങളും പാർട്ടികൾക്ക് ആരെയും ബോധിപ്പിക്കേണ്ടതില്ല എന്ന സ്ഥിതിയായിരുന്നു. ഇത്തരത്തിൽ കണക്കുകളില്ലാത്ത പണം അഥവാ കള്ളപ്പണം കൂടുതലായി പാർട്ടികളുടെ ഡൊണേഷൻ ഫണ്ടിലേക്ക് എത്തിയിരുന്നു. ആരാണ് കൊടുത്തതെന്നോ, എത്രയാണ് കൊടുത്തതെന്നോ ഉള്ള കാര്യം പുറത്തറിയുകയുമില്ല.

രണ്ടാമത്തെ പ്രശ്നം വിക്റ്റിമൈസേഷനാണ്. ഒരു രാഷ്‌ട്രീയ പാർട്ടിക്ക് പണം നൽകുന്ന വ്യക്തിക്ക് മറ്റു പാർട്ടിക്കാരിൽ നിന്നു സമ്മർദമുണ്ടാവും. അതായത്, ഒരു പാർട്ടിക്ക് അവർ ജയിക്കുമെന്ന ധാരണയിൽ ഡൊണേഷൻ നൽകുകയാണെങ്കിൽ അതിന്‍റെ വിശദാംശങ്ങൾ തെരഞ്ഞെടുപ്പു കമ്മിഷന് മുന്നിൽ എത്തും. തെരഞ്ഞെടുപ്പിൽ ഈ പാർട്ടി തോറ്റാൽ, അവർക്കു ഡൊണേഷൻ നൽകിയവരെ കണ്ടെത്തി ഉപദ്രവിക്കാൻ ജയിച്ച പാർട്ടിക്കു സാധിക്കും. ഈ രണ്ടു പ്രശ്നങ്ങളും പരിഹരിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് 2017ൽ ഇലക്റ്ററൽ ബോണ്ട് സ്കീം കൊണ്ടുവരുന്നത്.

ഇലക്‌റ്ററൽ ബോണ്ടിന്‍റെ പ്രവർത്തനം

ഇലക്റ്ററൽ ബോണ്ടുമായി ബന്ധപ്പെട്ട് ഒരു നിയന്ത്രണമാണ് ആദ്യം കൊണ്ടുവരുന്നത്. അതായത്, ഒരു വ്യക്തിക്കോ കമ്പനിക്കോ പണമായി ഒരു രാഷ്‌ട്രീയ പാർട്ടിക്കു നേരിട്ട് നൽകാവുന്ന തുക 2,000 രൂപയായി നിശ്ചയിച്ചു. അതിനു മുകളിലുള്ള തുക നേരിട്ട് പണമായി നൽകാൻ സാധിക്കില്ല. അവിടെയാണ് ഇലക്റ്ററൽ ബോണ്ടുകൾ പ്രവർത്തിക്കുന്നത്.

ഒരു വ്യക്തിക്കോ കമ്പനിക്കോ 2,000 രൂപയ്ക്ക് മുകളിലുള്ള തുക ഒരു രാഷ്‌ട്രീയ പാർട്ടിക്ക് ഡൊണേറ്റ് ചെയ്യണമെങ്കിൽ ഇവർ ആദ്യം സമീപിക്കേണ്ടത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെയാണ്. ബാങ്കിൽ ചെന്ന് നേരെ ഇലക്റ്ററൽ ബോണ്ടുകൾ വാങ്ങാൻ കഴിയില്ല. മറിച്ച്, സംഭാവന നൽകാൻ ആഗ്രഹിക്കുന്നയാൾ ആദ്യം കെവൈസി ഫോം പൂരിപ്പിച്ച് നൽകണം. വിവരങ്ങളെല്ലാം പരിശോധിച്ച ശേഷം മാത്രമാണ് എസ്ബിഐ ഇലക്റ്ററൽ ബോണ്ടുകൾ നൽകുക. ആയിരം, പതിനായിരം, ഒരു ലക്ഷം എന്നിങ്ങനെയായിരിക്കും ബോണ്ടുകൾ. ഏറ്റവും കുറഞ്ഞ ബോണ്ട് ആയിരത്തിന്‍റേതാണ്. ഉയർന്ന പരിധിയില്ല.

ഇലക്‌റ്ററൽ ബോണ്ടുകൾ വാങ്ങാനുള്ള തുകയും പണമായി നൽകാനാവില്ല. ചെക്ക്, ഡിഡി, ബാങ്ക് ട്രാൻസ്ഫർ എന്നിങ്ങനെ മാത്രമേ പണം കൈമാറാൻ സാധിക്കൂ. ഇത്തരത്തിൽ തുക അടച്ചു കഴിഞ്ഞാൽ ബാങ്കിൽ നിന്ന് ഇലക്റ്ററൽ ബോണ്ട് രേഖ നൽകും. ബോണ്ട് എത്ര തുകയുടേതാണെന്നും വാങ്ങിയ തീയതിയും ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ടാകും.

ഇങ്ങനെ വാങ്ങുന്ന ഇലക്റ്ററൽ ബോണ്ട് ഏത് പാർട്ടിക്കാണോ ഡൊണേറ്റ് ചെയ്യുന്നത്, ആ പാർട്ടിയുടെ ബന്ധപ്പെട്ട അധികൃതർക്കു കൈമാറാം. പാർട്ടിയുടെ പ്രതിനിധി 15 ദിവസത്തിനുള്ളിൽ അവർക്ക് അക്കൗണ്ടുള്ള ബാങ്കിൽ ഇതു കൊടുക്കണം. അക്കൗണ്ടിലേക്ക് എസ്ബിഐയിൽ നിന്ന് തുക എത്തും. 15 ദിവസം മാത്രമാണ് ഒരു ഇലക്റ്ററൽ ബോണ്ടിന്‍റെ കാലാവധി. ഇതിനുള്ളിൽ വേണ്ടപ്പെട്ടവർ ഇലക്റ്ററൽ ബോണ്ട് ഉപയോഗിച്ചില്ലെങ്കിൽ തുക പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു പോവും.

ഇലക്റ്ററൽ ബോണ്ട് ആർക്കൊക്കെ ഉപയോഗിക്കാം

ഇന്ത്യയിലുള്ള എല്ലാ രാഷ്‌ട്രീയ പാർട്ടികൾക്കും ഇലക്റ്ററൽ ബോണ്ടുകൾ ഉപയോഗിച്ച് പണം വാങ്ങാനാവില്ല. ഇതിനും ചില നിബന്ധനകളുണ്ട്. രജിസ്റ്റേർഡ് പൊളിറ്റിക്കൽ പാർട്ടി ആയിരിക്കണം എന്നതാണ് ആദ്യ നിബന്ധന. തൊട്ടു മുൻപു നടന്ന ലോക്സഭാ / നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ആകെ പോൾ ചെയ്ത വോട്ടിന്‍റെ ഒരു ശതമാനമെങ്കിലും നേടിയ പാർട്ടിയായിരിക്കണം.

സവിശേഷതകൾ

ഇലക്റ്ററൽ ബോണ്ടുകൾ വാങ്ങുന്നതിനുള്ള പണം നേരിട്ടു നൽകാനാവില്ല എന്നതിനാൽ കള്ളപ്പണത്തിന്‍റെ ഒഴുക്ക് കുറയ്ക്കാം. ബോണ്ട് നൽകുന്ന ആൾക്കും രാഷ്‌ട്രീയ പാർട്ടിക്കുമല്ലാതെ മറ്റാർക്കും, ആരാണ് തുക നൽകിയതെന്നോ എത്ര രൂപ നൽകിയെന്നോ അറിയാൻ സാധിക്കില്ല. അതായത്, ഫണ്ടിങ്ങിൽ കൃത്യമായ രഹസ്യ സ്വഭാവം ഉണ്ടാവുന്നു.

പോരായ്മകൾ

ഇലക്റ്ററൽ ബോണ്ടിങ്ങിലെ പ്രധാന പ്രശ്നവും ഈ രഹസ്യ സ്വഭാവം തന്നെയായിരുന്നു. രാഷ്‌ട്രീയ പാർട്ടികളുടെ ഫണ്ടിങ്ങിലെ സുതാര്യതയാണ് ഇതിലൂടെ ഇല്ലാതാവുന്നത്. വ്യക്തികൾക്ക് പുറമേ വലിയ കമ്പനികളടക്കം വലിയ വലിയ തുകകൾ രാഷ്‌ട്രീയ പാർട്ടികൾക്ക് ഇലക്റ്ററൽ ബോണ്ട് വഴി കൈമാറുന്നു. പല കമ്പനികളും വലിയ തുകകൾ നൽകുന്നത് പലപ്പോഴും അവരുടേതായ പല ആവശ്യങ്ങളും നടപ്പാക്കുന്നതിനു വേണ്ടിയാവും. എന്നാൽ ഇക്കാര്യങ്ങളൊന്നും പൊതുജനങ്ങൾക്ക് അറിയാനാകില്ല.

സുപ്രീം കോടതിയിലേക്ക്

ഒരു രാഷ്‌ട്രീയ പാർട്ടിക്ക് വോട്ടു ചെയ്യുന്ന ഒരു ഇന്ത്യൻ പൗരന്, അവർ വോട്ട് ചെയ്ത പാർട്ടിക്ക് എവിടെ നിന്നെല്ലാം ഫണ്ട് വരുന്നുണ്ടെന്ന് അറിയാനുള്ള ഭരണാഘടനാപരമായ അധികാരമുണ്ടെന്ന വാദമാണ് പ്രധാനമായും ഉയർന്നത്. ഇതുമായി ബന്ധപ്പെട്ടാണ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിക്കപ്പെടുന്നത്. ഈ പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്ന് പരമോന്നത കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഏകകണ്ഠമായി വിധിയെഴുതുകയും പദ്ധതി അസാധുവാക്കുകയും ചെയ്തു.

അസാധുവാക്കിയതിനു പിന്നാലെ എസ്ബിഐയോട് ഇലക്റ്ററൽ ബോണ്ട് സംബന്ധിച്ച് വിശദാംശങ്ങൾ കൈമാറാനും കോടതി ആവശ്യപ്പെട്ടത്.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com