ജി. സുധാകരൻ എന്തും പറയും, ഇപ്പോൾ വച്ചത് കോൺഗ്രസിന്‍റെ തൊപ്പി

ഒരു വോട്ടും കുറയില്ലെന്ന് മുഖ്യമന്ത്രി
cm pinarayi vijayan criticized g. sudhakaran

ജി. സുധാകരൻ, പിണറായി വിജയൻ

file photo

Updated on

ആലപ്പുഴ: മുൻ മന്ത്രിയും മുൻ സിപിഎം നേതാവുമായ ജി. സുധാകരനെ അതിരൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹം എന്തും പറയും. എത്തിയ രാഷ്‌ട്രീയ ക്യാംപ് അതാണ്. സുധാകരൻ ഇപ്പോൾ വച്ചത് കോൺഗ്രസിന്‍റെ തൊപ്പിയാണ്. അതുകൊണ്ട് പഴയതൊക്കെ തള്ളിപ്പറയണം. പ്രീതി കിട്ടാൻ സുധാകരൻ എന്തും പറയും- മുഖ്യമന്ത്രി ഹരിപ്പാട്ട് മാധ്യമങ്ങളോടു പറഞ്ഞു.

ജി. സുധാകരൻ കൂടുതൽ ജീർണതയിലേക്ക് പോകും. സുധാകരൻ പോയതു കൊണ്ട് പാർട്ടിക്ക് ഒന്നും സംഭവിക്കില്ല. അവസരവാദികൾ കാരണം ഒരു വോട്ടും കുറയില്ല. വ്യക്തിക്കൊപ്പമല്ല, പാർട്ടിക്കൊപ്പമാണ് പ്രവർത്തകരെന്നും മുഖ്യമന്ത്രി പറഞ്ഞു.

സുധാകരന്‍റെ മാറ്റം പെട്ടെന്നെടുത്ത തീരുമാനമല്ല. ഇതു സംബന്ധിച്ച് നേരത്തെ ആലോചന നടന്നു. സിപിഎമ്മിന്‍റെ വോട്ട് കിട്ടുമെന്ന സുധാകരന്‍റെ അവകാശ വാദം തെറ്റാണ്. സുധാകരൻ കോൺഗ്രസിന്‍റെയും ബിജെപിയുടെയും സ്ഥാനാർഥിയാണ്. ബിജെപിയുടെ വോട്ട് കിട്ടാനാണ് സ്വതന്ത്രന്‍റെ വേഷം. ഐഡിയ കോണ്‍ഗ്രസിന്‍റേതാണോ ബിജെപിയുടേതാണോ എന്നാണ് അറിയേണ്ടത്.

സുധാകരനെ സുധാകരൻ ആക്കിയത് സിപിഎമ്മാണ്. സുധാകരനെ വളർത്തിയതും പാർട്ടിയാണ്. പി. കൃഷ്ണപിള്ള സ്മാരകം തകർത്ത സംഭവത്തെക്കുറിച്ച് സുധാകരൻ പറയുന്നത് അടിസ്ഥാനരഹിതമാണ്. അദ്ദേഹം ഇപ്പോൾ പറയുന്നതിന് അപ്പുറം പറയും. സജി ചെറിയാൻ ജില്ലയിൽ നല്ല നിലയിൽ പ്രവർത്തിക്കുന്ന സഖാവാണ്. സുധാകരന് സജിയോട് ഉള്ള വൈരാഗ്യമായിരിക്കും ഇത്തരം പ്രസ്താവനകൾ. ജില്ലയിൽ മറ്റൊരാൾ സംഘടനപരമായി വളരാൻ അനുവദിക്കില്ല എന്ന മനോഭാവമാണിത്.

എഫ്സിആര്‍എ നിയമ ഭേദഗതിയിൽ രാജ്യത്ത് വലിയ ആശങ്കയുണ്ട്. സാമൂഹിക മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകൾക്ക് തിരിച്ചടിയാണ്. സഹായം ചെയ്യുന്ന സംഘടനകൾക്ക്‌ ആശങ്കയുണ്ട്. സമൂഹത്തിലെ നിസഹായരായ ജനങ്ങൾക്ക് നൽകുന്ന കരുതലും പരിചരണവും തടയുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. സർക്കാരിനും ന്യൂനപക്ഷങ്ങൾക്കും വലിയ ആശങ്കയുണ്ട്. എഫ്സിആര്‍എ ഭേദഗതി കേന്ദ്ര സർക്കാർ പിൻവലിക്കണം- മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

logo
Metro Vaartha
www.metrovaartha.com