

അയോധ‍്യ രാമക്ഷേത്രം
ലഖ്നൗ: അയോധ‍്യയിലെ രാമക്ഷേത്ര കൊള്ള അന്വേഷിക്കാൻ പ്രത‍്യേക അന്വേഷണ സംഘത്തിന് സമയപരിധി നീട്ടി നൽകി ഉത്തർപ്രദേശ് സർക്കാർ. ജൂലൈ 15 വരെയാണ് എസ്ഐടിക്ക് സമയം അനുവദിച്ചിരിക്കുന്നത്. കേസിന്‍റെ വിവിധ വശങ്ങൾ പരിശോധിക്കാൻ കൂടുതൽ സമയം ആവശ‍്യമാണെന്ന് എസ്ഐടി സർക്കാരിനോട് വ‍്യക്തമാക്കിയിരുന്നു. ഇതേത്തുടർന്നാണ് നടപടി.
ജൂലൈ 15നകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് എസ്ഐടിയോട് സർക്കാർ നിർദേശിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ജൂൺ 13ന് ആണ് യോഗി സർക്കാർ മൂന്നംഗ പ്രത‍്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. കേസ് അന്വേഷിക്കാൻ ആദ‍്യം 15 ദിവസത്തെ സമയം നൽകിയിരുന്നു. ഇതിനു പിന്നാലെ ജൂൺ 23ന് എസ്ഐടി പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും എട്ട് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തത്.
ലഖ്നൗ ഡിവിഷണൽ കമ്മിഷണർ വിജയ് വിശ്വാസ് പന്ത് ഐഎഎസ്, കിരൺ എസ് ഐപിഎസ്, ഐജിയും ധനകാര‍്യ വകുപ്പ് സ്പെഷ‍്യൽ സെക്രട്ടറിയുമായ നീൽ രഥൻ എന്നിവരാണ് എസ്ഐടി സംഘത്തിലുള്ളത്. അവിനാഷ് ശുക്ല, അനുകൽപ് മിശ്ര, ലവ് കുശ് മിശ്ര, മനീഷ് കുമാർ യാദവ്, കരുണേഷ് പാണ്ഡെ, രാംശങ്കർ മിശ്ര, സുഭാഷ് ശ്രീവാസ്തവ എന്നീ പ്രതികൾ ക്ഷേത്രത്തിലെ പണം എണ്ണാൻ ചുമതലപ്പെടുത്തിയിരുന്ന ജീവനക്കാരായിരുന്നു.
പ്രോസിക‍്യൂഷന്‍റെ വാദം അനുസരിച്ച് ഇതുവരെ 79.85 ലക്ഷം രൂപ അന്വേഷണ ഉദ‍്യോഗസ്ഥർ കണ്ടെടുത്തിട്ടുണ്ടെന്നാണ് വിവരം. മോഷണം, വിശ്വാസ വഞ്ചന, ക്രിമിനൽ ഗൂഢാലോചന, കവർന്ന സ്വത്ത് സ്വീകരിക്കൽ എന്നിവയ്ക്ക് പുറമെ അഴിമതി നിരോധന നിയമത്തിലെ വകുപ്പുകളും ചുമത്തിയാണ് ഇവർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.