
കൊച്ചി: എലത്തൂര്‍ ട്രെയ്ൻ തീവയ്പ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയെ എന്‍ഐഎ കസ്റ്റഡിയിൽ വിട്ടു. ഇയാളെ ഏഴുദിവസം കസ്റ്റഡിയില്‍ വേണമെന്ന ആവശ്യം കഴിഞ്ഞദിവസം കൊച്ചി എന്‍ഐഎ കോടതി അംഗീകരിച്ചിരുന്നു.
കേസ് ഏറ്റെടുത്ത ശേഷം ആദ്യമായാണ് സെയ്ഫിയെ എന്‍ഐഎ കസ്റ്റഡിയിൽ വാങ്ങുന്നതും ചോദ്യം ചെയ്യുന്നതും. കുറ്റകൃത്യത്തിന്റെ തീവ്രവാദ സ്വഭാവം, കൂടുതൽ ആളുകളുടെ പിന്തുണയും ലഭിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് എന്‍ഐഎ അന്വേഷിക്കുന്നത്.
കേസിൽ കേരള പൊലീസ് ശേഖരിച്ച മുഴുവൻ വിവരങ്ങളും എന്‍ഐഎക്ക് കൈമാറി. മറ്റേതെങ്കിലും തീവ്രവാദ സംഘടനകളുടെ പിന്തുണ ലഭിച്ചിട്ടുണ്ടോയെന്നും എൻഐഎ പരിശോധിക്കുന്നുണ്ട്.
അതിനിടെ, തീവയ്പ്പ് പ്രതിയെ സ്വകാര്യ വാഹനത്തില്‍ കൊണ്ടു വന്നതിൽ ഇന്റലിജൻസ് ബ്യൂറോ അന്വേഷണം തുടങ്ങി. വാഹന ഉടമയ്ക്ക് പ്രത്യേക അന്വേഷണ സംഘവുമായിട്ടുള്ള ബന്ധവും അന്വേഷിക്കുന്നുണ്ട്.