എഐ ഉപയോഗിച്ച് വീട്ടിൽ മദ്യം ഉണ്ടാക്കി; വ്യാജമദ്യം വിറ്റ കേസിൽ 10 പേർ അറസ്റ്റിൽ

രാസവസ്തുക്കളും വെള്ളവും ചേർത്താണ് ഇയാൾ മദ്യമുണ്ടാക്കാൻ ശ്രമിച്ചതെന്ന് പൊലീസ് അറിയിച്ചു
Death toll from spurious liquor rises to 18 in Pune

പുനെയില്‍ വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 18 ആയി

Updated on: 

ഇൻഡോർ: മധ്യപ്രദേശിലെ ദേവാസ് ജില്ലയിൽ വ്യാജമദ്യം കഴിച്ച് നിരവധി പേർ മരിച്ച സംഭവത്തിൽ അറസ്റ്റിലായ പ്രതികളിലൊരാൾ വീട്ടിൽ മദ്യമുണ്ടാക്കുന്ന രീതി പഠിക്കാൻ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ (എഐ) സഹായം തേടിയെന്ന് പൊലീസ്. രാസവസ്തുക്കളും വെള്ളവും ചേർത്താണ് ഇയാൾ മദ്യമുണ്ടാക്കാൻ ശ്രമിച്ചതെന്ന് പൊലീസ് അറിയിച്ചു.

യഥാർഥ മദ്യവും വ്യാജമദ്യവും കലർത്തി ആക്രിക്കച്ചവടക്കാരിൽ നിന്ന് ശേഖരിച്ച മദ്യക്കുപ്പികളിൽ നിറച്ചാണ് പ്രതികൾ വിറ്റിരുന്നത്. പ്രധാനമായും ഗ്രാമപ്രദേശങ്ങളിലായിരുന്നു വിൽപന.

അനധികൃത മദ്യവിൽപന നടത്തിയെന്നാരോപിച്ച് തിങ്കളാഴ്ച 10 പേരെ അറസ്റ്റ് ചെയ്യുകയും ഇവരിൽ നിന്ന് ആറ് പെട്ടി നാടൻമദ്യം പിടിച്ചെടുക്കുകയും ചെയ്തിരുന്നു. പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് വ്യാജമദ്യത്തിന്‍റെ നിർമാണത്തെയും വിൽപനയെയും കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്.

അറസ്റ്റിലായ അജയ് റാത്തോറെ സെപ്റ്റംബർ മുതൽ വീട്ടിൽ മദ്യമുണ്ടാക്കുന്നതിനുള്ള മാർഗങ്ങൾ എഐ ഉപയോഗിച്ച് അന്വേഷിച്ചിരുന്നതായി പൊലീസ് പറഞ്ഞു. തുടർന്ന് ഇൻഡോറിലെ ഒരു സ്വകാര്യ സ്ഥാപനത്തിലൂടെ രാസവസ്തുക്കൾ ഓർഡർ ചെയ്തു. ഏതൊക്കെ രാസവസ്തുക്കളാണ് ഉപയോഗിച്ചതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല.

ദേവാസ്, ഇൻഡോർ ജില്ലകളിലെ മൂന്ന് മദ്യശാലകളിലെ രണ്ട് മാനേജർമാരും രണ്ട് വിൽപനക്കാരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. ഇവർ റാത്തോറിനും മറ്റുള്ളവർക്കും അനധികൃതമായി മദ്യം നൽകിയെന്നാണ് ആരോപണം. വ്യാജമദ്യം നിർമിക്കാൻ ഉപയോഗിച്ച രാസവസ്തുക്കൾ ലഭിച്ച ഇൻഡോറിലെ സ്വകാര്യ സ്ഥാപനത്തിന്‍റെ ഗോഡൗൺ അടച്ചുപൂട്ടി. മദ്യശാലയിലെ മറ്റു രണ്ട് ജീവനക്കാർക്കും സംഭവത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവർക്കായി തെരച്ചിൽ തുടരുകയാണ്.

കഴിഞ്ഞ ഒരു മാസത്തിനിടെ വ്യാജമദ്യം കഴിച്ച് 22 പേർ മരിക്കുകയും 40 പേർക്ക് കാഴ്ച നഷ്ടപ്പെടുകയും ചെയ്തതായി സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ജിത്തു പട്‌വാരി ആരോപിച്ചിരുന്നു. തുടക്കത്തിൽ വ്യാജമദ്യത്തെ തുടർന്നുള്ള മരണങ്ങളെന്ന ആരോപണം ജില്ലാ ഭരണകൂടം തള്ളിയിരുന്നു. എന്നാൽ വിവാദം ശക്തമായതോടെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന സർക്കാർ അഞ്ചംഗ ഉന്നതതല അന്വേഷണസംഘത്തെ നിയോഗിച്ചു.

logo
Metro Vaartha
www.metrovaartha.com