എംഡിഎംഎയും കഞ്ചാവും കൈവശം വച്ചതിന് വിവിധ കേസുകളില്‍ 11 പേര്‍ അറസ്റ്റിൽ

കഞ്ചാവ് കൈവശം വെച്ചതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി ആള്‍ജാമ്യത്തില്‍ വിട്ടയച്ചു
എംഡിഎംഎയും കഞ്ചാവും കൈവശം വച്ചതിന് വിവിധ കേസുകളില്‍ 11 പേര്‍ അറസ്റ്റിൽ
Updated on

കളമശേരി: നിരോധിത ലഹരി പദാര്‍ഥങ്ങളായ എംഡിഎംഎ, ഗഞ്ചാവ് എന്നിവ കൈവശം വെച്ചതിന് ശനിയാഴ്ച മാത്രം കളമശേരി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത വിവിധ കേസുകളില്‍ 11 പേര്‍ അറസ്റ്റിലായി. നിരോധിത ഉല്‍പ്പന്നങ്ങള്‍ വ്യാപകമായി യുവാക്കള്‍ക്കിടയില്‍ ഉപയോഗിച്ചു വരുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കളമശേരി പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവര്‍ അറസ്റ്റിലാകുന്നത്.

15.45 ഗ്രാം എംഡിഎംഎ കൈവശം വച്ചതിന് കളമശേരി വിദ്യാനഗറിൽ എട്ടുകാട്ടിൽ വീട്ടിൽ ഉനൈസ് ഇ.കെ (31). 4.40 ഗ്രം എംഡിഎംഎ കൈവശം വച്ചതിന് തൃക്കാക്കര നോർത്ത്, മലൈതൈക്കാവ്, തലക്കോട്ടിൽ വീട്ടിൽ, ഷിനാസ് ടി.എസ് (28) എന്നിവരാണ് അറസ്റ്റ് ചെയ്തവരിൽ പ്രധാനികൾ. കഞ്ചാവ് കൈവശം വെച്ചതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി ആള്‍ജാമ്യത്തില്‍ വിട്ടയച്ചു.

ടൗൺഹാളിന് സമീപം വന്ന ചുവന്ന ഹ്യുണ്ടായ് കാറിൽ വന്ന ഒരാൾ എംഡിഎംഎ വിൽപ്പന നടത്തുന്നതായി കളമശേരി പൊലീസിന് രഹസ്യം വിവരം കിട്ടിയതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഷിനാസ് പിടിയിലാവുന്നത്. ഇയാളെ വിശദമായി ചോദ്യം ചെയ്ത പൊലീസിന് എംഡിഎംഎ ഇവർക്ക് വിൽപ്പന നടത്തിയ ആളെ പറ്റി സൂചന ലഭിക്കുകയും തുടർന്ന് നടത്തിയ പരിശോധനയിലാണ് ഉനൈസ് ഇ.കെ ചങ്ങമ്പുഴ ഗ്രൌണ്ട് ഭാഗത്ത് നിന്നും പിടിയിൽ ആകുന്നത്.

മഹീന്ദ്ര താർ ജീപ്പിൽ കറങ്ങിനടന്ന് ആവശ്യക്കാർക്ക് എംഡിഎംഎ എത്തിച്ചു വില്‍പ്പന നടത്തുന്നതാണ് ഇയാളുടെ രീതി. പ്രതികള്‍ ആഡംബര ജീവിതം നയിക്കുന്നതിനായാണ് മയക്കുമരുന്ന് വില്‍പ്പന നടത്തിയിരുന്നതെന്ന് പൊലീസിനോട് പറഞ്ഞു. ഇവര്‍ മയക്കുമരുന്ന് വിൽപ്പനക്കായി ഉപയോഗിച്ചിരുന്ന 30 ലക്ഷത്തോളം വിലമതിക്കുന്ന ഹ്യുണ്ടായ് വെന്യൂ, മഹീന്ദ്ര താര്‍ എന്നീ കാറുകൾ സര്‍ക്കാരിലേക്ക് കണ്ടുകെട്ടുമെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. കളമശേരി പൊലീസ് ഇൻസ്പെക്ടർ വിപിൻദാസിൻ്റെ നേതൃത്വത്തിൽ കളമശേരി സബ് ഇന്‍സ്പെക്ടര്‍മാരായ വിനോജ് എ, അജയകുമാര്‍ കെ പി, എ എസ് ഐ സുനില്‍കുമാര്‍, എസ് സി പി ഒ മാരായ ബിനു, ഇസഹാക്, ശ്രീജിത്ത്, ശ്രീജിഷ്, ഷമീര്‍ സി പി ഒ മാരായ ഷിബു, കൃഷ്ണരാജ്, വിനീഷ് എന്നിവര്‍ ഉള്‍പ്പെട്ട പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com