
പിലിഭിത്ത്: താൻ ജീവനോടെയുണ്ടെന്നും മുത്തച്ഛനും അമ്മാവനും ചേർന്നു തന്നെ കൊലപ്പെടുത്തിയെന്ന കേസ് വ്യാജമാണെന്നും ചൂണ്ടിക്കാട്ടി പതിനൊന്നുകാരൻ സുപ്രീം കോടതിയിൽ. ഉത്തർപ്രദേശിലെ പിലിഭിത്ത് സ്വദേശിയായ അഭയ് സിങ് എന്ന കുട്ടിയാണ് താൻ കൊല്ലപ്പെട്ടുവെന്ന് ആരോപിച്ച് മുത്തച്ഛനെതിരേ അച്ഛൻ നൽകിയത് കള്ളക്കേസാണെന്ന് വിശദീകരിച്ച് രംഗത്തെത്തിയത്.
കുട്ടിയുടെ വിശദീകരണം പരിഗണിച്ച സുപ്രീം കോടതി ഡിവിഷൻ ബെഞ്ച് യുപി സർക്കാരിനോടും ന്യൂറിയ പൊലീസിനോടും മറുപടി നൽകാൻ നിർദേശിച്ചു. കുട്ടിക്കും മുത്തച്ഛനുമെതിരേ തത്കാലം ഒരു നടപടിയും പാടില്ലെന്നും നിർദേശം.
2013 ഫെബ്രുവരി മുതല്‍ കര്‍ഷകനായ മുത്തച്ഛനോടൊപ്പമാണ് അഭയ് സിങ്. 2010ലായിരുന്നു അഭയ് സിങ്ങിന്‍റെ മാതാപിതാക്കൾ വിവാഹിതരായത്. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് അച്ഛൻ മർദിച്ചതിനെത്തുടർന്ന് 2013 മാർച്ചിൽ അഭയ് സിങ്ങിന്‍റെ അമ്മ മരിച്ചു. ഇതേത്തുടർന്ന് മുത്തച്ഛൻ സ്ത്രീധന പീഡന നിയമപ്രകാരം അഭയ് സിങ്ങിന്‍റെ അച്ഛനെതിരേ കേസ് കൊടുത്തു. മകനെ തിരിച്ചുകിട്ടണമെന്ന് ആവശ്യപ്പെട്ട് അച്ഛനും കോടതിയെ സമീപിച്ചു. ഇതിനിടെയാണ് കുട്ടിയെ മുത്തച്ഛനും അമ്മാവന്മാരും ചേർന്നു കൊലപ്പെടുത്തിയെന്ന ആരോപണമുയർത്തി ഇയാൾപരാതി നൽകിയത്.
ഈ എഫ്ഐആര്‍ റദ്ദാക്കാന്‍ അലഹാബാദ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളി. ഇതിനെതിരേയാണ് സുപ്രീം കോടതിയെ സമീപിച്ച് കുട്ടിയെ ഹാജരാക്കിയതെന്ന് അഭിഭാഷകന്‍ കുല്‍ദീപ് ജൗഹരി പറഞ്ഞു.