ഭോപ്പാൽ: മധ്യപ്രദേശിൽ പ്രായപൂർത്തിയാകാത്ത മൂന്നു കുട്ടികൾ ചേർന്ന് കൂട്ടുകാരനെ അതിക്രൂരമായി കൊലപ്പെടുത്തി. 12 കാരനെ സൈക്കിൾ ചെയിന്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച ശേഷം കല്ലുകൊണ്ട് തലയ്ക്കടിച്ചു. തുടർന്ന് മരിച്ചു എന്നുറപ്പുവരുത്താന്‍ കഴുത്ത് മുറിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ പ്രതികളായ 3 കുട്ടികളും പൊലീസിന്‍റെ പിടിയിലായി.
മധ്യപ്രദേശിലെ സിയോണി ജില്ലയിലാണ് സംഭവം. മൃതദേഹം സൂക്ഷിച്ചിരുന്ന പോളിത്തീന്‍ ബാഗിലെ രക്തക്കറ കണ്ട് അയൽവാസി സ്ത്രീയാണ് സംഭവം പൊലീസിൽ അറിയിക്കുന്നത്. ബാഗ് കാണാതിരിക്കാന്‍ കല്ലുകൾ കൂട്ടിവച്ച് അതിനടിയിലാണ് ഒളിപ്പിച്ചുവച്ചിരുന്നത്. മുന്‍വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയച്ചതെന്നാണ് പൊലീസ് പറയുന്നത്. 16, 14, 11 വയസുള്ള കുട്ടികൾ ചേർന്നാണ് 12 കാരനെ കൊലപ്പെടുത്തിയത്. ഇതിൽ 2 പേർ സഹോദരങ്ങളാണെന്നാണ് റിപ്പോർട്ട്.
12 കാരനെ വീട്ടിൽ നിന്നും ഏകദേശം 28 കീ.മി അകലെയാണ് വിളിച്ചുകൊണ്ടുപോയത്. സൈക്കിൾ ചെയിന്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചപ്പോൾ 12 കാരന്‍ എതിർക്കാന്‍ ശ്രമിച്ചു. ഈ സമയത്ത് മറ്റ് രണ്ട് കുട്ടികൾ കല്ലുകൊണ്ട് തലയ്ക്കടിച്ചു. തുടർന്ന് കൈയിൽ കരുതിയ കത്തി ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ശേഷം മൃതദേഹം പോളിത്തീന്‍ ബാഗിലാക്കിയ പ്രതികൾ ആരും കാണാതിരിക്കാന്‍ ചരൽ കൂട്ടി മൂടിവയ്ക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. സംഭവത്തിനു ശേഷം സ്ഥലംവിട്ട ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ഇവരെ ദുർഗുണ പരിഹാര പാഠശാലയിലേക്ക് മാറ്റി.