
യുപി മെഡിക്കൽ കോളെജ് ആശുപത്രിയിൽ 13 കാരിക്ക് പീഡനം; യുവാവ് അറസ്റ്റിൽ
representative image
മീററ്റ്: ഉത്തർപ്രദേശിൽ ചികിത്സക്കെത്തിയ 13 കാരിയെ മെഡിക്കൽ കോളെജ് ആശുപത്രിയിൽ വച്ച് പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റിൽ. മീററ്റിലെ ലാലാ ലജ്പത് റായ് മെഡിക്കൽ കോളെജിലാണ് ദാരുണമായ സംഭവമുണ്ടായത്. മെഡിക്കൽ കോളെജിലെ ഓർത്തോ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയായിരുന്ന 13 കാരിയെ ബാത്ത്റൂമിൽ വച്ചാണ് പീഡിപ്പിച്ചത്. ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം.
അതേ വിഭാഗത്തിൽ ചികിത്സയിലുള്ള മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരനായ രോഹിത്തിനെ (20) പൊലീസ് അറസ്റ്റു ചെയ്തു. ബാത്റൂമിലേക്ക് പോയ പെൺകുട്ടിയെ പിന്തുടർന്ന് എത്തി പീഡിപ്പിക്കുകായയിരുന്നു. സംഭവത്തിന് ശേഷം രാവിലെയോടെ ആശുപത്രിയിൽ നിന്നും രക്ഷപെടാൻ ശ്രമിച്ച രോഹിത്തിനെ പൊലീസ് പിടികൂടുകായിരുന്നു.
13 കാരിക്കൊപ്പം അമ്മയാണ് ഉണ്ടായിരുന്നത്. സംഭവ സമയം അമ്മ വാർഡിൽ ഉറങ്ങുകയായിരുന്നു. സംഭവത്തിൽ മെഡിക്കൽ കോളെജ് ആശുപത്രി പ്രിൻസിപ്പൽ അന്വേഷണത്തിന് ഉത്തരവിട്ടു. ഇനിയും ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ശക്തമായ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.