

തേനി സബ് ജയിലിൽ നിന്ന് 17 വിചാരണത്തടവുകാർ രക്ഷപ്പെട്ടു
തേനി: തമിഴ്നാട്ടിലെ തേനി ജില്ലയിലെ ആണ്ടിപ്പട്ടിക്ക് സമീപമുള്ള തെക്കാംപട്ടി സബ് ജയിലിൽ നിന്ന് 17 വിചാരണത്തടവുകാർ ജയിൽ ജീവനക്കാരെ ആക്രമിച്ച് രക്ഷപ്പെട്ടു. തിങ്കളാഴ്ച രാത്രി നടന്ന സംഭവത്തിനുപിന്നാലെ നാല് പേരെ വീണ്ടും പിടികൂടി. ശേഷിക്കുന്ന 13 പേർക്കായി തമിഴ്നാട്ടിലും അയൽസംസ്ഥാനമായ കേരളത്തിലും തെരച്ചിൽ ഊർജിതമാക്കി.
അപസ്മാരം ബാധിച്ചതായി അഭിനയിച്ചാണ് തടവുകാർ രക്ഷപ്പെടാനുള്ള പദ്ധതി നടപ്പാക്കിയത്. ഒരാൾക്ക് ഗുരുതരമായ ആരോഗ്യപ്രശ്നമുണ്ടെന്നും അടിയന്തര സഹായം വേണമെന്നും സെല്ലിലുണ്ടായിരുന്ന മറ്റു തടവുകാർ ഡ്യൂട്ടിയിലുണ്ടായിരുന്ന വാർഡനെ അറിയിച്ചു. സഹായിക്കാനായി ജയിൽ ജീവനക്കാർ സെല്ലിന്‍റെ വാതിൽ തുറന്ന് അകത്തുകടന്നതോടെ തടവുകാർ പെട്ടെന്ന് ആക്രമണം നടത്തുകയായിരുന്നു. സുരക്ഷാ ജീവനക്കാരെ കീഴടക്കി പുറത്തുകടന്ന തടവുകാരുടെ ആക്രമണത്തിൽ മൂന്ന് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു.
ചൊവ്വാഴ്ച രാവിലെ പ്രവീൺ കുമാർ, ശിലംബരശൻ, രാജ സിക്കന്ദർ, രാജ്കുമാർ എന്നീ തടവുകാരെ വീണ്ടും പിടികൂടിയതായി പൊലീസ് അറിയിച്ചു. ദക്ഷിണ മേഖലാ ഐജി വിജയേന്ദ്ര ബിദാരി തടവുകാരെ കണ്ടെത്താൻ 17 പ്രത്യേക സംഘങ്ങളെ നിയോഗിച്ചു. സമീപജില്ലയായ ദിണ്ടിഗലിലും വാഹനപരിശോധന ശക്തമാക്കി. രക്ഷപ്പെട്ടവരിൽ പലരും മധുരൈയിലും സമീപപ്രദേശങ്ങളിലുമുള്ളവരാണ്. പശ്ചിമഘട്ടത്തിലെ വനമേഖലകളിലും ഇടുക്കി ജില്ലയോട് ചേർന്നുള്ള പ്രദേശങ്ങളിലും പരിശോധന തുടരുകയാണ്. ജയിലിലെ ഗുരുതരമായ സുരക്ഷാവീഴ്ച അന്വേഷിക്കാൻ ഉന്നതതല അന്വേഷണം ആരംഭിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി
സംഭവം തമിഴ്നാട്ടിൽ രാഷ്ട്രീയ വിവാദത്തിനും വഴിവച്ചു. ഭരണകക്ഷിയായ ടിവികെയെയും മുഖ്യമന്ത്രി സി. ജോസഫ് വിജയിനെയും വിമർശിച്ച് പ്രതിപക്ഷം രംഗത്തെത്തി. തേനി ജില്ലാ ജയിലിൽ നിന്ന് 17 തടവുകാർ രക്ഷപ്പെട്ടുവെന്ന വാർത്ത ഞെട്ടിക്കുന്നതാണെന്ന് എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി പ്രസ്താവനയിൽ പറഞ്ഞു. അഭിഭാഷകരുടെ നിയമനത്തിലെ അഴിമതിയും സർക്കാരിനെതിരായ കോടതി കേസുകളും കാരണം നിയമവകുപ്പ് പരിഹാസ്യമായെന്നും വൈദ്യുതി വാങ്ങലിലെ അഴിമതി ആരോപണങ്ങളും തുടർച്ചയായ വൈദ്യുതി മുടക്കവും വൈദ്യുതി വകുപ്പിനെ പ്രതിസന്ധിയിലാക്കിയെന്നും അദ്ദേഹം ആരോപിച്ചു. ഇപ്പോൾ ജയിൽവകുപ്പും ഈ പട്ടികയിൽ ഇടംപിടിച്ചിരിക്കുകയാണ്. ഈ മൂന്ന് വകുപ്പുകളും കൈകാര്യം ചെയ്യുന്നത് ഒരേ മന്ത്രിയാണെന്നതാണ് ഇതിലെ പ്രത്യേകതയെന്നും അദ്ദേഹം പരിഹസിച്ചു.
മന്ത്രി ആർ. നിർമൽ കുമാറിന്‍റെ ഭരണനൈപുണ്യത്തെ പരിഹസിച്ച പളനിസ്വാമി, ചെന്നൈയിലെ പുഴൽ ജയിലിൽ നിന്ന് നേരത്തേ രണ്ട് തടവുകാർ രക്ഷപ്പെട്ട സംഭവവും ചൂണ്ടിക്കാട്ടി. ജയിൽപോലും സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ, കാവൽക്കാരെ ആക്രമിച്ച് തടവുകാർ രക്ഷപ്പെടുമ്പോൾ സാധാരണക്കാർക്ക് റോഡുകളിൽ എങ്ങനെ സുരക്ഷ ഉറപ്പാക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു. രക്ഷപ്പെട്ടവരെ ഉടൻ പിടികൂടി ജയിലിലെത്തിക്കണമെന്നും ക്രമസമാധാനപാലനത്തിൽ സർക്കാർ കൂടുതൽ ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജയിൽചാട്ടം ടിവികെ സർക്കാരിന്‍റെ നാണംകെട്ട പരാജയമാണെന്ന് ബിജെപി മുഖ്യ വക്താവ് നാരായണൻ തിരുപ്പതി എക്സിൽ കുറിച്ചു. ഒരു സെല്ലിൽ ഇത്രയധികം വിചാരണത്തടവുകാരെ പാർപ്പിച്ചതും ആരോഗ്യപ്രശ്നമുണ്ടെന്ന അവകാശവാദം പരിശോധിക്കാതെ സെൽ തുറന്നതും ഗുരുതരമായ വീഴ്ചയാണെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കണമെന്നും ജയിൽവകുപ്പിന്‍റെ സുരക്ഷാവീഴ്ചയ്ക്ക് സർക്കാർ വിശദീകരണം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.