ഡൽഹിയിൽ 17കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, മൃതദേഹം നായ ഭക്ഷിച്ചു, നാല് പേർ‌ പിടിയിൽ

വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ സ്വരൂപ് നഗർ മേഖലയിലെ കുശക് റോഡിലെ വയലിന് സമീപമാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്
17-year-old girl gang-raped and murdered in Delhi.

ഡൽഹിയിൽ 17കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

represrentative image
Updated on

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ 17കാരിയെ നാല് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്ത് ശേഷം കുത്തിക്കൊലപ്പെടുത്തി. വിജനമായ സ്ഥലത്ത് ഉപേക്ഷിച്ച മൃതദേഹം തെരുവുനായ ഭക്ഷിക്കുകയും ചെയ്തു. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പേർ ഉൾപ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഖാഡ കോളനി സ്വദേശിയായ ശിവം ആണ് കേസിലെ പ്രായപൂർത്തിയായ പ്രതി. മറ്റ് മൂന്ന് പേർക്ക് 16, 17 വയസാണ്. സെപ്റ്റംബർ 13ന് വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ സ്വരൂപ് നഗർ മേഖലയിലെ കുശക് റോഡിലെ വയലിന് സമീപമാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അഴുകിയ നിലയിലായിരുന്നതിനാൽ ആദ്യം തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. മൃതദേഹത്തിന്‍റെ ഒരു കൈ വേർപ്പെട്ട നിലയിലായിരുന്നു.

പെൺകുട്ടിയും പ്രതികളും നേരത്തെ പരിചയമുള്ളവരായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞു. പ്രതികൾക്കൊപ്പം ടെംപോയിൽ യാത്ര ചെയ്ത പെൺകുട്ടി വാഹനത്തിനുള്ളിൽ വച്ച് അവരോടൊപ്പം മദ്യപിച്ചെന്നും തുടർന്ന് ലൈംഗികമായി പീഡിപ്പിച്ച് കുത്തിക്കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഉപേക്ഷിച്ചെന്നുമാണ് അന്വേഷണത്തിൽ കണ്ടെത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.

പെൺകുട്ടിയെ കാണാതായതായി കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നില്ല. പെൺകുട്ടി ഇടയ്ക്കിടെ വീട്ടിൽ നിന്ന് പുറത്തുപോയി ഏതാനും ദിവസങ്ങൾക്ക് ശേഷം മടങ്ങിവരാറുണ്ടായിരുന്നു. ഇതേതുടർന്നാണ് പരാതി നൽകാത്തതെന്ന് കുടുംബം പൊലീസിന് മൊഴി നൽകി.

സംഭവത്തിൽ ഭാരതീയ ന്യായ സംഹിത, പോക്സോ നിയമം എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. നേരിട്ട് ദൃക്സാക്ഷികളില്ലാതിരുന്നതിനാൽ പ്രദേശത്തെയും സമീപ റോഡുകളിലെയും 50ലധികം സിസിടിവി ക്യാമറകൾ പൊലീസ് പരിശോധിച്ചു. സംഭവസമയത്ത് പ്രദേശത്തുകൂടി കടന്നുപോയ ടെംപോ സിസിടിവി ദൃശ്യങ്ങളിൽ കണ്ടെത്തി. ഇരുട്ടായിരുന്നതിനാൽ വാഹനത്തിന്‍റെ രജിസ്ട്രേഷൻ നമ്പർ വ്യക്തമായി ലഭിച്ചില്ല. തുടർന്ന് വിവിധ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ടെംപോയുടെ സഞ്ചാരപാത പൊലീസ് പിന്തുടർന്നു. സെപ്റ്റംബർ 15ന് രാത്രിയിൽ നടത്തിയ പരിശോധനയിൽ സംശയിക്കുന്ന ടെംപോ കണ്ടെത്തി. ഡ്രൈവറെ ചോദ്യം ചെയ്തതിനെ തുടർന്നാണ് കേസുമായി ബന്ധപ്പെട്ട നാല് പേരെ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.

കുറ്റകൃത്യത്തിന് ഉപയോഗിച്ചതായി കരുതുന്ന രണ്ട് കത്തികൾ, പ്രതികൾ ധരിച്ചിരുന്ന വസ്ത്രങ്ങൾ, ടെംപോ എന്നിവ പൊലീസ് പിടിച്ചെടുത്തു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

logo
Metro Vaartha
www.metrovaartha.com