

ചണ്ഡീഗഢിൽ 17കാരനെ വെടിവച്ചുകൊന്നു
file
ചണ്ഡീഗഢ്: ചണ്ഡീഗഢിൽ 17കാരനെ ബൈക്കിലെത്തിയ രണ്ട് പേർ വെടിവച്ചുകൊലപ്പെടുത്തി. പ്ലസ് വൺ വിദ്യാർഥിയായ നൈതിക് ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വൈകിട്ട് സെക്റ്റർ 22ലായിരുന്നു സംഭവം.
ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുകയായിരുന്ന നൈതിക്കിന് നേരെ ബൈക്കിലെത്തിയവർ വെടിയുതിർക്കുകയായിരുന്നു. വെടിവയ്പ്പിൽ മറ്റൊരാൾക്കും പരുക്കേറ്റു. സെക്റ്റർ 32ലെ സ്കൂളിലെ വിദ്യാർഥിയായിരുന്നു നൈതിക്.
പ്രതികളെന്ന് സംശയിക്കുന്നവർ പ്രായപൂർത്തിയാകാത്തവരാണെന്നാണ് പൊലീസിന്‍റെ നിഗമനം. സംഭവത്തിനുശേഷം ഇവർ രക്ഷപ്പെട്ടു. ഏതാനും പേരെ കസ്റ്റഡിയിലെടുത്ത പൊലീസ് ചോദ്യംചെയ്തുവരികയാണ്.
വിദ്യാർഥികൾ തമ്മിലുള്ള തർക്കത്തെ തുടർന്നാണ് കൊലപാതകമെന്നാണ് പൊലീസിന്‍റെ സംശയം. അടുത്തിടെ വിദ്യാർഥികളുടെ രണ്ട് സംഘങ്ങൾ തമ്മിൽ സംഘർഷമുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതിന്‍റെ ദൃശ്യങ്ങൾ ഒരു സംഘം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. ഇതിൽ പ്രകോപിതരായ മറുസംഘം പ്രതികാരം ചെയ്യാൻ ശ്രമിച്ചതാകാം വെടിവയ്പ്പ് എന്നാണ് പൊലീസിന്‍റെ സംശയം. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.