
യുവാവിനെ കഴുത്തറുത്ത് കൊന്ന കുട്ടികൾ അറസ്റ്റിൽ!
representative image
ബഹ്‌റൈച് (യുപി): കൂടുതൽ ലൈക്ക് കിട്ടാൻ ഉയർന്ന നിലവാരമുള്ള റീലുകൾ നിർമിക്കുന്നതിന് ഐഫോണിനായി യുവാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രായപൂർത്തിയാകാത്ത രണ്ടു പേർ അറസ്റ്റിൽ. ബെംഗളൂരു സ്വദേശിയായ ഷദാബ് (19) ആണ് കൊല്ലപ്പെട്ടത്. കേസിൽ പതിനാലും പതിനാറും വയസുള്ള കുട്ടികളാണ് പൊലീസിന്‍റെ പിടിയിലായത്.
ഇവരെ സഹായിച്ച രണ്ടു പേർ ഉൾപ്പടെ നാലു പേർക്കെതിരേ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മൂന്നാമത്തയാൾ വെള്ളിയാഴ്ച പിടിയിലായെന്നും നാലാമത്തെയാൾക്കായുള്ള തെരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയച്ചു.
അമ്മാവന്‍റെ വിവാഹത്തിനായി ബഹ്‌റൈച്ചിലെ നാഗൗറിൽ എത്തിയതായിരുന്നു ഷദാബ്. ജൂൺ 21 മുതൽ ഇദ്ദേഹത്തെ കാണാനില്ലെന്നു കാണിച്ച് കുടുംബം പരാതി നൽകി. അന്വേഷണത്തിൽ ഗ്രാമത്തിനു പുറത്തുള്ള ഒരു പേരത്തോട്ടത്തിലെ തകർന്ന കുഴൽക്കിണറിനു സമീപത്തായി പൊലീസ് ഒരു മൃതദേഹം കണ്ടെത്തി.
ഷദാബിന്‍റേത് എന്ന് തിരിച്ചറിഞ്ഞ മൃതദേഹത്തിൽ തല ഇഷ്ടികകൊണ്ട് അടിച്ചു തകർത്തും കഴുത്ത് കത്തികൊണ്ട് മുറിച്ച നിലയിലുമായിരുന്നു. അന്വേഷണത്തിനൊടുവിൽ ശനിയാഴ്ചയോടെ കുട്ടികളെ പൊലീസ് അറസ്റ്റ് ചെയ്തു.
"ചോദ്യം ചെയ്യലിൽ, റീലുകൾ നിർമിക്കാൻ ഉയർന്ന നിലവാരമുള്ള മൊബൈൽ ഫോൺ ആവശ്യമായതിനാൽ ഐഫോണിനായി യുവാവിനെ കൊലപ്പെടുത്തുകയായിരുന്നു എന്ന് കുട്ടികൾ സമ്മതിച്ചു. റീലുകൾ നിർമിക്കാനെന്ന വ്യാജേന ഷാദാബിനെ ഗ്രാമത്തിന് പുറത്തുള്ള ആളൊഴിഞ്ഞ പ്രദേശത്തേക്ക് കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകം നടത്തുന്നതിന് നാല് ദിവസം മുന്‍പേ ഇവർ പദ്ധതിയിട്ടിരുന്നു" - പൊലീസ് സൂപ്രണ്ട് രാമാനന്ദ് പ്രസാദ് കുഷ്വാഹ പറഞ്ഞു.
ഷാദാബിന്‍റെ ഐഫോൺ, കൊലപാതകത്തിന് ഉപയോഗിച്ച കത്തി, ഇഷ്ടിക എന്നിവ കണ്ടെടുത്തതായും കുട്ടികളെ ഗോണ്ടയിലെ ഡിവിഷണൽ ജുവനൈൽ റിഫോം ഹോമിലേക്ക് അയച്ചതായും ദേഹത്ത് എസ്എച്ച്ഒ ദദ്ദൻ സിങ് അറിയിച്ചു.