
ഇന്ദ്രജീത് വിഷ്ണോയ് | മനോജ് ഭാർഗവ് (25)
ശ്രീഗംഗാനഗർ (രാജസ്ഥാന്‍): മയക്കുമരുന്ന് നിർമ്മിച്ചതിന് സർക്കാർ സ്കൂളിലെ സയൻസ് അധ്യാപകനും കോച്ചിങ് സെന്‍ററിലെ മുൻ ഫിസിക്സ് അധ്യാപകനും അറസ്റ്റിൽ. 15 കോടി രൂപ വിലമതിക്കുന്ന മെഫെഡ്രോൺ (4-മെഥൈൽമെത്കാത്തിനോൺ-എംഡി) എന്ന സിന്തറ്റിക് ഉത്തേജക മരുന്നാണ് ഇരുവരും ചേർന്ന് നിർമിച്ചത്. സംഭവത്തിൽ ഗംഗാസാഗർ ജില്ലയിലെ മനോജ് ഭാർഗവ് (25), ഇന്ദ്രജീത് വിഷ്ണോയ് എന്നിവരെ എൻസിബി സംഘം അറസ്റ്റ് ചെയ്തു.
ഇരുവരെയും ശ്രീഗംഗാനഗറിൽ വാടകയ്ക്കെടുത്ത ഫ്ലാറ്റിൽ സ്വന്തമായി നിർമ്മിച്ച ലബോറട്ടറിയിലായിരുന്ന ലഹരിമരുന്ന് രഹസ്യമായി നിർമ്മിച്ചിരുന്നത്. ഡൽഹിയിൽ നിന്നായിരുന്നു ഇവർ രാസവസ്തുക്കളും ഉപകരണങ്ങളും എത്തിച്ചിരുന്നത്. ജോലിയിൽ നിന്നും അവധിയെടുത്താണ് ഇവർ നിർമാണം നടത്തിയിരുന്നത്. ഇത്തരത്തിൽ കഴിഞ്ഞ രണ്ടര മാസത്തിനിടെ 5 കിലോഗ്രാം എംഡി മരുന്ന് നിർമിച്ചെന്നും ഇതിൽ ഇതിൽ 4.22 കിലോഗ്രാം മയക്കുമരുന്ന് വിറ്റഴിച്ചുവെന്നും എൻസിബി ഡയറക്ടർ ഘനശ്യാം സോണി മാധ്യമങ്ങളോട് പറഞ്ഞു. ഇവയ്ക്ക് വിപണയിൽ 15 കോടി രൂപയോളം വിലമതിക്കുന്നും അദ്ദേഹം പറഞ്ഞു.
പ്രതികളുടെ ഫ്ലാറ്റിൽ നടത്തിയ റെയ്ഡിൽ 780 ഗ്രാം എംഡി മരുന്ന്, അസെറ്റോൺ, ബെൻസീൻ, സോഡിയം ഹൈഡ്രജൻ കാർബണേറ്റ്, ബ്രോമിൻ, മെത്തിലാമൈൻ, ഐസോപ്രോപൈൽ ആൽക്കഹോൾ, 4-മീഥൈൽ പ്രൊപിയോഫെനോൺ, എൻ-മീഥൈൽ-2-പൈറോളിഡോൺ തുടങ്ങിയ രാസവസ്തുക്കളും ആധുനിക ലബോറട്ടറി ഉപകരണങ്ങളും കണ്ടെത്തി. പിടിച്ചെടുത്ത ഈ മരുന്നുകൾക്കു മാത്രം 2.34 കോടി രൂപ വരുമെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞു. മയക്കുമരുന്ന് സിൻഡിക്കേറ്റിനെതിരേ സംസ്ഥാനത്ത് നടന്ന ഏറ്റവും വലിയ നടപടി എന്നാണ് എൻസിബി ഇതിനെ വിശേഷിപ്പിച്ചത്. സംഭവത്തിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോ എന്നതടക്കം പരിശോധിച്ചുവരികയാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.