
പോക്സോ കേസിൽ ഇരുപതുകാരന് 63 വർഷം തടവുശിക്ഷ
file
തിരുവനന്തപുരം: പതിനാലുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ ചാല സ്വദേശിയായ ഇരുപതുകാരന് അറുപത്തിമൂന്ന് വർഷം കഠിന തടവും 55,000 രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി അഞ്ചു മീര ബിർളയാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ മൂന്നും വർഷവും ആറു മാസവും അധിക തടവ് അനുഭവിക്കണം. പിഴത്തുക അതിജീവിതയ്ക്ക് നൽകാനും കോടതി ഉത്തരവിട്ടു.
2022 നവംബർ ഒൻപതിനാണ് കേസിനാസ്പദമായ സംഭവം. എട്ടാം ക്ലാസിൽ പഠിക്കുകയായിരുന്ന കുട്ടിയുമായി പ്രതി അടുപ്പത്തിലായിരുന്നു. സംഭവ ദിവസം പ്രതി കുട്ടിയെ വീടിന് അടുത്തുള്ള പൊളിഞ്ഞ മുറിയിൽ ബലം പ്രയോഗിച്ച് കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു.
തുടർന്ന് കുട്ടി ഗർഭിണിയായി. ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയപ്പോഴാണ് ഡോക്റ്റർ പൊലീസിൽ വിവരം അറിയിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ ഹാജരായി. ഫോർട്ട് സി.ഐ ജെ. രാകേഷിന്‍റെ നേതൃത്വത്തിലെ സംഘമാണ് കേസ് അന്വേഷിച്ചത്.