മലപ്പുറം: താക്കോൽ നൽകാതിരുന്നതിനെ തുടർന്ന് മകൻ പിതാവിന്‍റെ കാറിന് തീയിട്ടു. മലപ്പുറം കൊണ്ടോട്ടി നീറ്റാണിമല്‍ ഡാനിഷ് മിന്‍ഹാജിനെയാണ് കാര്‍ കത്തിച്ചത്. പിതാവിന്‍റെ പരാതിയില്‍ 21കാരനെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം.
ചൊവ്വാഴ്ച വൈകീട്ട് സുഹൃത്തുക്കള്‍ക്കൊപ്പം പുറത്തുപോകാന്‍ യുവാവ് പിതാവിനോട് കാറിന്‍റെ താക്കോല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ താക്കോല്‍ കൊടുക്കാന്‍ പിതാവ് തയ്യാറായില്ല. ഇതിലുണ്ടായ പ്രകോപനമാണ് കാര്‍ കത്തിക്കാനിടയായത്. വീട്ടിലെ കാർ പോര്‍ച്ചില്‍ നിര്‍ത്തിയിട്ട കാറാണ് യുവാവ് പെട്രോളൊഴിച്ച് തീ കൊളുത്തിയത്. എല്ലാവരും വീട്ടിലുള്ള സമയത്തായിരുന്നു സംഭവം. വീടിന്റെ മറ്റ് ഭാഗങ്ങളിലേക്ക് തീ പടരാതിരുന്നതുകൊണ്ടാണ് വലിയ അപകടം ഒഴിവായത്. കാര്‍ പൂര്‍ണമായി കത്തിനശിച്ചു.