
കോട്ടയം: കുറവിലങ്ങാട് സ്വകാര്യ പേപ്പർ മില്ലിൽ നിന്നും മോട്ടോറുകൾ മോഷ്ടിച്ചു കൊണ്ടുപോയ കേസിൽ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കടപ്ലാമറ്റം വയലാ പുത്തനങ്ങാടി ഭാഗത്ത് കളപ്പുരയിൽ വീട്ടിൽ അലൻ കെ സജി (19), കുറവിലങ്ങാട് പള്ളിയമ്പ് ഭാഗത്ത് ചാലശ്ശേരിൽ വീട്ടിൽ അഖിൽ മധു(19), കുറവിലങ്ങാട് പകലോമറ്റം ഭാഗത്ത് ചാമക്കാല ഓരത്ത് വീട്ടിൽ അലൻ സന്തോഷ് (19) എന്നിവരെയാണ് കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവര്‍ മാന്നാനം മുണ്ടകപ്പാടം സ്വദേശിയുടെ കുറവിലങ്ങാട് അരുവിക്കൽ ക്ഷേത്രത്തിനു സമീപം സ്ഥിതി ചെയ്യുന്ന വെങ്കിടേശ്വര പേപ്പർ ഇൻഡസ്ട്രീസ് എന്ന സ്ഥാപനത്തിൽ നിന്നും പേപ്പർ നിർമാണത്തിന് ഉപയോഗിക്കുന്ന വിവിധ തരത്തിലുള്ള 7 മോട്ടോറുകൾ മോഷ്ടിച്ചു കൊണ്ടു പോവുകയായിരുന്നു.
കൊവിഡ് സമയം മുതൽ സ്ഥാപനം പ്രവർത്തിക്കുന്നില്ലായിരുന്നു. ഉടമ ഇടയ്ക്കിടെ കമ്പനിയിൽ വന്ന് മെഷീനുകൾ പ്രവർത്തിപ്പിച്ചിട്ട് പോവുകയായിരുന്നു പതിവ്. കഴിഞ്ഞ ദിവസം കമ്പനിയിൽ എത്തുകയും മോട്ടോറുകൾ മോഷണം പോയതായി കണ്ടതിനെത്തുടര്‍ന്ന് ഉടമ പൊലീസിൽ പരാതി നൽകുകയുമായിരുന്നു.
കുറവിലങ്ങാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശാസ്ത്രീയമായ പരിശോധനക്കൊടുവിൽ ഇവരാണ് സ്ഥാപനത്തിൽ നിന്നും മോട്ടോറുകൾ മോഷ്ടിച്ചത് എന്ന് കണ്ടെത്തുകയുമായിരുന്നു. കുറവിലങ്ങാട് സ്റ്റേഷൻ എസ്.എച്ച്.ഓ നിർമൽ ബോസ്, എസ്.ഐ വി. വിദ്യ, അർ. അജി, എ.എസ്.ഐ വിനോദ് കുമാർ, സി.പി.ഓ മാരായ പി.സി അരുൺകുമാർ, ജോജി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.