

പ്രതികൾ
ജയ്പുർ: സർക്കാർ ജോലി, കരാർ ജോലി, വകുപ്പുതല സ്ഥലംമാറ്റം എന്നിവ വാഗ്ദാനം ചെയ്ത് 150 ഓളം തൊഴിൽ രഹിതരെ കബളിപ്പിച്ച റാക്കറ്റിനെ പൊലീസ് പിടികൂടി. രാജസ്ഥാനിലെ ജലവാറിലാണ് വിഷയത്തിനാസ്പദമായ സംഭവം നടന്നത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച കോട്‌വാലി പൊലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനു പിന്നാലെയാണ് പ്രതികളെ പിടികൂടി അറസ്റ്റ് രേഖപ്പെടുത്തിയത്. രാജസ്ഥാനിലെ ജൽവാർ സ്വദേശികളായ അബ്ദുൾ റൗഫ് (55), സദാം (35) എന്നിവരാണ് പ്രതികൾ.
വിവിധ സർക്കാർ വകുപ്പുകൾ, ആശുപത്രികൾ, സ്കൂളുകളിൽ അടക്കം ജോലി വാഗ്ദാനം ചെയ്ത് 30,000 മുതൽ 50,000 രൂപ വരെ ഇവർ ആളുകളിൽ നിന്നും മുൻകൂറായി വാങ്ങിയെന്ന് കണ്ടെത്തിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ സബ് ഇൻസ്പെക്റ്റർ വിജയ് സിങ് പ്രാഥമിക അന്വേഷണം നടത്തുകയും സംശയമുള്ളവരെ നിരീക്ഷണത്തിലാക്കുകയും ചെയ്തു.
എഎസ്പി ഭഗ്ചന്ദിന്‍റെ നിർദേശത്തെത്തുടർന്ന് സർക്കിൾ ഓഫിസർ ഹർഷ്‌രാജ് സിങ് ഖരേദയുടെ മേൽനോട്ടത്തിൽ പ്രത‍്യേക സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചിട്ടുണ്ട്. പ്രതികളിൽ നിന്നും പിടിച്ചെടുത്ത ഡിജിറ്റൽ തെളിവുകളിൽ ഉദ‍്യോഗാർഥികളുടെ അക്കാദമിക് രേഖകൾ, തട്ടിപ്പ് ഇടപാടുകൾ എന്നിവ നടത്തിയതിന്‍റെ രേഖകളും കണ്ടെത്തിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ മൂന്നു ദിവസത്തേക്ക് ജുഡീഷ‍്യൽ കസ്റ്റഡിയിൽ വിട്ടതായി പൊലീസ് പറഞ്ഞു.