

9 വയസുകാരിയായ ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; പ്രായപൂർത്തിയാകാത്ത 5 പേർക്കെതിരേ കേസ്
representative image
ലഖ്നൗ: ഒൻപത് വയസുകാരിയായ ദളിത് പെൺകുട്ടിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി. ഉത്തർ പ്രദേശിലെ ഷാജഹാൻപുരിലെ ഒരു ഗ്രാമത്തിലാണ് ഈ ദാരുണമായ സംഭവം നടന്നത്. പ്രായപൂർത്തിയാകാത്ത 5 പേർക്കെതിരേ കേസെടുത്തതായി പൊലീസ് അറിയിച്ചു.
വെള്ളിയാഴ്ച വൈകുന്നേരം പെൺകുട്ടി സ്കൂൾ ഗ്രൗണ്ടിൽ മറ്റു കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെയാണ് സംഭവം നടന്നതെന്നും 10നും 14നും ഇടയിൽ പ്രായമുള്ള കുട്ടികൾ അവളെ സമീപത്തുള്ള പാടശേഖരത്തിലേക്ക് കൊണ്ടുപോയതായും തിൽഹാറിലെ സർക്കിൾ ഇൻസ്പെക്റ്റർ വിദ‍്യുഷ് സക്സേന വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.
പ്രതികൾ പാടശേഖരത്ത് വച്ച് തന്നെ പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്നും പാടശേഖരത്തിന്‍റെ ഉടമ ഇവരെ കണ്ടതോടെ സ്ഥലത്തു നിന്നും പ്രതികൾ രക്ഷപ്പെടുകയായിരുന്നുവെന്നും പെൺകുട്ടിയുടെ കുടുംബം ആരോപിച്ചതായി എഫ്ഐആറിനെ ഉദ്ധരിച്ച് സിഐ പറഞ്ഞു.
സംഭവത്തിന് ശേഷം പെൺകുട്ടി വീട്ടിലെത്തി അമ്മയെ വിവരം അറിയിക്കുകയും തുടർന്ന് പരാതി നൽകിയതിന്‍റെ അടിസ്ഥാനത്തിൽ കേസെടുക്കുകയുമായിരുന്നു. പോക്സോ, പട്ടികജാതി പട്ടികവർഗ അതിക്രമം തടയൽ എന്നീ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രതികളെ ചോദ‍്യം ചെയ്തുവരുകയാണെന്നും പെൺകുട്ടിയെ വൈദ‍്യ പരിശോധനയ്ക്ക് വിധേയയാക്കിയതായും പൊലീസ് പറഞ്ഞു.