ഓൺലൈനിലൂടെ 35 ലക്ഷം രൂപ തട്ടിയ കേസിൽ 5 യുപി സ്വദേശികൾ അറസ്റ്റിൽ

2023 ജനുവരി 31ന് പാലായിലെ പ്രമുഖ വ്യാപാര സ്ഥാപനത്തിൽ നിന്നും ഇവര്‍ ഓൺലൈൻ തട്ടിപ്പിലൂടെ 35 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു
ഓൺലൈനിലൂടെ 35 ലക്ഷം രൂപ തട്ടിയ കേസിൽ 5 യുപി സ്വദേശികൾ അറസ്റ്റിൽ
Updated on

കോട്ടയം: പാലായിലെ പ്രമുഖ വ്യാപാര സ്ഥാപനത്തിൽ നിന്നും ഓൺലൈനിലൂടെ 35 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഉത്തർപ്രദേശ് സ്വദേശികളായ 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. യുപി ഔറാദത്ത് സന്ത്കബിർ നഗർ സ്വദേശികളായ സങ്കം(19), ദീപക് (23), അമർനാഥ് (19), അമിത് (21), അതീഷ് (20) എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ പിടിയിലായത്. 

2023 ജനുവരി 31ന് പാലായിലെ പ്രമുഖ വ്യാപാര സ്ഥാപനത്തിൽ നിന്നും ഇവര്‍ ഓൺലൈൻ തട്ടിപ്പിലൂടെ 35 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. സ്ഥാപനത്തിലെ എംഡിയുടെ വാട്സ്ആപ്പ് മുഖചിത്രം ഉപയോഗിച്ച് വ്യാജ വാട്സ്ആപ്പ് മുഖാന്തരം മാനേജരുടെ ഫോണിലേക്ക് താൻ കോൺഫറൻസിൽ ആണെന്നും ബിസിനസ് ആവശ്യത്തിനായി താന്‍ പറയുന്ന അക്കൗണ്ടുകളിലേക്ക് ഉടൻ തന്നെ പണം അയക്കണമെന്നും, കോൺഫറൻസിൽ ആയതിനാൽ തന്നെ തിരികെ വിളിക്കരുത് എന്ന സന്ദേശവും എം.ഡി.ആണെന്ന വ്യാജേന ഇവർ അയക്കുകയായിരുന്നു. ഇതിൽ പ്രകാരം സ്ഥാപനത്തിൽ നിന്നും 35 ലക്ഷം രൂപ വിവിധ അക്കൗണ്ടുകളിലേക്ക് അയച്ചു നല്‍കുകയും ചെയ്തു. 

തുടർന്ന് തട്ടിപ്പ് മനസിലായ സ്ഥാപന ഉടമ പാലാ പൊലീസിൽ പരാതി നൽകുകയും, പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിൽ പ്രതികൾ അന്യസംസ്ഥാനത്ത് ഉള്ളവരാണെന്ന് കണ്ടെത്തുകയും ചെയ്തു. തുടർന്ന് ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിൻ്റെ നേതൃത്വത്തിൽ  പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയും, ഇവർ ഉത്തർപ്രദേശിലെത്തി  നടത്തിയ തെരച്ചിലിനൊടുവിൽ  ഇവരെ സാഹസികമായി പിടികൂടുകയുമായിരുന്നു. പാലാ ഡിവൈ.എസ്.പി എ.ജെ തോമസ്, പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ കെ.പി ടോംസൺ, രാമപുരം എസ്.ഐ പി.വി മനോജ്, എ.എസ്.ഐ മാരായ കെ. ബിജു, സ്വപ്ന, സി.പി.ഓമാരായ സന്തോഷ്, ജോഷി മാത്യു, ശ്രീജേഷ് കുമാർ, ജിനു ആർ നാഥ്, രാഹുൽ എന്നിവരാണ് ജില്ലാ പൊലീസ് മേധാവിയുടെ അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി. ഈ കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.

logo
Metro Vaartha
www.metrovaartha.com