
ചേർത്തലയിൽ 5 വയസുകാരനെ മർദിച്ച് പരുക്കേൽപ്പിച്ചു; അമ്മയ്ക്കും അമ്മൂമ്മയ്ക്കും എതിരെ പരാതി
file
ആലപ്പുഴ: ചേർത്തലയിൽ അഞ്ച് വയസുകാരനെ മർദിച്ച് പരുക്കേൽപ്പിച്ച സംഭവത്തിൽ അമ്മയ്ക്കും അമ്മൂമ്മയ്ക്കും എതിരേ പരാതി. ചേർത്തലയിലെ സ്കൂളിൽ യുകെജി വിദ്യാർഥിയായ അഞ്ച് വയസുകാരനെ മുഖത്തും കഴുത്തിനും മുറിവേറ്റ നിലയിൽ ചായക്കടയിലാണ് കണ്ടെത്തിയത്. പരുക്കേറ്റ കുട്ടി ചായക്കടയിൽ ഇരിക്കുന്നത് ഇതുവഴി വന്ന പിടിഎ പ്രസിഡന്‍റ് ദിനൂപിന്‍റെ ശ്രദ്ധയിൽ പെട്ടതോടെയാണ് വിവരം പുറത്തറിഞ്ഞത്.
മുറിവുകൾ എങ്ങനെ ഉണ്ടായെന്ന് അന്വേഷിച്ചപ്പോഴാണ് മർദനത്തിന്‍റെ വിവരം കുട്ടി ദിനൂപിനെ അറിയിക്കുന്നത്. തുടർന്ന് ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിലും ചേർത്തല പൊലീസിലും പരാതി നൽകുകയായിരുന്നു.
മുഖത്തും കഴുത്തിലുമുണ്ടായ മുറിവ് അമ്മ സ്കെയിലിന് അടിച്ചതാണെന്നും അമ്മൂമ്മയും ഉപദ്രവിക്കാറുണ്ടെന്നും കുട്ടി ദിനൂപിനോടും ചൈൽഡ് ലൈൻ പ്രവർത്തകരോടും പറഞ്ഞു. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് സൂപ്പർ വൈസർ അലൻ വർഗീസ് കുട്ടിയെ ഏറ്റെടുത്തു. വൈദ്യപരിശോധനയിൽ കുട്ടിയുടെ ദേഹത്ത് മർദനത്തിന്‍റെ പാടുകൾ കണ്ടെത്തി.
കുട്ടിയെ ചായക്കടയിൽ ഇരുത്തിയ ശേഷമാണ് അമ്മ ലോട്ടറി വിൽപ്പനയ്ക്ക് പോകുന്നത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് ലൈൻ പൊലീസിനു റിപ്പോർട്ട് നൽകി. ചൈൽഡ് ലൈൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ്. കുട്ടിയെ രാത്രിയിൽ തന്നെ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്‍റെ നേതൃത്വത്തിൽ ശിശുക്ഷേമ സമിതി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
മേയ് 24ന് അമ്മയുടെ ആൺ സുഹൃത്ത് കുട്ടിയെ ഉപദ്രവിച്ച കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. റിമാൻഡിൽ കഴിയവേ രോഗം മൂർച്ഛിച്ച് ഇയാൾ ആശുപത്രിയിൽ മരിച്ചു.