
ബംഗാളിൽ മനുഷ്യക്കടത്തിൽ നിന്നും 56 സ്ത്രീകളെ രക്ഷപ്പെടുത്തി
കോൽക്കത്ത: ബംഗാളിൽ ട്രെയിൻ മാർഗം മനുഷ്യക്കടത്തിന് ശ്രമിച്ച 2 പേർ അറസ്റ്റിൽ. ബംഗാളിലെ ജൽപായ്‌ഗുഡിയിൽ 56 സ്ത്രീകളെയാണ് ട്രെയിൻ മാർഗം കടത്താൻ ശ്രമിച്ചത്. ഇവരെ എല്ലാവരെയും രക്ഷപെടുത്തി.
പശ്ചിമ ബംഗാളിലെ ജൽപായ്‌ഗുഡി, കൂച്ച് ബിഹാർ, അലിപുർദുർ ജില്ലകളിൽ നിന്നുള്ള 18 നും 31 നും ഇടയിൽ പ്രായമുള്ള സത്രീകളെ ബംഗളൂരു ആസ്ഥാനമായുള്ള കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് ട്രെയിൻ മാർഗം ബിഹാറിലേക്ക് കടത്തുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഈ 56 സ്ത്രീകൾക്കും ട്രെയിൻ ടിക്കറ്റുകളുണ്ടായിരുന്നില്ല. കോച്ച് നമ്പറുകളും ബെർത്ത് നമ്പറുകളും മാത്രമാണ് ഇവരുടെ കൈകളിൽ മുദ്ര കുത്തിയിരുന്നത്. ട്രെയിനിലെ പതിവ് പരിശോധനകൾക്കെത്തിയ ആർപിഎഫ് ഉദ്യോഗസ്ഥന് തോന്നിയ സംശയമാണ് വഴിത്തിരിവായത്.
ഇത്രയധികം സ്ത്രീകളെ ഒന്നിച്ച് കണ്ടതോടെ സംശയം തോന്നിയ അദ്ദേഹം ഇവരെ ചോദ്യം ചെയ്തതോടെ, പരസ്പരവിരുദ്ധമായി സംസാരിച്ച ഒരു പുരുഷനെയും സ്ത്രീയെയും അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് പെൺകുട്ടികളെ അവരവരുടെ കുടുംബങ്ങൾക്ക് കൈമാറി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരുകയാണ്.