
വിശ്വനാഥൻ
തിരുവനന്തപുരം: പോക്സോ കേസിൽ അറുപത്തിനാലുകാരന് 19 വർഷം കഠിന തടവും 35,000 രൂപ പിഴയും ശിക്ഷ. കാട്ടാക്കട അതിവേഗ പോക്സോ കോടതിയാണ് പള്ളിച്ചൽ ചാമവിള സ്വദേശി വിശ‍്വനാഥനെ (64) ശിക്ഷിച്ചത്. പിഴയടയ്ക്കാത്ത പക്ഷം അധിക തടവ് അനുഭവിക്കണമെന്ന് വിധിന‍്യായത്തിൽ പറയുന്നു.
2020ലായിരുന്നു കേസിനാസ്പദമായ സംഭവം. മകളുടെ വീട്ടിൽ താമസിക്കാനെത്തിയ വിശ്വനാഥൻ ചായ കുടിക്കാൻ സമീപത്തുള്ള തട്ടുകടയിൽ പോയിരുന്നു. അവിടെ കണ്ട കുട്ടിയെ തട്ടുകടയ്ക്ക് സമീപത്തുള്ള പണിതീരാത്ത വീട്ടിലേക്ക് കൂട്ടികൊണ്ടു പോയി ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്.
സംഭവം പുറത്തു പറഞ്ഞാൽ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയ പ്രതി പെൺകുട്ടിയെ നിരവധി തവണ പീഡിപ്പിച്ചു.
ഒരു ദിവസം അമ്മ കുട്ടിയെ സംശയാസ്പദമായ സാഹചര‍്യത്തിൽ കണ്ടതിനെത്തുടർന്ന് വിശദമായി കാര‍്യം തിരക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. പിന്നാലെ കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു.