
ന‍്യൂ ഡൽഹി: ജോലി വാഗ്ദാനം ചെയ്ത് ഡൽഹിയിലെ തീസ് ഹസാരി കോടതിയിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ ഡൽഹി അഭിഭാഷകനെതിരെ കേസെടുത്തു. ജൂലൈ മുപ്പതിന് 21കാരിയായ യുവതിയുടെ ബന്ധു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സബ്ജി മാണ്ഡി പോലീസ് കേസെടുത്തത്.ജോലി അന്വേഷിച്ചാണ് പെൺകുട്ടി അഭിഭാഷകനെ ബന്ധപെട്ടത് തുടർന്ന് വിദ്യാഭ്യാസ യോഗ്യത കാണിക്കുന്ന രേഖകളുമായി മുറിയിൽ വരാൻ ഇയാൾ ആവശ‍്യപെട്ടു.
രേഖകൾ ഹാജരാക്കിയ യുവതിയോട് രണ്ടാഴ്ച്ചയ്ക്കകം ജോലി തരപെടുത്തി തരാമെന്ന് അഭിഭാഷകൻ പറഞ്ഞു. ജൂലൈ ഇരുപത്തിയേഴിന് പെൺകുട്ടിയെ ഇയാൾ കോടതി മുറിയിലേക്ക് വിളിപ്പിച്ചു. കുറച്ച് നേരം സംസാരിച്ചതിന് ശേഷം അഭിഭാഷകൻ തന്നെ ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് യുവതിയുടെ പരാതി.
ഉറക്കെ കരഞ്ഞ യുവതിയോട് പീഡനവിവരം പുറത്തു പറഞ്ഞാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് അഭിഭാഷകൻ ഭീഷണിപ്പെടുത്തി. പിന്നീട് യുവതിയുടെ കൈയിൽ 1500 രൂപ നൽകി പറഞ്ഞു വിട്ടതായും പരാതിയിലുണ്ട്. വീട്ടിലെത്തിയ യുവതി സംഭവം ബന്ധുവിനെ അറിയിക്കുകയും അവർ പോലീസിനെ സമീപിക്കുകയുമായിരുന്നു.അന്വേഷണം തുടരുകയാണ്.