

ഭാര്യയെ ഇരുമ്പ് ദണ്ഡ് കൊണ്ട് തലയ്ക്കടിച്ച ശേഷം ഭർത്താവ് വെടിവച്ച് ജീവനൊടുക്കി
representative image
ഇടുക്കി: പോസ്റ്റ് ഓഫീസിൽ കയറി ഭാര്യയെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ആക്രമിച്ച ശേഷം ഭർത്താവ് സ്വയം വെടിവച്ച് ആത്മഹത്യ ചെയ്തു. ഇടുക്കിയിലെ കുഴിതൊഴുവിൽ വെള്ളിയാഴ്ച രാവിലെ 9.30നാണ് സംഭവം.
താൽക്കാലിക പോസ്റ്റ്മാസ്റ്ററായി ജോലി ചെയ്യുകയായിരുന്ന ശ്രീജ ആണ് ആക്രമണത്തിന് ഇരയായത്. ഇവരുടെ ഭർത്താവായ സന്തോഷ് ആണ് മരിച്ചത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ശ്രീജയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമായി തുടരുകയാണെന്നാണ് വിവരം.
രാവിലെ പോസ്റ്റ് ഓഫീസ് തുറക്കാനായി ശ്രീജ എത്തിയപ്പോഴാണ് ആക്രമണം. ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് സന്തോഷ് പിന്നിൽ നിന്ന് ശ്രീജയുടെ തലയ്ക്ക് അടിക്കുകയായിരുന്നു. സംഭവം കണ്ട് സമീപത്തുണ്ടായിരുന്നവർ എത്തിയെങ്കിലും സന്തോഷ് തന്‍റെ പക്കലുണ്ടായിരുന്ന തോക്ക് ചൂണ്ടി അവരെ ഭീഷണിപ്പെടുത്തി അകറ്റിനിർത്തുകയും ഉടൻ തന്നെ സ്വയം നിറയൊഴിക്കുകയുമായിരുന്നു. സന്തോഷ് സംഭവസ്ഥലത്ത് തന്നെ മരിച്ചു.
അടുത്തിടെയായി കുടുംബ പ്രശ്നത്തെ തുടർന്ന് ദമ്പതികൾ നിരന്തരം വഴക്കിട്ടിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അതേസമയം ആക്രമണത്തിന്‍റെ യഥാർഥ കാരണം വ്യക്തമായിട്ടില്ല. ജില്ലാ പൊലീസ് മേധാവി സംഭവസ്ഥലം സന്ദർശിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.