
പത്തനംതിട്ട: മിനി ടാങ്കർ ലോറി ഗതാഗത തടസമുണ്ടാക്കി റോഡിന് കുറുകെയിട്ടത് ചോദ്യം ചെയ്ത അടൂർ നഗരസഭാ കൗൺസിലർ മഹേഷ് കുമാറിനെ രാത്രി വീടുകയറി മർദിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. അടൂർ പള്ളിക്കൽ, പഴകുളം ബിനു മൻസിലിൽ ഷാനു(25)നെയാണ് അടൂർ പോലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച പുലർച്ചെ ഒന്നിനാണ് മഹേഷിന് മർദനമേറ്റത്. കക്കൂസ് മാലിന്യം എടുക്കുന്ന വാഹനത്തിൻ്റെ ഉടമയാണ് അറസ്റ്റിലായ ഷാനു. ഹോളീക്രോസ് ജങ്ഷനിലെ വിദ്യാനഗർ റോഡിൽ മറ്റു വാഹനങ്ങൾക്ക് കടന്നു പോകാനാവാത്ത വിധം കക്കൂസ് മാലിന്യമെടുക്കുന്ന ടാങ്കർ ലോറി ഇട്ടിരിക്കുകയായിരുന്നു ഇയാളും സംഘവും. ഈ സമയം സ്കൂട്ടറിൽ വീട്ടിലേക്ക് പോകുകയായിരുന്നു മഹേഷ് ഇത് ചോദ്യം ചെയ്തു. തുടർന്ന് രണ്ടു പേരെത്തി മഹേഷിനെ മർദ്ദിക്കാൻ ശ്രമിച്ചു. സമീപത്തുണ്ടായിരുന്ന ചിലരും ഇവർക്കൊപ്പംകൂടി.
സംഘത്തിലെ ഒരാൾ ടാങ്കർ ലോറിയിൽ നിന്നു വടിവാളെടുത്തു തനിക്കു നേരെ വീശിയതായും മഹേഷിൻ്റെ പരാതിയിൽ പറയുന്നു. പിന്നീട് സംഭവസ്ഥലത്ത് നിന്നു പോയ മഹേഷിനെ പിന്തുടർന്നെത്തി പ്രതികൾ വീടുകയറി മർദിക്കുകയായിരുന്നു. അടൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെപെക്ടർമാരായ വിപിൻ കുമാർ, നന്ദകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മറ്റ് പ്രതികൾക്കായി അന്വേഷണം വ്യാപിപ്പിച്ചു. നൂറനാട്, ശാസ്താംകോട്ട പോലീസ് സ്റ്റേഷനുകളിലായി ഷാനുവിനെതിരെ വധശ്രമകേസുകൾ നിലവിലുണ്ടെന്ന് ചോദ്യം ചെയ്യലിൽ നിന്ന് വ്യക്തമായി. പ്രതിയെ കോടതിയിൽ ഹാജരാക്കി.