

യുവകർഷകൻ ബാങ്കിൽ വെടിയേറ്റ് മരിച്ചു
ന്യൂഡൽഹി: ആധാർ കാർഡ് പുതുക്കുന്നതിനായി ബാങ്കിൽ എത്തിയ യുവകർഷകൻ സുരക്ഷാ ജീവനക്കാരന്‍റെ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ് മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സുരക്ഷാ ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ ജാഫർപുർ കാലനിലെ യൂണിയൻ ബാങ്ക് ശാഖയിൽ വ്യാഴാഴ്ച രാവിലെ 10.30ഓടെയാണ് സംഭവം.
മനീഷ് കുമാർ (27) ആണ് മരിച്ചത്. ബാങ്കിലെ സുരക്ഷാ ജീവനക്കാരനായ വിനോദ് കുമാർ (53) തന്‍റെ ഡബിൾ ബാരൽ തോക്കിൽ തിര നിറയ്ക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടുകയായിരുന്നു. വെടിയുണ്ട പുറത്ത് തറച്ച് ചോരയിൽ കുളിച്ച് കിടന്ന യുവാവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഡ്യൂട്ടിക്ക് വൈകിയാണ് എത്തിയതെന്നും, ബാങ്ക് തുറന്ന് ജീവനക്കാരും ഉപഭോക്താക്കളും അകത്ത് പ്രവേശിച്ച ശേഷമാണ് തോക്കിൽ വെടിയുണ്ട നിറയ്ക്കാൻ ശ്രമിച്ചതെന്നും ഇതിനിടെയാണ് വെടിപൊട്ടിയതെന്നും സുരക്ഷാ ജീവനക്കാരൻ പൊലീസിന് മൊഴി നൽകി. അശ്രദ്ധയോ സാങ്കേതിക തകരാറോ ആയിരിക്കാം അപകടത്തിന് കാരണമെന്ന് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
ഹരിയാനയിലെ ഝജ്ജർ ജില്ലയിലെ സ്വദേശിയായ വിനോദ് കുമാർ 2018ൽ ഇന്ത്യൻ സൈന്യത്തിൽ നിന്ന് വിരമിച്ചയാളാണ്. കഴിഞ്ഞ രണ്ട് വർഷമായി സ്വകാര്യ ഏജൻസി മുഖേന ബാങ്കിൽ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു.