പഞ്ചാബിൽ ആം ആദ്മി പാർട്ടി നേതാവിനെ വെടിവച്ചു കൊന്നു

45കാരനായ ഗുർപ്രീത് സിങ്ങാണ് കൊല്ലപ്പെട്ടത്
aap leader shot dead in punjab

ഗുർപ്രീത് സിങ്

Updated on

ഫിറോസ്‌പുർ: പഞ്ചാബിലെ ഫിറോസ്പുരിൽ ആം ആദ്മി പാർട്ടി നേതാവിനെ കാറിലെത്തിയ നാലംഗ സംഘം വെടിവച്ചു കൊന്നു. 45കാരനായ ഗുർപ്രീത് സിങ്ങാണ് കൊല്ലപ്പെട്ടത്. ഇയാൾക്കൊപ്പം സഞ്ചരിച്ചിരുന്ന ഹർപ്രീത് സിങ്ങിന് ആക്രമണത്തിൽ പരുക്കേറ്റതിനാൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

അടുത്തിടെ നടന്ന മുനിസിപ്പൽ കൗൺ‌സിൽ‌ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ വ‍്യക്തിവൈരാഗ‍്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഇരുവരെയും അക്രമികൾ കാറിൽ പിന്തുടർന്ന ശേഷം വെടിയുതിർക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

ഉടനെ ഗുർപ്രീതിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്റ്റർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഹർപ്രീതിന്‍റെ പരുക്ക് ഗുരുതരമായതിനാൽ ലുധിയാനയിലെ ആശുപത്രിയിലേക്ക് മാറ്റുന്നതിനു മുൻപ് ഡോക്റ്റർമാർ പ്രാഥമിക ചികിത്സ നൽകി. പ്രതികളെ തിരിച്ചറിഞ്ഞതായും അറസ്റ്റ് ചെയ്യുന്നതിനായി 8 പേർ അടങ്ങുന്ന പൊലീസ് സംഘം രൂപീകരിച്ചതായും പൊലീസ് സുപ്രണ്ട് ഭൂപിന്ദർ സിങ് പറഞ്ഞു.

ഗുർപ്രീതിന്‍റെ കുടുംബത്തിന് കോൺഗ്രസ് ബന്ധമുണ്ടെങ്കിലും അദ്ദേഹത്തിന്‍റെ സഹൗദരി മാംദോത്ത് നഗർ പഞ്ചായത്തിലെ ആം ആദ്മി പാർട്ടി കൗൺസിലറാണ്. ആക്രമണത്തിനു പിന്നിൽ ദൽജീത് എന്നയാളാണെന്ന് ഗുർപ്രീതിന്‍റെ കുടുംബം സംശയിക്കുന്നുവെന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. എന്നാൽ ഹർപ്രീത് എന്നറിയപ്പെടുന്ന ഗോലു ആണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് കരുതുന്നത്. ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തിൽ ഗുർപ്രീത് ഹർപ്രീതിനെ മർദിച്ചതെന്നാണ് റിപ്പോർട്ടുകൾ.

logo
Metro Vaartha
www.metrovaartha.com