സൂര്യഗായത്രി വധക്കേസ്: പ്രതിക്ക് ജീവപര്യന്തം തടവും 6 ലക്ഷം രൂപ പിഴയും

പ്രണയനൈരാശ്യവും വിവാഹാലോചന നിരസിച്ചതുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കുറ്റപത്രം
സൂര്യഗായത്രി വധക്കേസ്: പ്രതിക്ക് ജീവപര്യന്തം തടവും 6 ലക്ഷം രൂപ പിഴയും

തിരുവനന്തപുരം: നെടുമങ്ങാട് കരിപ്പൂർ സ്വദേശി സൂര്യഗായത്രി (20) യെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി അരുണിന് ജീവപര്യന്തം തടവും 6 ലക്ഷം രൂപ പിഴയും വിധിച്ച് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി. 20 വർഷം അധികം തടവ് അനുഭവിക്കണമെന്ന് കോടതി പറഞ്ഞെങ്കിലും പിന്നീട് ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്ന് കോടതി വിധിക്കുകയായിരുന്നു.

വിവാഹാഭ്യർഥന നിരസിച്ചതിനെ തുടർന്ന് സുര്യഗായത്രിയെ പേയാട് സ്വദേശി അരുൺ വീട്ടിൽ കയറി കുത്തിക്കൊന്നെന്നായിരുന്നു കേസ്. പ്രോസിക്യൂഷൻ വധശിക്ഷ ആവശ്യപ്പെട്ടെങ്കിലും പ്രതിയുടെ പ്രായം കണക്കിലെടുത്ത് കോടതി ഇളവ് നൽകുകയായിരുന്നു. പിഴത്തുക സൂര്യഗായത്രിയുടെ മാതാപിതാക്കൾക്ക് നൽകാനും കോടതി ഉത്തരവിട്ടു.

പ്രണയനൈരാശ്യവും വിവാഹാലോചന നിരസിച്ചതുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കുറ്റപത്രം. കൊലപാതകം, കൊലപാതക ശ്രമം, ഭയപ്പെടുത്തൽ, ഭവനഭേദനം എന്നീ കുറ്റങ്ങൾ തെളിഞ്ഞു.

മാതാപിതാക്കളുടെ കൺമുന്നിൽ വച്ചാണ് ഇരുപതുകാരിയായ സൂര്യഗായത്രിയെ 33 തവണ ഇയാൾ കുത്തിയത്. കൊലയ്ക്കു പിന്നാലെ അരുണിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

2021 ഓഗസ്റ്റിലായിരുന്നു സംഭവം. സൂര്യ ഗായത്രിയെ വിവാഹം ചെയ്യണമെന്ന ഇയാളുടെ ആവശ്യം വീട്ടുകാർ നിരസിച്ചതോടെയാണ് കേസിന് തുടക്കം. വിവാഹം നിരസിച്ച വീട്ടുകാർ സുര്യഗായത്രിയെ കൊല്ലം സ്വദേശിയുമായി വിവാഹം കഴിച്ചയച്ചു. എന്നാൽ അധികം വൈകാതെ തന്നെ വിവാഹമോചനവും നടന്നു. ഇതിനു ശേഷമാണ് മാതാപിതാക്കളും സൂര്യയും താമസിക്കുന്ന നെടുമങ്ങാട് ഉഴപ്പാക്കോണം പുത്തൻ ബംഗ്ലാവിലെ വാടക വീട്ടിലെത്തി അരുൺ കൊല നടത്തിയത്.

തുറന്നു കിടന്ന അടുക്കളവാതിലൂടെ അകത്തു കടന്ന ഇയാൾ സൂര്യയുടെ തലമുതൽ കാലുവരെ 33 തവണകുത്തി, തല പല തവണ ചുമരിൽ ഇടിപ്പിച്ചു. പിതാവ് എതിർക്കാൻ ശ്രമിച്ചപ്പോൾ അദ്ദേഹത്തെയും ഉപദ്രവിച്ചു. പിതാവിന്‍റെ നിലവിളി കേട്ട് എത്തിയ നാട്ടുകാർ ഇയാളെ പിടികൂടുകയായിരുന്നു.

സൂര്യക്ക് അരുൺ നൽകിയ സ്വർണവും പണവും തിരിച്ചുവാങ്ങാനെത്തിയതായിരുന്നെന്നും, ഇതിന്‍റെ പേരിലുണ്ടായ വാക്കുതർക്കത്തിനൊടുവിൽ സൂര്യ സ്വയം കുത്തി മരിക്കുകയുമായിരുന്നെന്നാണ് പ്രതിഭാഗ‌ത്തിന്‍റെ വാദം. എന്നാൽ സൂര്യയുടെ ദേഹത്ത് 33 കുത്തുകളുണ്ടായിരുന്നെന്ന പോസ്റ്റുമാർട്ടം റിപ്പോർട്ടും മാതാപിതാക്കളുടെ മൊഴിയും തിരിച്ചടിയായി.

തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയിൽ നടന്ന വിചാരണയിൽ 88 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. 60 രേഖകളും 50 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com