

ടൈഗർ ഷ്രഫ്
മുംബൈ: ബോളിവുഡ് താരം ടൈഗർ ഷ്റഫിനെതിരേയുള്ള ആക്രമണവുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തി പ്രതികൾ. കേസുമായി ബന്ധപ്പെട്ട് മൂന്നു പേരാണ് തിങ്കളാഴ്ച രാവിലെ രാജസ്ഥാനിൽ നിന്ന് അറസ്റ്റിലായിരിക്കുന്നത്. ബിഹാർ സ്വദേശിയായ റോഷൻ എന്നറിയപ്പെടുന്ന ഹൃത്വിക് (22), ഹരിയാനയിൽ നിന്നുള്ള റെഹാൻ (18), ഫൂൽ സിങ് (18) എന്നിവരാണ് പിടിയിലായത്. ടൈഗറിനെ ആക്രമിക്കുന്നതിനായി 50,000 രൂപയാണ് ഇവർക്ക് മുൻകൂട്ടി നൽകിയിരുന്നത്. ആക്രമണം നടപ്പാക്കി കഴിഞ്ഞാൽ വിദേശത്ത് ജോലിയും കൂടുതൽ പണവും നൽകാമെന്നും ഉറപ്പു ലഭിച്ചിരുന്നുവെന്ന് പ്രതികൾ പറയുന്നു.
ബിഷ്ണോയി സഹോദരങ്ങളുടെ സഹായിയായ അനിൽ പണ്ഡിറ്റാണ് ആക്രമണത്തിന്‍റെ സൂത്രധാരൻ. ഞാൻ അനിൽ പണ്ഡിറ്റാണ് എന്ന ആമുഖത്തോടു കൂടി സമൂഹമാധ്യമങ്ങളിൽ പങ്കു വയ്ക്കപ്പെട്ട ശബ്ദ സന്ദേശത്തിലാണ് ടൈഗർ ഷ്റഫിന് സംഭവിച്ചതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി വ്യക്തമാക്കിയിരിക്കുന്നത്. പല തവണ ടൈഗറിനെ പറഞ്ഞു മനസിലാക്കിക്കാൻ ശ്രമിച്ചുവെന്നും പക്ഷേ അയാൾക്ക് മനസിലായില്ലെന്നും സന്ദേശത്തിലുണ്ട്.
ആക്രമണത്തിന് മുന്നോടിയായി പ്രതികൾ ഒരു മാസത്തോളം മുംബൈയിലെ ഹോട്ടലിൽ വന്ന് താമസിച്ചിരുന്നു. ഇവർക്ക് പതിനായിരം രൂപ വരെ അനിൽ പണ്ഡിറ്റ് നൽകിയിരുന്നു. ഇക്കാലഘട്ടത്തിൽ ടൈഗർ ഷ്റഫിന്‍റെ യാത്രാവിവരങ്ങളും ദിനചര്യകളും ഇവർ ശേഖരിച്ചിരുന്നു. ആക്രമണസമയത്ത് നീണ്ട മുടിയുണ്ടായിരുന്ന പ്രതികൾ രക്ഷപെട്ട് ട്രെയിനിൽ കയറിയപ്പോൾ തന്നെ മുടി വെട്ടി രൂപമാറ്റം നടത്തിയിരുന്നു. എത്രയും പെട്ടെന്ന് നേപ്പാളിലേക്ക് കടക്കാനായിരുന്നു ഇവരുടെ ശ്രമം.