

ഭാര്യാ സഹോദരനെ കുത്തിക്കൊന്ന കേസ്; പ്രതി റിമാൻഡിൽ
കോതമംഗലം: ഭാര്യാ സഹോദരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയെ റിമാൻഡ് ചെയ്തു. ചാത്തമറ്റം ഇരട്ടക്കാലി തൊഴുത്തിങ്കൽ വീട്ടിൽ സുകുമാരൻ (67) നെയാണ് റിമാൻഡ് ചെയ്തത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ഇരട്ടക്കാലി സ്വദേശി രാജൻ അയ്യപ്പനാണ്(57) മരിച്ചത്.
ഭാര്യാ സഹോദരനുമായി വാക്കുതർക്കം ഉണ്ടായതിനെ തുടർന്ന് രാത്രിയിൽ മദ്യപിച്ച് വന്ന സുകുമാരൻ മരണമടഞ്ഞയാളുടെ വീട്ടിൽ വന്ന് ഇയാളെ വിളിക്കുകയായിരുന്നു. വീടിൻ്റെ ജനലിന് സമീപം വന്ന് നിന്ന രാജൻ അയ്യപ്പനെ കറിക്കത്തി കൊണ്ട് സുകുമാരൻ കുത്തി പരിക്കേൽപ്പിച്ചു. മുറിവേറ്റ രാജൻ അയ്യപ്പൻ വീടിന്‍റെ കിടപ്പുമുറിയിൽ രക്തം വാർന്ന് മരണപ്പെട്ടു. ഞായറാഴ്ച രാവിലെ സുഹൃത്തുക്കൾ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി രാജൻ അയ്യപ്പന്‍റെ വീട്ടിൽ വന്ന സമയത്ത് ഇയാൾ കിടപ്പുമുറിയിൽ മരിച്ചു കിടക്കുന്നതായി കാണപ്പെടുകയായിരുന്നു.
തുടർന്ന് പോത്താനിക്കാട് പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസെത്തി സുകുമാരനെ കസ്റ്റഡിയിലെടുത്തു. മൂവാറ്റുപുഴ ഡി.വൈ.എസ്. പി പി.എം.ബൈജുവിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ കല്ലൂർക്കാട് ഇൻസ്പെക്ടർ പി.എ. ഫൈസൽ, പോത്താനിക്കാട് എസ്‌ഐ മാരായ ജോഷി മാത്യു, പി.പി. പൗലോസ്, എഎസ്ഐ ഷിബി കുര്യൻ എന്നിവരാണ് ഉണ്ടായിരുന്നത്.