
പത്തനംതിട്ട: കടയിൽ സാധനം വാങ്ങാൻ പോയ ഒമ്പതു വയസുകാരിയെ വഴിയിൽ തടഞ്ഞുനിർത്തി ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നീർക്കര പ്രക്കാനം തോട്ടത്തിൽപ്പടി തോട്ടത്തിൽ കിഴക്കേതിൽ സുനിൽ കുമാർ (54) ആണ് ഇലവുംതിട്ട പൊലീസിന്‍റെ പിടിയിലായത്. പോക്സോ നിയമപ്രകാരമാണ് ഇയാൾക്കെതിരേ കേസെടുത്തിരിക്കുന്നത്.
ഈ മാസം ഏഴിനാണ് കേസിനാസ്പദമായ സംഭവം. കുട്ടിയെ വഴിയിൽ തടഞ്ഞുനിർത്തി പണവും മിഠായിയും നൽകാമെന്നു പറഞ്ഞ് ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. കുട്ടി വിവരം വീട്ടിൽ അറിയിച്ചതുപ്രകാരം ഇലവുംതിട്ട പൊലീസിൽ പരാതി നൽകി. ഇതറിഞ്ഞ പ്രതി ഒളിവിൽ പോവുകയായിരുന്നു.
തുടർന്ന് ഇൻസ്‌പെക്റ്റർ ദീപുവിന്‍റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. എസ്ഐമാരായ ശശികുമാർ, അനിൽ, എഎസ്ഐ വിനോദ് കുമാർ, എസ്‌സിപിഓ സുരേഷ് കുമാർ, സന്തോഷ്, ധനൂപ്, സിപിഒമാരായ അനിത, ശരത്, സച്ചിൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ട്.